പുരട്ചി തലൈവി എന്ന വിശേഷണത്തിലാണ് മുഖ്യമന്ത്രി ജയലളിത കീർത്തിപ്പെട്ടത്.
വർഷങ്ങൾക്കുമുമ്പ് ചർച്ച് പാർക്ക് കോൺവെന്റിൽ ഒരു ടെന്നീസ് ബോളുപോലെ തെറിച്ചു നടന്ന ആ പെൺകുട്ടി രൂപ ലാവണ്യത്തിൽ മാത്രമല്ല, ഉച്ചാരണശുദ്ധിയോടെ അനായാസമായി ഇംഗ്ലീഷ് സംസാരിക്കുന്നതും സാഹിത്യ സദസ്സുകളിൽ കൂസലില്ലാതെ പ്രസംഗിക്കുന്നതും കണ്ട് അദ്ധ്യാപകർ പോലും അമ്പരന്നു. ഇടവേളകളിൽ കോൺവെന്റിനു മുമ്പിലെത്തുന്ന ഐസ് ക്രീം വണ്ടിയുടെ മണിനാദം കേട്ടാൽ ഒരു ചാട്ടുളി പോലെ പാഞ്ഞു ചെന്ന് ഐസ്ക്രീം കരസ്ഥമാക്കിയിരുന്നു, ആ മിടു മിടുക്കി.
നൃത്തകലയിലുള്ള അഭിനിവേശം വളരെ ചെറുപ്പത്തിൽ തന്നെ ജയ പ്രകടിപ്പിച്ചിരുന്നു. റേഡിയോയിൽ നിന്നും സംഗീതമുയരുമ്പോൾ ചുവടു വെച്ചു തുളളിക്കളിക്കുന്നത് മാതാവ് പലപ്രാവശ്യം മറഞ്ഞുനിന്ന് ആസ്വദിച്ചിട്ടുണ്ട്. ചലച്ചിത്രരംഗത്ത് താരമായിരുന്ന മാതാവ് സന്ധ്യയാണ് ജയയെ നൃത്തകലാരംഗത്തേക്കും, പിന്നീട് സിനിമാരംഗത്തേക്കും പ്രവേശിപ്പിച്ചത്.
ജയലളിതയെന്ന യുവ നർത്തകിയുടെ അരങ്ങേറ്റം മുൻ കൈ എടുത്തു നടത്തിയത് ചലച്ചിത്രരംഗത്തെ അതികായനായ ശ്രീ. ശിവാജി ഗണേശനാണ്. അനുഗ്രഹ പ്രഭാഷണം നടത്തിയ ശിവാജി നർത്തന രംഗത്തെ ഇതിഹാസമായി ജയ മാറുമെന്നും സിനിമാവേദി ഹർഷോന്മാദത്തോടെ ജയയെ സ്വാഗതം ചെയ്യുമെന്നും ആശീർവദിച്ചു.
ജയലളിതയുടെ അഭിരുചിക്കനുസരിച്ച് ഭാവി രൂപപ്പെടുത്താൻ കഴിഞ്ഞിരുന്നെങ്കിൽ അവർ ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രശസ്തയായ ഒരു ഇംഗ്ലീഷ് സാഹിത്യകാരിയാകുമായിരുന്നു: നോവലിസ്റ്റ്, കവയിത്രി, ചെറു കഥാകൃത്ത് എന്നിങ്ങനെ.
രസതന്ത്രം കാഴ്ചവെയ്ക്കുന്ന അത്‌ഭുത പ്രപഞ്ചത്തിൽ മതിമറന്നു ലയിച്ചിരുന്ന ‘ജയ’ യിൽ അനുഗ്രഹീതയായ ശാസ്ത്രജ്ഞയും ഒളിഞ്ഞിരുന്നിരിക്കണം. പക്ഷേ ഒരു കാര്യം സത്യമാണ്. പുസ്തക പാരായണാസക്തി (ബിബ്ലിയോമാനിയ) ജയ ഒരു കാലത്തും കൈവെടിഞ്ഞില്ല. അഭിനയവേളകളിൽ പോലും അല്പം വിശ്രമം ലഭിക്കുമ്പോഴെല്ലാം ജയ ഒരു പ്രശസ്ത ഗ്രന്ഥവുമായി ചാരു കസേരയിലേക്ക് ഒതുങ്ങിയിരുന്നു.
ശിവാജി ഗണേശനോടും ശങ്കറിനോടുമൊപ്പം പല ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ജയലളിത ഏറ്റവും കൂടുതൽ അഭിനയിച്ചത് എം.ജി.ആറിനോടൊപ്പമായിരുന്നു. എം.ജി.ആറിന്റെ മാനസപുത്രി എന്ന കീർത്തിമുദ്രയും അവർ നേടി. അത് അവരെ സിനിമയിൽ മാത്രമല്ല രാഷ്ട്രീയ രംഗത്തുള്ള ചലനങ്ങളിലും എം.ജി.ആറിനോടൊപ്പം നിലനിർത്തി.
ആയിരത്തിലൊരുവൻ, വെൺനിറ ആടൈ, നം നാട്, അടിമപ്പെൺ, തേടി വന്ത മാപ്പിളൈ തുടങ്ങി പല പല ചിത്രങ്ങളിൽകൂടി ആകാശത്തോളം വളർന്നുയർന്ന് എം.ജി.ആറിന് അനുയോജ്യയായ നായികയായി ജയലളിത വളർന്നു. ഒരു താര സുന്ദരി നിന്നും ഉജ്ജ്വലതാരത്തിലേക്കുളള വളർച്ചയായിരുന്നു അത്.
പിൽക്കാലത്ത് കരുണാനിധിയുമായി തെറ്റിപ്പിരിഞ്ഞ് എം.ജി.ആർ ഒരു പുതിയ രാഷ്ട്രീയകക്ഷിക്ക് രൂപം കൊടുത്തപ്പോഴും ജയലളിത തികഞ്ഞ ആത്മവിശ്വാസത്തോടെ എല്ലാ പ്രലോഭനങ്ങളേയും തൃണവൽഗണിച്ചു കൊണ്ട് അദ്ദേഹത്തോടൊപ്പം നിന്നു.
സംസ്ഥാനത്തുടനീളം വ്യാപിച്ചു കിടക്കുന്ന ഒരു സംഘടനയിൽ നിന്നും തെറ്റിപ്പിരിഞ്ഞ് ഒരു പുതിയ സംഘടന വാർത്തെടുക്കുന്നത് ക്ഷിപ്ര സാദ്ധ്യമല്ല. പക്ഷേ ജനഹൃദയ മർമ്മജ്ഞനായ എം.ജി.ആർ. രൂപം നൽകിയത് ജനങ്ങളുടെ കണ്ണിലുണ്ണിയായിരുന്ന, ശ്രീ അണ്ണാദുരെയുടെ പേരിലുള്ള ഒരു പുതിയ ഡി.എം.കെ.യ്ക്കായിരുന്നു. അതിന്റെ സാരഥി എം.ജി.ആർ.. ഇലക്ഷനിൽ എ.ഡി.എം.കെ. നേടിയ ഉജ്ജ്വല വിജയത്തിന്റെ മുഴുവൻ ക്രഡിറ്റും എം.ജി.ആറിനുള്ളതായിരുന്നു.
ഇന്ദ്രൻ അർദ്ധാസനം നൽകി അർജ്ജുനനെ ആദരിച്ചതുപോലെ ഭരണഭാരമേറ്റപ്പോൾ അധികാരത്തിന്റെ മുന്തിരിച്ചാർ നിറച്ച ഒരു ചഷകം ജയലളിതക്ക് നൽകാനും എം.ജി.ആർ. മറന്നില്ല. Public Relations Director എന്ന സമുന്നത പദവിയിൽ ജയ അവരോധിക്കപ്പെട്ടു. അതോടൊപ്പം മറ്റൊരു നിർദ്ദേശവും; എല്ലാ മന്ത്രിമാരും ഭരണപരമായ കാര്യങ്ങളിൽ നിരന്തരമായി ജയലളിതയെ ബന്ധപ്പെട്ടുകൊണ്ടിരിക്കണം.
ആംഗ്ലേയ കവിയായ മാത്യു അർനോൾഡ് പറയുന്നത് “അവസരം ഒത്തു കിട്ടിയാൽ ആരേയും ഒരു സ്വേച്ഛാധിപതിയാക്കി മാറ്റാൻ കഴിവുള്ള ഒരു ദ്രാവകം സകലരുടെ രക്തത്തിലും കലർന്നിട്ടുണ്ട് ” എന്നാണ്. അധികാരത്തിന്റെ ചെങ്കോലും പടവാളുമേന്തി നിൽക്കുന്ന ജയലളിതയുടെ മുന്നിൽ മന്ത്രിമാരെല്ലാം വിറച്ചു. ജയയുടെ നിഴൽ പോലും അവരെ പ്രരിഭ്രാന്തരാക്കി. ജയലളിത അക്ഷരാർത്ഥത്തിൽ തന്നെ വിരാജിക്കുകയായിരുന്നു.
ഇതിൽ ഒരപകട സാദ്ധ്യത മുന്നിൽ കണ്ട എം.ജി. ആർ. തന്റെ യാഗാശ്വത്തിന്റെ കടിഞ്ഞാണിൽ അല്പം പിടിമുറുക്കി. മേലിൽ മന്ത്രിമാരെല്ലാം മുഖ്യമന്ത്രിയുടെ മുന്നിൽ കാര്യങ്ങൾ ചർച്ച ചെയ്താൽ മതിയെന്ന് അദ്ദേഹം നിർദ്ദേശിച്ചു. ജയലളിത അല്പം കൂടി പക്വത കൈവരിക്കാനുളള ‘ഇനിഷ്യൽ ഡോസായിരുന്നു ‘ അത്. എം.ജി.ആർ. അധികാരം കൈയ്യാളിയ കാലത്തോളം ജയലളിത ഈ ലക്ഷ്മണ രേഖ ലംഘിച്ചിട്ടില്ല.
എം.ജി.ആർ. എന്ന മാന്ത്രിക മനുഷ്യന്റെ അന്തർദ്ധാനത്തിനു ശേഷം എ.ഡി.എം.കെയുടെ ചരിത്രം നിന്മോന്നതങ്ങളുടെ ചരിത്രമാണ്. ഒരു പക്ഷേ അത് അനിവാര്യമായിരുന്നിരിക്കാം. എം.ജി. ആറിന്റെ മരണത്തിനു ശേഷം ജയലളിത രക്തസാക്ഷി പരിവേഷത്തോടെ തമിഴ് നാടിന്റെ മുടി ചൂടാ റാണിയായി വിലസി. പക്ഷേ അന്ത്യ കാലത്ത് ആർത്തി പിടിച്ച ശശികലയും വൈതാളികരും ജയലളിതയുടെ സർപ്പേരിന് കളങ്കം ചാർത്തി.. തമിഴ് നാട്ടിൽ അമ്മയെന്നു പറഞ്ഞാൽ ജയലളിതയെന്നാണർത്ഥം. ജനോപകാര പ്രദമായ ഒത്തിരി ഭരണ പരിഷ്‌ക്കാരങ്ങൾ ജയലളിത തമിഴ്നാട്ടിൽ വരുത്തി.
സ്റ്റാലിൻ തമിഴ്നാട് മുഖ്യമന്ത്രിയായിക്കഴിഞ്ഞപ്പോൾ എ.ഡി.എം.കെ. ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന മട്ടിൽ നിലനില്ക്കുന്നുണ്ട്. ശശികലയെക്കുറിച്ച് ഒരറിവും ഇല്ല .
എം.ജി.ആറിന്റെ ഭാര്യ ജാനകിയുടെ നിതാന്ത ശത്രുവായിരുന്നു ജയലളിത. അമിത സ്വത്തുക്കൾ വാരിക്കൂട്ടിയ ജയലളിതയുടെ അന്ത്യം അതിദയനീയമായിരുന്നു.
പ്രൊഫ.ജി.ബാലചന്ദ്രൻ