, ഇന്ത്യയെ കണ്ടെത്തിയ നെഹ്റുവാണ് ഇന്‍ഡ്യയിലെ ഏറ്റവും വലിയ ജലമേളയ്ക്ക് തുടക്കം കുറിച്ചത് എന്നത് ചരിത്രത്തിലെ അത്ഭുതങ്ങളിലൊന്നാണ്. . നെഹ്റു ട്രോഫി വള്ളംകളി ആലപ്പുഴക്കാരുടെ ഉത്സവമാണ്. നെഹ്റുജിയെ കുട്ടനാട്ടില്‍ നിന്ന് ചുണ്ടന്‍വള്ളങ്ങളുടെ അകമ്പടിയോടെ ആലപ്പുഴയിലേക്ക് ആനയിച്ചുകൊണ്ടുവന്നതോടെയാണ് നെഹ്റു ട്രോഫി ജലോത്സവത്തിന്‍റെ തുടക്കം. നൂറില്‍പ്പരം തുഴച്ചില്‍കാര്‍ ആവേശത്തോടെ ഏകതാളത്തില്‍ തുഴയെറിഞ്ഞ് നീളമുള്ള ചുണ്ടന്‍ വള്ളങ്ങളില്‍ വരുന്നത് കണ്ടപ്പോള്‍ ആഹ്ലാദഭരിതനായ ജവഹര്‍ലാല്‍ നെഹ്റു മുന്നിലൂടെ കടന്നുവന്ന നടുഭാഗം ചുണ്ടനില്‍ ചാടിക്കയറി. സെക്യൂരിറ്റിക്കാരെയെല്ലാംപരിഭ്രാന്തിയിലാക്കിക്കൊണ്ടാണ് നെഹ്റുജിയുടെ യാത്ര. നടുഭാഗം വള്ളക്കാര്‍ക്കാണെങ്കില്‍ അഭിമാന നിമിഷങ്ങള്‍, അവര്‍ തുഴ കുത്തിയെറിഞ്ഞു. വെള്ളത്തുള്ളികള്‍ പളുങ്കുമണികളെപ്പോലെ ചിതറിത്തെറിക്കവെ നിമിഷങ്ങള്‍കൊണ്ട് വള്ളം ആലപ്പുഴ ബോട്ടുജെട്ടിയിലെത്തി. ചുണ്ടന്‍റെ മാതൃകയിലുള്ള വെള്ളിയില്‍ തീര്‍ത്ത ഒരു ട്രോഫി അദ്ദേഹം ആലപ്പുഴ കളക്ടറുടെ പേര്‍ക്കയച്ചുകൊടുത്തു. പ്രൈംമിനിസ്റ്റേഴ്സ് ട്രോഫി എന്ന പേരിലായിരുന്നു ആദ്യം അതറിയപ്പെട്ടത്. നെഹ്റുജിയുടെ നിര്യാണത്തെത്തുടര്‍ന്ന് അതിന് നെഹ്റു ട്രോഫി എന്നു പുനര്‍ നാമകരണം ചെയ്തു. തുടര്‍ന്ന് നെഹ്റു ട്രോഫിക്ക് വേണ്ടിയുള്ള ജലരാജാക്കന്മാരുടെ മത്സരം എല്ലാ വര്‍ഷവും ആഗസ്റ്റ് മാസത്തിലെ രണ്ടാം ശനിയാഴ്ച ആലപ്പുഴ പുന്നമടക്കായലില്‍ അരങ്ങേറുന്നു. ഈ നെഹ്റു ട്രോഫി വള്ളംകളി ഇന്ന് ലോകവിസ്മയങ്ങളിലൊന്നാണ്. ആയിരത്തഞ്ഞൂറോളം തുഴച്ചില്‍കാര്‍. ഇത്രയധികം തുഴച്ചില്‍കാര്‍ പങ്കെടുക്കുന്ന ജലമേള ലോകത്തൊരിടത്തും ഇല്ല.
ആലപ്പുഴക്കാരുടെയും കുട്ടനാട്ടുകാരുടെയും ആഹ്ലാദാവേശങ്ങളുടെയും ഐക്യത്തിന്‍റെയും ഹൃദയ മുദ്രയാണ് നെഹ്റു ട്രോഫി ജലമേള. മത്സരദിനം അടുക്കുന്നതിനു മുന്‍പേ കുട്ടനാടന്‍ ജീവിതത്തിന്‍റെ താളത്തുടിപ്പ് പുന്നമടക്കായലില്‍ പെരുമ്പറ കൊട്ടും. കരിനാഗങ്ങളെപ്പോലെ ചീറിപ്പാഞ്ഞുവരുന്ന ജലരാജാക്കന്മാരെ കാണുന്നത് തന്നെ ആവേശമാണ്. കമന്‍ററി എന്‍റെ മുന്നില്‍ പുതിയൊരു ലോകം തുറന്നു. എന്‍റേതായ മുദ്ര പതിപ്പിക്കാന്‍ കഴിഞ്ഞു. ഒരു വര്‍ഷം ഭാര്യ ഇന്ദിരയും എൻ്റെ മകൾ റാണിയും കമന്‍ററിക്ക് ഉണ്ടായിരുന്നു. ഒരു കുടുംബത്തില്‍ നിന്ന് മൂന്നുപേര്‍, അന്ന് അതൊരു വാര്‍ത്തയായിരുന്നു . രാഷ്ട്ര ശിൽപ്പിയ്ക്കുള്ള ആദരവായ് ഈ ജലോത്സവ കുറിപ്പ് സമർപ്പിക്കുന്നു… ശിശുദിനാശംസകൾ… പ്രൊഫ ജി ബാലചന്ദ്രൻ