മംഗളോദയം പുനരാരംഭിച്ച കാലം. മുണ്ടശ്ശേരി മാസ്റ്റർ തകഴിയോടും കേശവ ദേവിനോടും പറഞ്ഞു: തൃശ്ശൂർക്ക് വരിക. ഇരുവരും ഏതാനും കഥകളുമായ് തൃശ്ശൂരെത്തി. കഥകൾ പ്രസിദ്ധീകരിക്കാനുള്ള കരാറിൽ അവർ മുണ്ടശ്ശേരിയുടെ സാന്നിദ്ധ്യത്തിൽ ഒപ്പുവെച്ചു. റോയൽറ്റി വാങ്ങി പണക്കാരായ ഗർവ്വിലായിരുന്നു തിരിച്ചുള്ള യാത്ര. ട്രെയിനിൽ എറണാകുളത്തെത്തി. ഷൺമുഖം റോഡിൽ കയല്‍ച്ചിറ കെട്ടാന്‍ ഇറക്കിയിട്ടിരുന്ന ചരലിൻ്റെ പുറത്ത് ഇരുന്നു. അവർ അൽപ്പം മിനുങ്ങിയിരുന്നതിനാല്‍ഉറങ്ങിപ്പോയതറിഞ്ഞില്ല. കുറച്ചു കഴിഞ്ഞപ്പോൾ നൈറ്റ് പട്രോളിംഗിന് ഇറങ്ങിയ പോലീസുകാര്‍ വന്ന് അവരെ പൊക്കി. നിങ്ങളാരാണ്? പോലീസുകാരൻ ചോദിച്ചു. ‘ഞാനൊരു വക്കീലാണ് : തകഴി പറഞ്ഞു. താനോ? പോലീസ്കാരൻ്റെ ചോദ്യം കേശവദേവിനോടായി. ഞാൻ കേശവദേവാണ്. കേശവദേവോ? അതാരെടാ? ഒരു കണക്കിന് അവർ ഊരിപ്പോന്നു. നട്ടപ്പാതിരയായതിനാൽ അവരെ പോലീസ് സ്‌റ്റേഷനിൽ കൊണ്ടു പോയില്ല. നോക്കണേ അലസത വരുത്തിയ പൊല്ലാപ്പ്!
#ഇന്നലെയുടെതീരത്ത്(ആത്മകഥ)