ചുവപ്പു നാടയുടെ കെട്ടഴിച്ച് ജനസമ്പർക്ക പരിപാടിയിലൂടെ പാവങ്ങൾക്ക് സഹായം ചെയ്ത . കാരുണ്യ മൂർത്തിയായ ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരം ഒരു നോക്കു കാണാൻ ലക്ഷക്കണക്കിനാളുകളാണ് തിരുവനന്തപുരത്തേയ്ക്കു ഒഴുകിയെത്തിയത്. ജാതി മത രാഷ്ട്രീയ ഭേദമില്ലാതെ എളിയവരും വലിയവരും നിറഞ്ഞു കവിഞ്ഞ് ജനകീയനായ ജന നേതാവിന് അന്ത്യ പ്രണാമം അർപ്പിക്കാൻ കോട്ടയം വരെ വരിയോരങ്ങളിൽ കാത്തുനിന്നിരുന്നു. ഇത്രയും വലിയ ജനബാഹുല്യം മറ്റൊരു നേതവിന്റേയും വിടവാങ്ങൽച്ചടങ്ങിൽ പങ്കെടുത്തിട്ടില്ല. രാവിലെ അനേകം കാറുകളുടെ അകമ്പടിയോടെ മൃത ശരീരവും വഹിച്ചുകൊണ്ട് വിലാപയാത്ര കോട്ടയം പുതുപ്പളിയിലേക്കു തിരിച്ചു. പ്രകൃതി പോലും മഴ ക്കണ്ണീർ പൊഴിച്ചു. അരനൂറ്റാണ്ടു കാലം പുതുപ്പള്ളിയെ
പ്രതിനിധീകരിച്ച ആ ജനനേതാവിന് 20-ാം തീയതി പുതുപ്പള്ളിയിൽ അന്ത്യ വിശ്രമം നല്കും. ഇനി അദ്ദേഹം ഓർമ്മയിൽ ജീവിക്കും.
കഴിഞ്ഞ ആറു പതിറ്റാണ്ടിനകം ഉമ്മൻചാണ്ടിയെപ്പോലെ ഒരു ജനകീയ നേതാവിനെ കേരളം കണ്ടിട്ടില്ല . ആൻ്റണി കെ.എസ്. യു പ്രസിഡണ്ടായിരുന്നപ്പോൾ ഞാനും ഉമ്മൻചാണ്ടിയും സഹഭാരവാഹികളായിരുന്നു. മുക്കാൽ പതിറ്റാണ്ടു കാലത്തെ രാഷ്ട്രീയ ജീവിതത്തിനിടയിൽ അനന്യസാധാരണമായ വ്യക്തിത്വമാണ് അദ്ദേഹം വളർത്തിയെടുത്തത്. ആർക്കും ഏതു നേരത്തും എന്തിനും ഉമ്മൻ ചാണ്ടിയെ സമീപിക്കാം. നല്ല മനസ്സോടെ എല്ലാം കേൾക്കും. വരുന്നവരുടെ കാര്യത്തിനു വേണ്ടി ആരോടും ശുപാർശ ചെയ്യും. പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞ് സ്വന്തം പിതാവിൻ്റെ സ്കൂളിൽ നിന്നു തന്നെയാണ് സമരമുഖത്തേയ്ക്ക് എടുത്തു ചാടിയത്. സത്യം പറഞ്ഞാൽ ഒരണ സമരത്തിൽ പങ്കെടുത്ത നേതാക്കളിൽ പ്രമുഖരായിരുന്നു വയലാർ രവിയും ഉമ്മൻ ചാണ്ടിയും ! ഉമ്മൻ ചാണ്ടി കെ.എസ്. യു. പ്രസിഡണ്ടായിരുന്ന കാലത്ത് ആവിഷ്കരിച്ച ” ഓണത്തിന് ഒരു പറ നെല്ല് ” എന്ന കർമ്മ പദ്ധതി ഇന്ത്യയാകെ പ്രസിദ്ധമായിരുന്നു. ഞാൻ എസ്.ഡി. കോളേജിലും യൂണിവേഴ്സിറ്റി കോളേജിലും ചെയർമാൻ സ്ഥാനത്തേയ്ക്ക് മത്സരിച്ചപ്പോൾ തെരഞ്ഞെടുപ്പിന് ആവശ്യമായ സഹായങ്ങൾ എല്ലാം ഒ.സി. ചെയ്തു തന്നിരുന്നു. കോൺഗ്രസ് പിളർന്നപ്പോൾ ഞങ്ങൾ രണ്ടു ചേരിയിലായിരുന്നുവെങ്കിലും സ്നേഹബന്ധങ്ങൾക്ക് ഒരു അകൽച്ചയുമുണ്ടായില്ല. ഞാൻ കയർത്തൊഴിലാളി ക്ഷേമനിധി ബോർഡിൻ്റെയും , CAPEX ൻ്റെയും ചെയർമാനായിരുന്നപ്പോൾ തൊഴിലാളികൾക്ക് പെൻഷൻ അനുവദിക്കുന്നതിന് ഉമ്മൻ ചാണ്ടി ഇടപെട്ടിരുന്നു. കയർ ബോർഡിൻ്റെ കലവൂരിലെ ലോക കയർ മ്യൂസിയം ഉദ്ഘാടനം ചെയ്യാൻ ഉമ്മൻ ചാണ്ടിയെയാണ് നിശ്ചയിച്ചിരുന്നത്. മുൻ രാഷ്ട്രപതി കലാം സാറും പങ്കെടുക്കാമെന്നറിയിച്ചു. തലേ ദിവസം രാത്രി ഉമ്മൻ ചാണ്ടി വിളിച്ചു! ” ബാലചന്ദ്രാ… , ഞാൻ തിരുവനന്തപുരത്താണ്, സച്ചിൻ തെൻറുൽക്കറുമായ് സെക്രട്ടറിയേറ്റിൽ വെച്ച് ഒരു മീറ്റിംഗ് ഉണ്ട്. എനിക്ക് വിഷമവും അരിശവും വന്നു. താങ്കൾ വന്നേ പറ്റൂ എന്നു ഞാൻ കുറച്ച് സ്വരമുയർത്തിപ്പറഞ്ഞു. കുറച്ച് കഴിഞ്ഞ് വിളിക്കാം എന്ന് പറഞ്ഞ് അദ്ദേഹം ഫോൺ വച്ചു. രാത്രി 12 മണിക്ക് ഉമ്മൻചാണ്ടിയുടെ കാൾ വന്നു. ബാലചന്ദ്രൻ്റെ വിഷമം എനിക്കറിയാം. ഒരു കാര്യം ചെയ്യണം. ഉദ്ഘാടനം രാവിലെ 8 മണിയിലേക്ക് മാറ്റിയാൽ നന്നായിരുന്നു. എനിക്ക് 11 മണിക്ക് തിരിച്ച് തിരുവനന്തപുരത്ത് എത്തണം. ഞങ്ങൾ സമ്മതിച്ചു. രാവിലെ എട്ട് മണിക്ക് മുഖ്യമന്ത്രിയെത്തി. 15 മിനുറ്റ് നീണ്ട ഉദ്ഘാടനം കഴിഞ്ഞ് അദ്ദേഹം തിരുവനന്തപുരത്തേക്ക് കുതിച്ചു. “അതി വേഗം ബഹുദൂരം” !! ലോകം അംഗീകരിച്ച ബഹുജന സമ്പർക്ക പരിപാടിയൊക്കെ ഉണ്ടെങ്കിലും ഉമ്മൻ ചാണ്ടിയുടെ ഏറ്റവും വലിയ നേട്ടമായ് ഞാൻ കാണുന്നത് കോക്ലിയർ ഇംപ്ലാൻ്റേഷൻ ചികിത്സയിലൂടെ 645 കുട്ടികൾക്ക് സംസാരശേഷിയും കേൾവി ശക്തിയും നേടിക്കൊടുത്തു എന്നതാണ്. അത് ഒരു വികാരപരമായ നേട്ടമാണ്. തിരുനാമകീർത്തനം പാടുവാനല്ലെങ്കിൽ നാവെനിക്കെന്തിന് നാഥാ ” എന്ന പ്രാർത്ഥനാ ഗീതം ആ കുരുന്നുകൾ പാടുമ്പോൾ കുടി നിന്നവരുടെ കണ്ണുകൾ ഈറനണിഞ്ഞു! തൻ്റെ മന:സാക്ഷിക്കു ശരിയെന്ന് തോന്നുന്ന കാര്യത്തിൽ അദ്ദേഹം ഉറച്ചു നിൽക്കും. ലാളിത്യം, ക്ഷമ, അന്യരെ കേൾക്കാനുള്ള നല്ല മനസ്സ്, സഹനശക്തി, എന്നിവയാണ് ആ ജനപ്രിയ നേതാവിൻ്റെ ശക്തി. ഗ്രൂപ്പിസവും, രാജൻ കേസും ചാരക്കേസും, എല്ലാം ചർച്ച ചെയ്യുമ്പോൾ ഉമ്മൻ ചാണ്ടിയുടെ പേര് ഉയർന്നു വരുന്നത് സ്വാഭാവികം. ഗ്രൂപ്പ് കാര്യത്തിൽ ഉമ്മൻ ചാണ്ടി ഷാർപ്പ് ഷൂട്ടറാണെന്ന് ഒരു പ്രസംഗവേദിയിൽ വച്ച് ഞാൻ പറഞ്ഞപ്പോൾ ഉമ്മൻ ചാണ്ടി പൊട്ടിച്ചിരിച്ചു. മുക്കാൽ നൂറ്റാണ്ട് കാലത്തെ ഉമ്മൻ ചാണ്ടിയുടെ സംഭവബഹുലമായ രാഷ്ട്രീയ ജീവിതവും അരനൂറ്റാണ്ട് കാലത്തെ നിയമസഭാ അംഗത്വവും തന്നെയാണ് ഉമ്മൻ ചാണ്ടിയെ രാഷ്ട്രീയത്തിലെ ജനനായകനാക്കുന്നത്. പ്രഥമ തകഴി സാഹിത്യ പുരസ്കാരം എനിക്ക് സമ്മാനിച്ചത് ഉമ്മൻ ചാണ്ടിയാണ്. സ്നേഹത്തിൻ്റെയും ലാളിത്യത്തിൻ്റെയും പര്യായമായിരുന്നു ഉമ്മൻചാണ്ടി.
തലേന്ന് രാവിലെ ആരംഭിച്ച വിലാപയാത്ര അടുത്ത ദിവസം രാവിലെ 10:30 മണിയ്ക്കാണ് തിരുനക്കര മൈതാനത്ത് പൊതു ദർശനത്തിനെത്തിയത്. ശവസംസ്ക്കാരച്ചടങ്ങിൽ രാഹുൽ ഗാന്ധിയും എത്തിചേരുന്നുണ്ട്.
പ്രൊഫ ജി ബാലചന്ദ്രന്