തമിഴ് മക്കൾക്ക് കവി കണ്ണദാസൻ കവിഞ്ജർ കണ്ണദാസനാണ്. ‘നാവിട്ടൊന്നു കുലുക്കിയാലുതിരുമി ങ്ങയ്യായിരം ശ്ലോകം….. ” എന്ന് കണ്ണദാസനെക്കുറിച്ച് പറയാം. അക്ഷരാർത്ഥത്തിൽ തന്നെ ആ സിദ്ധി അദ്ദേഹം കൈവരിച്ചിരുന്നു. ചലച്ചിത്രവേദിയെ ആസ്വാദൃതയോടെ വീക്ഷിക്കുന്ന ഏതൊരാൾക്കും ആവേശം പകരുന്ന ഒരു നാമധേയമാണ് കണ്ണദാസൻ. ‘ കണ്ണദാസൻ ജനിച്ചത് ‘ശിരുകൂടൽപട്ടി’ എന്ന ഗ്രാമത്തിലാണ്. അദ്ദേഹത്തിന്റെ ശരിയായ പേര് മുത്തയ്യ. അചഞ്ചലമായ കൃഷ്ണഭക്തികൊണ്ടാണ് കണ്ണദാസൻ എന്ന പേര് അദ്ദേഹം സ്വീകരിച്ചത്. കഷ്ടിച്ചു പതിനഞ്ചു വയസ്സ് പ്രായമുള്ളപ്പോൾ പൊട്ടിവിരിഞ്ഞ ഒരു പ്രണയ വല്ലരി ബന്ധുജനങ്ങളുടെ കർക്കശമായ നിലപാടുമൂലം പൊലിയേണ്ടി വന്നത് കണ്ണദാസന്റെ ജീവിതത്തിൽ തന്നെ സാരമായ പരിവർത്തനങ്ങൾക്ക് വഴിതെളിച്ചു. ജീവിത നൈരാശ്യത്തിൽ നിന്നും രക്ഷനേടുന്നതിന് അദ്ദേഹം ചെന്നെത്തിയത് മദൃത്തിലേക്കാണ്. ചെറുപ്പത്തിൽ തന്നെ മദ്യത്തിന്റെ മാദക ലഹരിയിൽ ആത്മസുഖം കണ്ടെത്തി. അദ്ദേഹത്തിന്റെ പല സിനിമാഗാനങ്ങളിലും പ്രേമനൈരാശ്യത്തിന്റെ ആർദ്ര ഭാവങ്ങൾ നമുക്ക് ദർശിക്കാൻ കഴിയും. കണ്ണദാസന്റെ പ്രസിദ്ധിയാർജ്ജിച്ച ഒരു ഗാനമാണ് ‘പോനാൽ പോകട്ടും പോടാ ഇന്ത ഭൂമിയിൽ നിലയായ് വാഴ്ന്തവൻ യാരെടാ…..” എന്നാരംഭിക്കുന്ന ഗാനം. ഇതിൽ ഒരു വരിയെങ്കിലും മൂളിയിട്ടില്ലാത്തവർ കേരളക്കരയിൽ പോലും കാണുമെന്നു തോന്നുന്നില്ല. ക്ഷണപ്രഭാചഞ്ചലമായ ഭൗതിക സുഖങ്ങളുടെ അർത്ഥശൂന്യതയിലേക്കു വിരൽചൂണ്ടുന്ന ഒരു ദാർശനികനെയാണ് കണ്ണദാസനിൽ നാം കാണുന്നതെങ്കിലും തന്റെ കയ്യിൽ നിന്നും പ്രണയചഷകം തട്ടിത്തെറിപ്പിച്ചവരോടുള്ള കഠിനമായ അമർഷവും ഈ വരികൾക്കുള്ളിൽ ഒളിഞ്ഞു കിടക്കുന്നുണ്ട്. ഓമർഖയ്യാം തന്റെ സുപ്രസിദ്ധമായ ‘റൂബിയത്തി’ൽ പരമാനന്ദലഹരിയിൽ ലയിച്ചുചേരാനുള്ള പശ്ചാത്തലത്തെ വർണ്ണിക്കുന്നുണ്ട്. “ചിന്താസുന്ദരകാവ്യവുംലഘുതരം ഭോജ്യങ്ങളും,ചെന്നിറം ചിന്തി പൂമ്പത തിങ്ങിവീഞ്ഞു നിറയുംസുസ്ഫാടികക്കിണ്ണവും,കാന്തേ എന്നരികത്ത് ഇളം തണലിൽ നീ പാടാനുമുണ്ടെങ്കിലോകാന്താരസ്ഥലി പോലുമിന്നിവനഹോ-സ്വർലോകമാണോമനേ” ഏതാണ്ട് ഇതിനു സമാനമായ ഒരു പശ്ചാത്തലത്തിലിരുന്നാണ് കണ്ണദാസനും ഗാനരചന നിർവ്വഹിച്ചിട്ടുള്ളത്. മദ്യസേവ പുരോഗമിക്കുന്നതിനൊപ്പം ശിരശ്ചലനത്തിന്റെ അകമ്പടിയോടെ ചുഴിയും മലരിയുമായുള്ള നദീപ്രവാഹം പോലെ ഗാനങ്ങൾ അനർഗളമായി പുറത്തേക്കുവരും. ഇതിൽ സഹായിക്ക് പകർത്തിയെടുക്കുക എന്ന ജോലി മാത്രമേയുള്ളൂ. അഞ്ചുമിനിട്ടിനുള്ളിൽ ജീവൻ നൽകിയ ഗാനങ്ങളും ‘ശരിയാനമൂഡ് കിടൈക്കലെ ‘ എന്ന കാരണത്താൽ ഗർഭ ഗൃഹത്തിൽതന്നെ മാസങ്ങളോളം കഴിയേണ്ടി വന്നിട്ടുള്ള ഗാനങ്ങളും ഉണ്ട്. ഇവ എല്ലാം ‘ഹിറ്റ് സോംഗ്സ് ‘ ആയിത്തീർന്നിട്ടുണ്ട്. Truth is stranger than fiction എന്ന ചൊല്ല് കണ്ണദാസന്റെ കാര്യത്തിലും സത്യമാണ്. അദ്ദേഹത്തിന്റെ അമ്പത്തിനാലു വർഷത്തെ ജീവിതത്തിനിടയിൽ 5000 ത്തിൽ പരം സിനിമാ ഗാനങ്ങളും 6000 ത്തോളം മറ്റു ഗാനങ്ങളും 232 ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ടെന്നു പറഞ്ഞാൽ ആരാണ് വിശ്വസിക്കുക ? അതും വെറും എട്ടാം സ്റ്റാന്റേർഡ് വിദ്യാഭ്യാസം മാത്രം ലഭിച്ച ഒരു വ്യക്തിയിൽ നിന്ന് . കവിഞ്ജർ കണ്ണദാസനു ലഭിച്ച പൂച്ചെണ്ടുകൾ നിരവധിയാണ്. 1978 ലാണ് അദ്ദേഹത്തെ ആസ്ഥാന കവിയായി സർക്കാർ അംഗീകരിക്കുന്നത് അദ്ദേഹത്തിന്റെ ‘ചേരമാൻ കാതലി ‘ എന്ന നോവലിന് സാഹിത്യ അക്കാദമിയുടെ പുരസ്ക്കാരം ലഭിച്ചു. ‘കുഴന്തൈക്കാകെ ‘ എന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് നാഷണൽ അവാർഡും ലഭിച്ചു. ഏറ്റവും നല്ല കവിക്കുള്ള അണ്ണാമലൈ മെമ്മോറിയൽ അവാർഡും കിട്ടി. 1982 ൽ ശിവഗംഗ ജില്ലയിലെ കാരക്കുടിയിൽ ഒരു സ്മാരകം നിർമ്മിച്ച് സർക്കാർ അദ്ദേഹത്തെ ആദരിക്കുകയുണ്ടായി. കണ്ണദാസന്റെ കൃതികളിൽ സമാദരണീയമായത് ‘അർത്ഥമുള്ള ഹിന്ദുമതം’ എന്ന ഗ്രന്ഥമാണ്. ഗീതയുടെ ഒരു പരിഭാഷയെന്നു മാത്രം ഇതിനെ വിശേഷിപ്പിക്കുന്നത് ശരിയായിരിക്കുകയില്ല. ഗീതാതത്വങ്ങൾ ഇത്ര മനോഹരമായി ജനഹൃദയങ്ങളിൽ എത്തിച്ചിട്ടുളള ഗ്രന്ഥങ്ങൾ വിരളമാണ്. പ്രതിഭാ ധനനായ ഈ മനുഷ്യന് ഓർമ്മശക്തി നന്നേ കുറവായിരുന്നു. ഒരിക്കൽ ചെന്നൈയിൽ നടന്ന ഒരു കലാപരിപാടിക്കുശേഷം കണ്ണദാസൻ പുറത്തിറങ്ങി അസ്വസ്ഥനായി വരാന്തയിൽ നടക്കുകയായിരുന്നു. സംഘാടകരിലാരോ വന്ന് കാര്യം തിരക്കി. ഡ്രൈവർ ചിലപ്പോൾ ഉറങ്ങിക്കാണുമെന്നും പരിപാടി കഴിഞ്ഞത് അയാൾ അറിഞ്ഞിരിക്കില്ലെന്നും അദ്ദേഹം മറുപടി പറഞ്ഞു. കാറിന്റെ നമ്പർ പറഞ്ഞാൽ മൈക്കിൽ കൂടി അനൗൺസ് ചെയ്യാമെന്ന് മറ്റയാൾ പറഞ്ഞപ്പോൾ അല്പം ജാള്യതയോടെ കണ്ണദാസൻ പറഞ്ഞതിങ്ങനെയാണ്. ‘നമ്പർ മട്ടും തെരിയാത് തമ്പീ,നാനേ പാത്തുകൊള്ളലാം.’ ചിലപ്പോൾ സ്വന്തം ഫോൺ നമ്പർ പോലും കവിഞ്ജർ മറന്നിരിക്കും ചെന്നൈയിൽ വച്ചു നടന്ന ഒരു സമ്മേളന വേദിയിൽ വെച്ചാണ് അച്യുതമേനോനും കണ്ണദാസനും പരസ്പരം പരിചയപ്പെടുന്നത്. അത് ഒരു ആത്മബന്ധമായി നിലനിർത്താൻ ഇരുവരും ആഗ്രഹിക്കുകയും അത് സൂചിപ്പിക്കുകയും ചെയ്തു. പക്ഷേ ആറു മാസത്തിനുള്ളിൽ ട്രിച്ചിയിലെ റെയിൽവേ സ്റ്റേഷനിൽ വെച്ച് വീണ്ടും കണ്ടുമുട്ടിയപ്പോൾ കണ്ണദാസന് അച്യുതമേനോനെ തിരിച്ചറിയാനായില്ല. ട്രയിൻ നീങ്ങിക്കഴിഞ്ഞപ്പോൾ ഒരു സുഹൃത്തിൽ നിന്നാണ് കണ്ണദാസൻ കാര്യം മനസ്സിലാക്കിയത്. ദുഃഖിതനായ കണ്ണദാസൻ പാശ്ചാത്താപവിവശനായി. ‘ആനന്ദവികടൻ’ മാസികയിലൂടെ ഹൃദയസ്പർശിയായ ആ പശ്ചാത്താപ പ്രവാഹം അണപൊട്ടിയൊഴുകി. അപ്പോഴാണ് ആ സൗഹൃദത്തിന്റെ ദൃഢത കേരളവും തമിഴകവും മനസ്സിലാക്കിയത്. മദ്യവും മദിരാക്ഷിയുമാണ് കണ്ണദാസന്റെ ജീവിതം തകർത്തത്. രണ്ടു ഭാര്യമാരും അവരിൽ പതിന്നാലു സന്താനങ്ങളും ഉണ്ടായിട്ടും അദ്ദേഹത്തിന്റെ മദിരോത്സവം അനുസ്യൂതം തുടർന്നു. മദ്യപാനാസക്തി ആരോഗ്യത്തെയും സർഗ്ഗചൈതന്യത്തെയും ബാധിച്ചു. ഡി.എം.കെ.യുടെ നയത്തിനു വിപരീതമായി അദ്ദേഹം നടത്തിയ ക്ഷേത്രദർശനം പാർട്ടിയുടെ ശാസനയ്ക്കിടയാക്കി. പാർട്ടിയിൽ നിന്ന് രാജിവെച്ച് നേതൃത്വത്തിനു നേരെ അദ്ദേഹം കൂരമ്പുകൾ എയ്തു. അതിൽ ഏറെയും ഏൽക്കേണ്ടി വന്നത് എം.ജി.ആറിനായിരുന്നു. പക്ഷേ എം.ജി.ആർ. തന്നെയാണ് കണ്ണദാസന്റെ ദുരന്തകാലത്ത് സഹായവുമായെത്തിയത്. കണ്ണദാസന് ആസ്ഥാന കവിപ്പട്ടം നൽകി ആദരിച്ചതും സാമ്പത്തിക സഹായം ചെയ്തതും മാത്രമല്ല 1981 ജൂലൈയിൽ നടന്ന ചിക്കാഗോ തമിഴ് സമ്മേളനത്തിൽ പങ്കെടുക്കാൻ അവസരം ഒരുക്കിയതും എം.ജി. ആർ. ആയിരുന്നു. അതേ വർഷം ഒക്ടോബർ പതിനേഴം തീയതി ചിക്കാഗോയിൽ വച്ചു തന്നെ അദ്ദേഹം അന്തരിച്ചപ്പോൾ ഭൗതിക ശരീരം നാട്ടിലെത്തിച്ച് സംസ്ഥാന ബഹുമതികളോടെ സംസ്കരിച്ചതും അദ്ദേഹത്തിന്റെ സ്വന്തം നാട്ടിലൊരു സ്മാരകം നിർമിച്ചതും എം.ജി.ആർ. ആയിരുന്നു. വയലാർ രാമവർമ്മയും കണ്ണദാസനും സമകാലികരാണ്. മാത്രമല്ല സുഹൃത്തുക്കളുമായിരുന്നു. ഒരിക്കൽ മദ്രാസിൽ വച്ച് രാത്രിയിൽ കൂട്ടുകാരനുമൊരുമിച്ച് അല്പം മിനുങ്ങി വിലസിയപ്പോൾ റോഡിൽ വച്ച് വയലാറിനെ പോലീസ് പിടികൂടി. ഒടുവിൽ കണ്ണദാസൻ ഇടപ്പെട്ടാണ് രക്ഷപ്പെടുത്തിയത്. ഇരുവരുടേയും സ്വഭാവത്തിനു എത്ര സാമ്യം. കവിത്വസിദ്ധിയിലും മദ്യപാനാസക്തിയിലും ഇരുവരും ഒരുപോലെ.പ്രൊഫ.ജി.ബാലചന്ദ്രൻ

ഗ്രീസിലെ ഏറ്റവും വലിയ ദുരന്ത നായകൻ
ഗ്രീസിലെ തീബ്സ് രാജ്യം ഐശ്വര്യ സമ്പൂർണ്ണമായിരുന്നു. ലായിയൂസ് രാജാവും രാജ്ഞിയും രാജ്യത്തേയും ജനങ്ങളേയും പരിപാലിച്ചു. അവർ രാജ്യത്തെ സ്വർഗ്ഗമാക്കി. രാജാവിനും രാജ്ഞിയ്ക്കും ഒരു തീരാ ദുഃഖം മാത്രം. അവർക്ക് സന്താനങ്ങളില്ല. പൂജയും പ്രാർത്ഥനകളുമൊക്കെ നടത്തി