ജി. ബാലചന്ദ്രന്‍ കെ.എസ്.യൂ പ്രവര്‍ത്തകനായിരുന്നുവെന്ന വസ്തുത പ്രസ്താവിച്ചുകൊണ്ട് തുടങ്ങാം. ആലപ്പുഴ എസ്.ഡി. കോളേജിലും തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലുമാണ് ബാലചന്ദ്രന്‍ ഉപരി വിദ്യാഭ്യാസം തുടര്‍ന്നത്. രണ്ടിടത്തും അദ്ദേഹം കോളേജ് യൂണിയന്‍ ചെയര്‍മാനായിരുന്നു. എ.കെ.ആന്റണി കെ.എസ്.യു പ്രസിഡന്റായി കാലത്ത് കരുത്തു നല്‍കാന്‍ കൂടെയുണ്ടായിരുന്നത് വൈസ് പ്രസിഡന്റായ ജി. ബാലചന്ദ്രനാണ്. പിന്നീട് യൂത്ത് കോണ്‍ഗ്രസ് കണ്‍വീനര്‍ എന്ന ചുമതല മുല്ലപ്പള്ളി രാമചന്ദ്രനോടൊപ്പം ഏറ്റെടുക്കാന്‍ താമസമുണ്ടായില്ല. അതിനുശേഷം കെ.പി.സി.സി.യിലും എ.ഐ.സി.സി.യിലും അംഗമായി . ഏറ്റവുമൊടുവില്‍ ആലപ്പുഴ ഡി.സി.സി. പ്രസിഡന്റെന്ന നിലയില്‍ അദ്ദേഹം കര്‍മ്മനിരതനായി. രാഷ്ട്രീയ നേതാക്കള്‍ക്കില്ലാത്ത ചില സവിശേഷ സിദ്ധികള്‍ ബാലചന്ദ്രന്‍ പ്രകടിപ്പിക്കുന്നത് ആളുകള്‍ വേണ്ടുവോളം ശ്രദ്ധിച്ചുവോ? ഇല്ലെന്നാണ് എനിക്ക് തോന്നുന്നത്. പ്രസംഗ വൈഭവമാണ് അതിലൊന്ന്. കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സചിവോത്തമ മെമ്മോറിയല്‍ ഗോള്‍ഡ് മെഡല്‍ നേടിയ വിദ്യാര്‍ത്ഥിയാണദ്ദേഹമെന്നോര്‍ക്കണം. ബാലചന്ദ്രന്റെ സംയമിതമായ രീതിയില്‍ തുടരുന്ന പ്രസംഗങ്ങളില്‍ വെല്ലുവിളികളില്ല, ആക്രോശങ്ങളില്ല, ശ്രോതാക്കളുടെ ഹൃദയങ്ങളില്‍ ഒരു വീക്ഷണമോ ആശയഗതിയോ അവശേഷിപ്പിക്കാതെ ആ പ്രസംഗങ്ങളവസാനിക്കാറുമില്ല. വയലാര്‍ അവാര്‍ഡ് സമര്‍പ്പണ വേളയില്‍ ഒരൊറ്റ പൂസ്തകത്തെ മാത്രം ആധാരമാക്കി അവതരിപ്പിക്കുന്ന പ്രസംഗങ്ങള്‍ കൂടി ഓര്‍മ്മിച്ചുകൊണ്ടാണ് ഞാന്‍ ഇത് കുറിക്കുന്നത്. സാഹിത്യവുമായുള്ള ബന്ധം ബാലചന്ദ്രനെ ഗ്രന്ഥരചനയിലേക്ക് നയിച്ചതിനു ദൃഷ്ടാന്തമായി മൂന്നു ഗ്രന്ഥങ്ങള്‍ നമുക്കു ലഭിച്ചിട്ടുണ്ട്. തകഴിയുടെ സര്‍ഗ്ഗപഥങ്ങള്‍, തകഴി-കഥയുടെ രാജശില്‍പ്പി; അനുഭവങ്ങളുടെ അകത്തളങ്ങളിൽ എന്നിവ. ആ രചനകളുടെ കൂട്ടത്തില്‍ ഓര്‍മ്മയുടെ തീരങ്ങളിലൂടെ തുടരുന്ന വിചാരയാത്രയെന്നു വിവരിക്കാവുന്ന ഈ പുസ്തകത്തിന് ഞാന്‍ പ്രധാന സ്ഥാനം നല്‍കുന്നു. ഒഴുക്കുള്ള ശൈലി, ആകര്‍ഷകവും ഇന്ദ്രിയവേദ്യവുമായ സ്ഥലചിത്രങ്ങള്‍, കുട്ടനാടന്‍ പ്രദേശത്തിന്റെ ഭൂപ്രകൃതിയോടൊപ്പം ചരിത്ര പ്രാധാന്യവും വെളിപ്പെടുത്തുന്ന വിവരണങ്ങള്‍, വ്യക്തികളുടെ സവിശേഷ ഗുണങ്ങള്‍ വേര്‍തിരിച്ചു വ്യക്തമാക്കുന്ന നഖചിത്രങ്ങള്‍, രാഷ്ട്രീയ സംഭവങ്ങള്‍ ഇപ്രകാരം എന്തെല്ലാമെന്തെല്ലാം ഈ പുസ്തകത്തിലടങ്ങുന്നു. തന്റെ ജീവിതം കരുപ്പിടിപ്പിക്കുന്നതില്‍ ഏറ്റവുമധികം പങ്കുവഹിച്ചത് ആലപ്പുഴയിലെ രണ്ടു പ്രമുഖ വ്യക്തികള്‍ തന്നില്‍ ചൊരിഞ്ഞ സ്‌നേഹവാത്സല്യങ്ങളാണെന്ന് ബാലചന്ദ്രന്‍ രേഖപ്പെടുത്തിയിരിക്കുന്നു. രാഷ്ട്രീയത്തിലെ മറിമായങ്ങളെക്കുറിച്ച് ബാലചന്ദ്രന്‍ പ്രതിപാദിക്കുന്നുണ്ട്. ഒളിഞ്ഞും തെളിഞ്ഞുമുള്ള എതിര്‍പ്പുകളേയും പ്രതിസന്ധികളേയും എങ്ങനെയൊക്കെയോ ബാലചന്ദ്രന്‍ അതിജീവിച്ചു. എതിര്‍ പാര്‍ട്ടിക്കാരെക്കാള്‍ സ്വന്തം പാര്‍ട്ടിക്കാരാണ് ബാലചന്ദ്രനെതിരായി പ്രവര്‍ത്തിച്ചത്. . ഇച്ഛാശക്തിയാണ് ബാലചന്ദ്രനെ മുന്നോട്ടു നയിക്കുന്നത്.
ആത്മകഥ എന്ന സാഹിത്യ വിഭാഗത്തിലൊതുങ്ങുന്നതല്ല രസപ്രദമായ ഈ ഗ്രന്ഥം. ഒരു കാലഘട്ടത്തിന്റെ വെമ്പലുകളും നൊമ്പരങ്ങളും അഭിനിവേശങ്ങളും തിന്മകളും അഭിരുചിഭേദങ്ങളും മറ്റും അഭിവ്യഞ്ജിപ്പിക്കുന്ന ഈ ആവിഷ്‌കരണം വായനക്കാരുടെ ജീവിതാവബോധത്തിനു വികാസമരുളുന്നു എന്നതാണ് പ്രധാനം.
.
എം.കെ. സാനു
സന്ധ്യ, കാരിക്കാമുറി
എറണാകുളം – 682011