മഹാഭാരത യുദ്ധത്തിൽ കൗരവപക്ഷത്തും പാണ്ഡവ പക്ഷത്തും 18 അക്ഷൗഹി ണിപ്പടയാണ് അണിനിരന്നത്. ശ്രീകൃഷ്ണൻ്റെ ഉപദേശവും കൗശലവും പാണ്ഡവ പക്ഷത്തുണ്ടായിരുന്നു. പാണ്ഡവപ്പട കൗരവപ്പടയെ ഒന്നടങ്കം കൊന്നൊടുക്കി. ദുര്യോധനനും കൃപരും കൃതവർമ്മാവും അശ്വത്ഥാമാവും മാത്രമാണ് കൗരപക്ഷത്തു ശേഷിച്ചത്. ഗദായുദ്ധത്തിൽ ഭീമസേനൻ അധാർമികമായി ദുര്യോധനൻ്റെ തുടയ്ക്കടിച്ചാണ് വീഴ്ത്തിയത്.
ചോരചിന്തി അവശനായി കിടന്ന ദുര്യോധനൻ്റെ തലയിൽ ഭീമൻ ആഞ്ഞു ചവിട്ടുകയും ചെയ്തു. നിസ്സഹായനായി ചോരയിലും പൂഴിയിലും പുതഞ്ഞു കിടന്ന ദുര്യോധനൻ്റെ സമീപത്തേയ്ക്ക് യുദ്ധത്തിൽ പടവെട്ടിത്തോറ്റ അശ്വത്ഥാമാവും കൃതവർമ്മാവും കൃപരും എത്തുന്നത് അപ്പോഴാണ്. ദുര്യോധനൻ്റെ കിടപ്പുകണ്ട് അവരുടെ ഹൃദയം തകർന്നു. പ്രതികാരം ചെയ്യാമെന്ന് അവർ ശപഥം ചെയ്തു . ഇതു കേട്ട മാത്രയിൽ അവിടെ വച്ചു തന്നെ അശ്വത്ഥാമാവിനെ സർവ്വ സൈന്യാധിപനായി ദുര്യോധനൻ അവരോധിച്ചു .
വിജയശ്രീലാളിതരായ പാണ്ഡവപ്പട എല്ലാം മറന്ന് പട കുടീരത്തിൽ വിശ്രമിക്കുകയായിരുന്നു. പാതിരാത്രിയിൽ കുറ്റാകുറ്റിരുട്ട് പ്രപഞ്ചം നിദ്രയിലാണ്. ആ പാതിരാത്രിയിൽ കൃപരും കൃതവർമ്മാവും അശ്വത്ഥാമാവും ഒരു അരയാലിൻ്റെ ചുവട്ടിൽ തക്കംപാർത്ത് ഇരിക്കവേ ആലിൻ്റെ മുകളിൽ നിന്ന് കാക്കകളുടെ കരച്ചിലും ചിറകടിശബ്ദവും കേട്ടു. ഒരു വലിയ കൂമൻ, കാക്കകളെ ഒന്നൊന്നായി കൊന്നൊടുക്കുന്നതിൻ്റെ ആരവമായിരുന്നു അത്. ഓർക്കാപ്പുറത്തുണ്ടായ കൂമൻ്റെ ആക്രമണത്തിൽ ഭയവിഹ്വലരായ കാക്കകൾ നാലുപാടും ചിതറിപ്പറന്നു. തൻ്റെ സൂത്രം ഫലവത്താക്കാനുള്ള സൂചനയാണ് അതെന്ന് അശ്വത്ഥാമാവ് കരുതി
കൃപരേയും കൃതവർമ്മാവിനെയും കൂട്ടി അശ്വത്ഥാമാവ് പാണ്ഡവരുടെ പട കുടീരത്തിനടുത്തെത്തി. കനത്ത നിശബ്ദതക്കിടയിൽ ഗാഢനിദ്രയിലായ ചിലരുടെ കൂർക്കം വലികൾ മാത്രം കേട്ടു . കൃപരേയും കൃതവർമാവിനെയും പടകുടീരത്തിൻ്റെ കവാടത്തിൽ കാവൽ നിർത്തി. പുറത്തേയ്ക്ക് വരുന്നവരെ കശാപ്പ് ചെയ്യണം എന്ന് നിർദ്ദേശിച്ചു. അശ്വത്ഥാമാവ് പട കുടീരത്തിനുള്ളിൽ പ്രവേശിച്ചു. ആദ്യം തന്നെ തൻ്റെ പിതാവ് ദ്രോണരെ ചതിച്ചു കൊന്ന ധൃഷ്ടദ്യുമ്നൻ്റെ കഥ കഴിച്ചു. അതു കഴിഞ്ഞ് പാഞ്ചാലിയുടെ അഞ്ച് പുത്രൻമാരെയും വധിച്ചു. പല പ്രധാനികളുടെയും മർമ്മത്തിൽ കയ്യും കാലും ഊന്നി കൊലപ്പെടുത്തി. ആ ബഹളത്തിൽ എന്തു സംഭവിക്കുന്നു എന്നറിയാത്ത പടയാളികൾ ചിതറിപ്പാഞ്ഞു. പുറത്തേക്ക് ചാടി രക്ഷപ്പെടാൻ ശ്രമിച്ചവരെ കൃതവർമാവും കൃപരും വെട്ടി വെട്ടി വീഴ്ത്തി. കൂടാരത്തിലകപ്പെട്ടവരെ അശ്വത്ഥാമാവ് അരിഞ്ഞരിഞ്ഞു തള്ളി.
ആ സമയത്ത് കൃഷ്ണൻ്റെ ഉപദേശപ്രകാരം പാണ്ഡവർ പടകുടീരത്തിലല്ല ഉറങ്ങിയത്. അവർ അഞ്ചുപേർ മാത്രമാണ് പാണ്ഡവ കുലത്തിൽ അവശേഷിച്ചത്.:
പൈശാചികമായ അരുംകൊലയുടെ കഥ അശ്വത്ഥാമാവ് മടങ്ങിവന്ന് ദുര്യോധനനെ ധരിപ്പിച്ചു. തുടയെല്ല് തകർന്ന് വേദനകൊണ്ട് പുളഞ്ഞു കിടന്ന ദുര്യോധനൻ ഇതു കേട്ട് സന്തോഷത്തോടെയാണ് ദേഹം വെടിഞ്ഞത്.
വിവരം അറിഞ്ഞെത്തിയ പാണ്ഡവർ ക്രുദ്ധരായി. അശ്വത്ഥാമാവിനെ വധിക്കാനായി കോപാക്രാന്തനായ അർജുനൻ പാഞ്ഞു. തൻ്റെ അഞ്ച് മക്കളെ കൊന്ന അശ്വത്ഥാമാവിൻ്റ ശിരസിലുള്ള ചൂഡാമണി കൊണ്ടുവന്നു തന്നാലല്ലാതെ താനടങ്ങുകയില്ലെന്ന് പാഞ്ചാലി ശപഥം ചെയ്തു. ദ്രോണർ ജന്മം കൊണ്ട് ബ്രാഹ്മണനും കർമ്മം കൊണ്ട് ക്ഷത്രിയനുമാണ്. അദ്ദേഹം തപസിദ്ധി കൊണ്ട് നേടിയ ബ്രഹ്മശിരാസ്ത്ര വിദ്യ അശ്വത്ഥാമാവിനെയും അർജുനനെയും മാത്രമേ പഠിപ്പിച്ചിട്ടുള്ളു.
അശ്വത്ഥാമാവ് ആ ബ്രഹ്മാസ്ത്രം പ്രയാഗിക്കാൻ ഒരുമ്പെട്ടു. അതു വീണാൽ സർവ്വത്ര നാശമാണ്. ശ്രീകൃഷ്ണനും വ്യാസനും ഉപദേശിച്ചിട്ടും ആ പരമാസ്ത്രം പിൻവലിക്കാനാവില്ലെന്ന് അശ്വത്ഥാമാവ് ശഠിച്ചു, ഒടുവിൽ അശ്വത്ഥാമാവ് വഴങ്ങി. പക്ഷെ ബ്രഹ്മാസ്ത്രം അർജുനൻ്റെ പുത്രവധുവായ ഉത്തരയുടെ ഗർഭത്തിലേക്ക് പ്രയോഗിച്ചു. ചൂഡാമണി ഉപേക്ഷിച്ച് പ്രതികാരത്തിൻ്റെ പ്രതീകമായ അശ്വത്ഥാമാവ് ഇന്നും ഈ ലോകത്ത് ജീവിക്കുന്നു.
ലോകയുദ്ധങ്ങളുടെയും മതവെറി പോലും ഈ പകയുടെ പ്രതിരൂപമാണ്. കൃപരും അശ്വത്ഥാമാവും ചിരഞ്ജീവികളാണ്. കൃതവർമ്മാവിനെ പിന്നീട് സാത്യകി വധിച്ചു. :, അധർമ്മത്തിൻ്റെ പൈശാചികതയുടെ നേർ രൂപമായി മനുഷ്യരിൽ പുകഞ്ഞുകൊണ്ടിരിക്കുന്ന പക , അശ്വത്ഥാമാവിൻ്റെ അണയാത്ത പകയാണ്.
പ്രൊഫ ജി ബാലചന്ദ്രൻ