“ഹാ! ഹാ! രാഘവ! രാമ! സൗമിത്രേ! കാരുണ്യാബ്ധേ!:
രാമായണത്തിലെ ആരണ്യകാണ്ഡത്തിലെ ” ജടായു ഗതി ” തുടങ്ങുന്നത് സീതയുടെ ഈ ദീനരോദനത്തോടെയാണ്… അതു കേട്ട് ഓടിയെത്തുകയാണ് അരുണൻ്റെ മകനും സമ്പാതിയുടെ സഹോദരനുമായ ജടായു എന്ന പക്ഷി ശ്രേഷ്ഠൻ . തൻ്റെ സ്വാമിയായ ശ്രീരാമദേവൻ്റെ പത്നിയെ, ലങ്കാധിപതി അപഹരിച്ചു കൊണ്ടു പോകുന്നതിൻ്റെ ഏക ദൃക്സാക്ഷിയായിരുന്നു ജടായു. പരിമിതികൾ മറന്നു കൊണ്ടും എതിരാളിയായ രാവണൻ്റെ ശക്തി അറിഞ്ഞു കൊണ്ടും ജടായു സീതാപഹരണത്തെ ചെറുത്തു കൊണ്ട് രാക്ഷസരാജാവിനോട് ചോദിച്ച ഒരു ചോദ്യമുണ്ട്. ” ശ്വാനൻ ഹോമ ദ്രവ്യം കട്ടുകൊണ്ട് പോകുന്നതു പോലെ എൻ്റെ ഭഗവാൻ്റെ പത്നിയെ താൻ എങ്ങോട്ട് കൊണ്ടു പോകുന്നു. … ജടായുവിൻ്റെ ആർജ്ജവം! നിഷ്കാമമായ സ്വാമി ഭക്തി, ! സ്ത്രീയോടുള്ള ആദരവ് ..! അത് നമിക്കേണ്ടത് തന്നെയാണ്.
തുടർന്ന് കേവലം ഒരു പക്ഷിയായ ജടായു ,ചന്ദ്രഹാസമേന്തിയ രാവണനുമായി ഉഗ്രപോരാട്ടം നടത്തി. സംവത്സരങ്ങളുടെ പ്രാർത്ഥനയാൽ രാവണൻ നേടിയ അസ്ത്രശസ്ത്ര വിദ്യകളെ ജടായു തൻ്റെ കൊക്ക് കൊണ്ട് നേരിട്ടു. രാവണൻ ജടായുവിൻ്റെ ചിറകുകൾ അരിഞ്ഞു വീഴ്ത്തി. .സീതാന്വേഷണത്തിന് എത്തിയ രാമലക്ഷ്മണന്മാർ കാണുന്നത് ചിറകറ്റ് രക്താഭിഷിക്തനായ ജടായുവിനെയാണ്.
ദശരഥ പുത്രൻമാർ, ജടായു സീതയെ ഭക്ഷണമാക്കിയോ എന്ന്ഒരുവേള ശങ്കിച്ചു. ജടായു രാമലക്ഷ്മണൻമാരെ നമിച്ചു കൊണ്ട് സംഭവകഥ വിവരിച്ചു. പുഷ്പകവിമാനത്തിൽ സീതയെ രാവണൻ തട്ടിക്കൊണ്ടുപോയ കാര്യങ്ങൾ ജടായു പറഞ്ഞു. “അങ്ങ് രാവണനെ കൊന്ന് സീതയെ വീണ്ടെടുക്കണം” എന്നു പറഞ്ഞാണ് ജടായു അന്ത്യനിദ്രയാകുന്നത് .
ജടായു ചിറകറ്റു വീണ പാറപ്പുറത്താണ് ഇപ്പോൾ പ്രതാപ ഐശ്വര്യങ്ങളോടെ ജടായുപ്പാറ പു:നസൃഷ്ടിച്ചിരിക്കുന്നത്,. ഒരു മിത്തിൻ്റെ പുനരാവിഷ്കാരം ! . കൊല്ലം ജില്ലയിലെ ചടയമംഗലത്തെ (ജടായുമംഗലം ) വമ്പൻ പാറമുകളിൽ , ലോകത്തിലെ ഏറ്റവും വലിയ പക്ഷി ശിൽപ്പം . 15000 ചതുരശ്ര അടിയിൽ ,150 അടി വീതിയിൽ 70 അടി ഉയരത്തിൽ 200 അടി നീളത്തിലുള്ള ജടായുവിൻ്റെ ശില്പം . രാജീവ് അഞ്ചലാണ് ഈ മനോഹര ശില്പം നിർമ്മിച്ചത്.
ജടായുപ്പാറയുടെ മൊത്തം ബജറ്റ് 100 കോടി രൂപയാണ്. ആധുനിക സംവിധാനവും സജ്ജീകരണവുമുള്ള ജടായുപ്പാറ കാണാൻ നൂറുകണക്കിന് വിനോദ സഞ്ചാരികൾ ഇവിടെ എത്തുന്നു. ഒരു ഐതിഹ്യ കഥയ്ക്ക് ഒരു ശില്പി നൽകിയ മൂർത്തിമത്ഭാവമാണ് ജടായുപ്പാറ . ജടായുപ്പാറ കാണാൻ ഞാനും ഇന്ദിരയും റാണിയും പോയിരുന്നു. . കണ്ടറിഞ്ഞ അത്ഭുതം വിവരണാതീതമാണ്..
പ്രൊഫ ജി ബാലചന്ദ്രൻ