പ്രതീക്ഷിച്ചതു പോലെ ചാണ്ടി ഉമ്മൻ തന്നെ ജയിച്ചു. 37719 വോട്ടിന്റെ ഭൂരിപക്ഷം. ജെയ്ക്കിന് ഹാട്രിക്ക് തോൽവി. 53 വർഷത്തിനു ശേഷം, ഉമ്മൻ ചാണ്ടിയ്ക്കു ശേഷം നടന്ന ഉപതെരഞ്ഞെടുപ്പിൽ ചൂടും ചൂരും ഏറെയായിരുന്നു. ആരോപണങ്ങളും പ്രത്യാരോപണങ്ങളും വാദപ്രതിവാദങ്ങളും പുതുപ്പളളിയിൽ നിറഞ്ഞു നിന്നു. നീചമായ സൈബർ ആക്രമണം എൽ.ഡി.എഫ് നടത്തി. പുതുപ്പള്ളിയെ ജീവനു തുല്യം സ്നേഹിച്ച, പുതുപ്പളളിക്കാരെ ആത്മാർത്ഥമായി സ്നേഹിച്ച ഉമ്മൻ ചാണ്ടി അദൃശ്യനായി തെരഞ്ഞെടുപ്പിൽ നിറഞ്ഞു നിന്നു. ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിനെതിരെ എത്ര വിമർശനങ്ങളാണ് തൊടുത്തു വിട്ടത്. ജീവിച്ചിരുന്നപ്പോഴും മരിച്ചു കഴിഞ്ഞപ്പോഴും ഉമ്മൻ ചാണ്ടിയെ ക്രൂരമായി വേട്ടയായിയത് വോട്ടറന്മാർ ക്ഷമിച്ചില്ല. ഉമ്മൻ ചാണ്ടിയുടെ മരണച്ചടങ്ങിലും തുടർന്നും അദ്ദേഹത്തെ വാഴ്ത്തിയവർ പ്രാർത്ഥിച്ചും മെഴുകുതിരി കത്തിച്ചും ആദരവു കാണിച്ചു. ജനങ്ങൾ പ്രബുദ്ധരാണ് ജനാധിപത്യത്തിൽ കള്ളക്കളികൾ ഇനി നടക്കില്ല. ഈ തെരത്തെടുപ്പിൽ മുഖ്യമായി പ്രകടമായത് രണ്ടു സംഗതികളാണ്. ഒന്നു ഉമ്മൻ ചാണ്ടിയോടുള്ള സ്നേഹം, രണ്ട് പിണറായി സർക്കാരിനോടുള്ള ജനങ്ങളുടെ എതിർപ്പ്. ചെറുപ്പക്കാരുടെ പോരാട്ടം മാധ്യമങ്ങൾ നന്നായി ആഘോഷിച്ചു. ചാണ്ടി ഉമ്മൻ കന്നിയങ്കത്തിൽ തന്നെ അത്ഭുതം സൃഷ്ടിച്ചു. ഭരണ വിരുദ്ധ വികാരമാണ് പുതുപ്പളളിയിൽ തിളച്ചു മറിഞ്ഞത്. പിണറായി സർക്കാരിനോടുള്ള അവിശ്വാസം കൂടി ഈ തെരത്തെടുപ്പു പ്രകടമാക്കി. എതിരാളികളെ നിഷ്പ്രഭമാക്കിക്കൊണ്ടാണ് ചാണ്ടി ഉമ്മന് മലവെള്ളച്ചാട്ടം പോലെ ഭൂരിപക്ഷം അനുനിമിഷം കൂടിക്കുടി വന്നത്. ഭരണ കക്ഷിക്കു വിരുദ്ധമായ വിലയിരുത്തലാണ് ഈ തെരഞ്ഞെടുപ്പ്. നാണമുണ്ടെങ്കിൽ പിണറായി രാജി വയ്ക്കേണ്ടതാണ്. ചാണ്ടി വികാരത്തിന്റെ തിരയിളക്കം പുതുപ്പളിയിൽ മാന്ത്രിക മുന്നേറ്റമായിരുന്നു. ഉമ്മൻ ചാണ്ടി സ്മൃതിയിലായിട്ടും മാണി കോൺഗ്രസ്സ് UDF വിട്ടുപോയിട്ടും ചാണ്ടി ഉമ്മന് ചരിത്ര വിജയമാണ് ലഭിച്ചത്. പുതുപ്പളളിയിലേയും കേരളത്തിലേയും ജനങ്ങൾ ചാണ്ടി ഉമ്മന്റെ വിജയത്തിൽ പൂത്തിരി കത്തിച്ച് തുള്ളിച്ചാടുകയാണ്. അതിവേഗം ബഹുദൂരം എന്നപോലെ ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം ഉയർന്നു. മാർക്സിസ്റ്റ് പാർട്ടി ഓടിത്തളർന്നു വീണു. ബി.ജെ.പി ചിത്രത്തിൽ നിന്ന് ഒലിച്ചു പോയി. കാലം നൽകിയ തിരിച്ചടി ഒരു പാഠമാണ്. OC യ്ക്കു പകരം ഇനി CO. ഉമ്മൻ ചാണ്ടിക്കു ലഭിച്ച ഭൂരിപക്ഷത്തേക്കൾ കൂടുതലാണ് ചാണ്ടി ഉമ്മന് ലഭിച്ചത്. LDF നു കിട്ടിയ വോട്ടിന്റെ ഇരട്ടിയധികം ഭൂരിപക്ഷമാണ് UDF നേടിയത്. ഇനി ചാണ്ടി ഉമ്മന്റെ കൈയിൽ പുതുപ്പള്ളി ഭദ്രം.
പ്രൊഫ.ജി.ബാലചന്ദ്രൻ