ജനഹൃദയങ്ങളിലെ നായകൻ

കഴിഞ്ഞ ആറു പതിറ്റാണ്ടിനകം ഉമ്മൻചാണ്ടിയെപ്പോലെ ഒരു ജനകീയ നേതാവിനെ കേരളം കണ്ടിട്ടില്ല . ആൻ്റണി കെ.എസ്. യു പ്രസിഡണ്ടായിരുന്നപ്പോൾ ഞാനും ഉമ്മൻചാണ്ടിയും സഹഭാരവാഹികളായിരുന്നു. മുക്കാൽ പതിറ്റാണ്ടു കാലത്തെ രാഷ്ട്രീയ ജീവിതത്തിനിടയിൽ അനന്യസാധാരണമായ വ്യക്തിത്വമാണ് അദ്ദേഹം വളർത്തിയെടുത്തത്. ആർക്കും ഏതു നേരത്തും എന്തിനും ഉമ്മൻ ചാണ്ടിയെ സമീപിക്കാം. നല്ല മനസ്സോടെ എല്ലാം കേൾക്കും. വരുന്നവരുടെ കാര്യത്തിനു വേണ്ടി ആരോടും ശുപാർശ ചെയ്യും. പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞ് സ്വന്തം പിതാവിൻ്റെ സ്കൂളിൽ നിന്നു തന്നെയാണ് സമരമുഖത്തേയ്ക്ക് എടുത്തു ചാടിയത്. സത്യം പറഞ്ഞാൽ ഒരണ സമരത്തിൽ പങ്കെടുത്ത നേതാക്കളിൽ ഇന്ന് ജീവിച്ചിരിക്കുന്നത് വയലാർ രവിയും ഉമ്മൻ ചാണ്ടിയും മാത്രം! ഉമ്മൻ ചാണ്ടി കെ.എസ്. യു. പ്രസിഡണ്ടായിരുന്ന കാലത്ത് ആവിഷ്കരിച്ച ” ഓണത്തിന് ഒരു പറ നെല്ല് ” എന്ന കർമ്മ പദ്ധതി ഇന്ത്യയാകെ പ്രസിദ്ധമായിരുന്നു. ഞാൻ എസ്.ഡി. കോളേജിലും യൂണിവേഴ്സിറ്റി കോളേജിലും ചെയർമാൻ സ്ഥാനത്തേയ്ക്ക് മത്സരിച്ചപ്പോൾ തെരഞ്ഞെടുപ്പിന് ആവശ്യമായ സഹായങ്ങൾ എല്ലാം ഒ.സി. ചെയ്തു തന്നിരുന്നു. കോൺഗ്രസ് പിളർന്നപ്പോൾ ഞങ്ങൾ രണ്ടു ചേരിയിലായിരുന്നുവെങ്കിലും സ്നേഹബന്ധങ്ങൾക്ക് ഒരു അകൽച്ചയുമുണ്ടായില്ല. ഞാൻ കയർത്തൊഴിലാളി ക്ഷേമനിധി ബോർഡിൻ്റെയും , CAPEX ൻ്റെയും ചെയർമാനായിരുന്നപ്പോൾ തൊഴിലാളികൾക്ക് പെൻഷൻ അനുവദിക്കുന്നതിന് ഉമ്മൻ ചാണ്ടി ഇടപെട്ടിരുന്നു. കയർ ബോർഡിൻ്റെ കലവൂരിലെ ലോക കയർ മ്യൂസിയം ഉദ്ഘാടനം ചെയ്യാൻ ഉമ്മൻ ചാണ്ടിയെയാണ് നിശ്ചയിച്ചിരുന്നത്. മുൻ രാഷ്ട്രപതി കലാം സാറും പങ്കെടുക്കാമെന്നറിയിച്ചു. തലേ ദിവസം രാത്രി ഉമ്മൻ ചാണ്ടി വിളിച്ചു! ” ബാലചന്ദ്രാ , ഞാൻ തിരുവനന്തപുരത്താണ്, സച്ചിൻ തെൻറുൽക്കറുമായ് സെക്രട്ടറിയേറ്റിൽ വെച്ച് ഒരു മീറ്റിംഗ് ഉണ്ട്. എനിക്ക് വിഷമവും അരിശവും വന്നു. താങ്കൾ വന്നേ പറ്റൂ എന്നു ഞാൻ കുറച്ച് സ്വരമുയർത്തിപ്പറഞ്ഞു. കുറച്ച് കഴിഞ്ഞ് വിളിക്കാം എന്ന് പറഞ്ഞ് അദ്ദേഹം ഫോൺ വച്ചു. രാത്രി 12 മണിക്ക് ഉമ്മൻചാണ്ടിയുടെ കാൾ വന്നു. ബാലചന്ദ്രൻ്റെ വിഷമം എനിക്കറിയാം. ഒരു കാര്യം ചെയ്യണം. ഉദ്ഘാടനം രാവിലെ 8 മണിയിലേക്ക് മാറ്റിയാൽ നന്നായിരുന്നു. എനിക്ക് 11 മണിക്ക് തിരിച്ച് തിരുവനന്തപുരത്ത് എത്തണം. ഞങ്ങൾ സമ്മതിച്ചു. രാവിലെ എട്ട് മണിക്ക് മുഖ്യമന്ത്രിയെത്തി. 15 മിനുറ്റ് നീണ്ട ഉദ്ഘാടനം കഴിഞ്ഞ് അദ്ദേഹം തിരുവനന്തപുരത്തേക്ക് കുതിച്ചു. “അതി വേഗം ബഹുദൂരം” !! ലോകം അംഗീകരിച്ച ബഹുജന സമ്പർക്ക പരിപാടിയൊക്കെ ഉണ്ടെങ്കിലും ഉമ്മൻ ചാണ്ടിയുടെ ഏറ്റവും വലിയ നേട്ടമായ് ഞാൻ കാണുന്നത് കോക്ലിയർ ഇംപ്ലാൻ്റേഷൻ ചികിത്സയിലൂടെ 645 കുട്ടികൾക്ക് സംസാരശേഷിയും കേൾവി ശക്തിയും നേടിക്കൊടുത്തു എന്നതാണ്. അത് ഒരു വികാരപരമായ നേട്ടമാണ്. തിരുനാമകീർത്തനം പാടുവാനല്ലെങ്കിൽ നാവെനിക്കെന്തിന് നാഥാ ” എന്ന പ്രാർത്ഥനാ ഗീതം ആ കുരുന്നുകൾ പാടുമ്പോൾ കുടി നിന്നവരുടെ കണ്ണുകൾ ഈറനണിഞ്ഞു! തൻ്റെ മന:സാക്ഷിക്കു ശരിയെന്ന് തോന്നുന്ന കാര്യത്തിൽ അദ്ദേഹം ഉറച്ചു നിൽക്കും. ലാളിത്യം, ക്ഷമ, അന്യരെ കേൾക്കാനുള്ള നല്ല മനസ്സ്, സഹനശക്തി, എന്നിവയാണ് ആ ജനപ്രിയ നേതാവിൻ്റെ ശക്തി. ഗ്രൂപ്പിസവും, രാജൻ കേസും ചാരക്കേസും, എല്ലാം ചർച്ച ചെയ്യുമ്പോൾ ഉമ്മൻ ചാണ്ടിയുടെ പേര് ഉയർന്നു വരുന്നത് സ്വാഭാവികം. ഗ്രൂപ്പ് കാര്യത്തിൽ ഉമ്മൻ ചാണ്ടി ഷാർപ്പ് ഷൂട്ടറാണെന്ന് ഒരു പ്രസംഗവേദിയിൽ വച്ച് ഞാൻ പറഞ്ഞപ്പോൾ ഉമ്മൻ ചാണ്ടി പൊട്ടിച്ചിരിച്ചു. മുക്കാൽ നൂറ്റാണ്ട് കാലത്തെ ഉമ്മൻ ചാണ്ടിയുടെ സംഭവബഹുലമായ രാഷ്ട്രീയ ജീവിതവും അരനൂറ്റാണ്ട് കാലത്തെ നിയമസഭാ അംഗത്വവും തന്നെയാണ് ഉമ്മൻ ചാണ്ടിയെ രാഷ്ട്രീയത്തിലെ ജനനായകനാക്കുന്നത്.

പ്രൊഫ ജി ബാലചന്ദ്രന്‍

#ഇന്നലെയുടെതീരത്ത്

Share Post

Leave a Comment

Your email address will not be published. Required fields are marked *

Recent Post

ഗ്രീസിലെ ഏറ്റവും വലിയ ദുരന്ത നായകൻ

ഗ്രീസിലെ തീബ്സ് രാജ്യം ഐശ്വര്യ സമ്പൂർണ്ണമായിരുന്നു. ലായിയൂസ് രാജാവും രാജ്ഞിയും രാജ്യത്തേയും ജനങ്ങളേയും പരിപാലിച്ചു. അവർ രാജ്യത്തെ സ്വർഗ്ഗമാക്കി. രാജാവിനും രാജ്ഞിയ്ക്കും ഒരു തീരാ ദുഃഖം മാത്രം. അവർക്ക് സന്താനങ്ങളില്ല. പൂജയും പ്രാർത്ഥനകളുമൊക്കെ നടത്തി

ലോകത്തിലെ ഏറ്റവും വലിയ ഭയാനക ട്രാജഡിയുടെ അന്ത്യം

കോറിന്ത് രാജ്യത്തിലെ രാജാവും രാജ്ഞിയും തന്റെ മാതാപിതാക്കൾ തന്നെയെന്നു ഈഡിപ്പസ് വിശ്വസിച്ചിരുന്നു. സ്വന്തം പിതാവിനെ വധിച്ച് മാതാവിനെ വിവാഹം കഴിക്കുമെന്ന കർണ്ണകഠോരമായ പ്രവചനം കേട്ട് ഈഡിപ്പസ് കോറിന്ത് രാജ്യം ഉപേക്ഷിച്ച്. എന്തു ചെയ്യണമെന്നറിയാതെ അലക്ഷ്യമായി

റഷ്യൻ വിപ്ലവത്തിന്റെ ദുരന്ത നായകൻ. ചെമ്പടയുടെ നേതാവായ ട്രോട്സ്ക്കി

ലെനിൻ നയിച്ച റഷ്യൻ വിപ്ലവത്തെ യാഥാർത്ഥ്യമാക്കിയത് ലിയോൺ ട്രോട്സ്ക്കിയാണ് . അദ്ദേഹത്തിന്റെ റഷ്യൻ ചെമ്പടയാണ് പല പ്രതിസന്ധികളിലും റഷ്യൻ വിപ്ലവത്തിന് ചൂടും ചൂരും പകർന്നത്. യുക്രൈനിലെ യാനോവ്കയിലാണ് 1879 ഒക്ടോബർ 26 ന് ബ്രോൺ

ഫ്രാൻസിലെ ധീര പോരാളി ജോൻ ഓഫ് ആർക്ക്

1412 ൽ ഫ്രാൻസിൽ ജനിച്ച ജോൻ ഓഫ് ആർക്ക് യൂറോപ്യൻ ചരിത്രത്തിലെ ഏറ്റവും ധീരയായ പോരാളിയായിരുന്നു. വിശുദ്ധരിൽ നിന്നുള്ള വെളിപാടുകൾ തന്നെ നയിക്കുന്നു എന്ന് പതിമൂന്നാമത്തെ വയസ്സിൽ ജോൻ പറഞ്ഞു. യുദ്ധഭൂമിയിൽ ശത്രുക്കളെ തുരത്താൻ