തെക്കേ ഇന്ത്യയിലെ ശൈവ പ്രഭാവമുളള അഞ്ചിലൊരു കേന്ദ്രമാണ് അണ്ണാമല. എല്ലാ വർഷവും വൃശ്ചിക മാസത്തിലെ പൗർണ്ണമി നാളിൽ മല മുകളിൽ കാർത്തികദീപം തെളിക്കും. തിരുവണ്ണാമലയിൽ ശിവൻ വസിക്കുന്നു എന്നാണ് വിശ്വാസം. അവിടെ ദീപം തെളിക്കുന്നതിന് മുപ്പത്തഞ്ച് ലക്ഷത്തോളം പേർ പങ്കെടുക്കുമത്രേ. രാത്രിയിൽ അവിടം ഒരു ദീപ മലയായി മാറും. ഈ മലയുടെ പ്രഭാവത്തെക്കുറിച്ച് വേദവ്യാസൻ പ്രതിപാദിച്ചിട്ടുണ്ട്. ലോകത്തിന്റെ ഹൃദയ ഭൂമിയാണ് അണ്ണാമലയെന്നു രമണ മഹർഷി രേഖപ്പെടുത്തി. കൈലാസത്തിലും അണ്ണാമലയിലും ശിവന്റെ ദിവ്യ പ്രഭാവം ദർശിക്കാം. ദീപാർച്ചന നടക്കുന്നതിന് മൂന്ന് ദിവസം മുമ്പ് ക്ഷേത്രത്തിൽ പഞ്ച രഥങ്ങൾ പ്രദക്ഷിണം വയ്ക്കുന്നു. ലക്ഷങ്ങളാണ് അന്നും അവിടെ തടിച്ചു കൂടുന്നത്. അതു കാണാനുളള സൗഭാഗ്യം ഞങ്ങൾക്കുണ്ടായി. അരുണാചല പർവ്വതത്തിൽ കാണുന്ന ഓരോ കുഞ്ഞു കുഞ്ഞു മലകളും ശിവലിംഗം പോലെയാണിരിക്കുന്നത്. അതുകൊണ്ടാണ് ഇവിടെ ഭൂമിയിലെ സ്വർഗ്ഗം എന്നു വിളിക്കുന്നത്.
ഈ മല നിരയ്ക്ക് ജനങ്ങൾ നഗ്നപാദരായി വലം വയ്ക്കുന്നു. എട്ടു ശിവലിംഗ ക്ഷേത്രങ്ങൾ പാതയോരത്തുണ്ട്. മൊത്തം 14 കിലോമീറ്റർ. കുഞ്ഞുങ്ങളും വൃദ്ധരും ചെറുപ്പക്കാരും ഗർഭിണികളും ഗിരി വലം വയ്ക്കുന്നത് അപൂർവ്വ ദർശനമാണ്. അദ്വൈത സങ്കല്പമാണിവിടെ. ഒരിക്കലെങ്കിലും രമണാശ്രമവും തിരുവണ്ണാമലയും കാണുന്നത് സൗഭാഗ്യമാണ്.
തിരുവണ്ണാമലയിലെ പ്രധാന ക്ഷേത്രത്തിന് ചുറ്റിലും നാലു വലിയ ഗോപുരങ്ങളുണ്ട്. അതിനുള്ളിൽ ഓരോ ഉപക്ഷേത്രങ്ങൾക്കും ഗോപുരങ്ങൾ കാണാം . ക്ഷേത്രം കരിമ്പുകൾ കൊണ്ടാണ് ഉത്സവകാലത്ത് ചുറ്റും അലങ്കരിക്കുന്നത്. പച്ച തെങ്ങോല മെടഞ്ഞ് കൂട്ടിക്കെട്ടിയ പായ് കൊണ്ടാണ് മുകൾ ഭാഗം അലങ്കരിക്കുന്നത്.
ദമ്പതിമാർ നാലഞ്ചു കരിമ്പുകൾ കൂട്ടിക്കെട്ടി അതിന്റെ നടുക്കു തൊട്ടിൽകെട്ടി കുഞ്ഞിനെ കിടത്തി നഗ്നപാദരായി ക്ഷേത്രത്തിനു വലം വയ്ക്കുന്ന കാഴ്ച ആഹ്ളാദകരമാണ്. ആയിരക്കണക്കിനു ദമ്പതികളാണ് പ്രാർത്ഥിച്ച് സന്താനലാഭം ഉണ്ടായപ്പോൾ ആ കുട്ടിയേയും കൂട്ടി അണ്ണാമലക്ക് വലം വയ്ക്കാൻ എത്തുന്നത്. അത്രയ്ക്കധികം വിശ്വാസമാണ് അവർക്ക്.
അവിടെ വളരെ മനോഹരമായ ഒരു ആയിരം കാൽ മണ്ഡപമുണ്ട്. ക്ഷേത്ര നിർമ്മിതിയ്ക്കു ഉപയോഗിച്ചിരിക്കുന്ന കരിങ്കൽ ശില്പങ്ങളുടെ വലുപ്പവും ഭംഗിയും ഞങ്ങളെ അത്ഭുതപ്പെടുത്തി. എത്രായിരം ശില്പികളെയായിരിക്കണം ആ ക്ഷേത്ര നിർമ്മിതിയ്ക്ക് രാജക്കന്മാർ നിയോഗിച്ചത്. തമിഴ്നാട്ടിലെ എല്ലാ ക്ഷേത്രങ്ങൾക്കും അഭുതപൂർവ്വമായ വലുപ്പവും ശില്പ ഭംഗിയും ഗംഭീര്യവും കാണാൻ കഴിയും.
യാത്ര-യാത്ര-യാത്ര മാത്രമാണ് നമ്മുടെ പുറം കണ്ണും അകക്കണ്ണും തുറപ്പിക്കുന്നത്. ശബരിമലയിൽ പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിയുന്നത് ഇതിന് സമാനമാണ്. ശിവരാത്രിയിൽ അട്ടപ്പാടിയിലെ കൊല്ലകടവ് ഊരിൽ മല്ലീശ്വേരൻ ക്ഷേത്രത്തിന്റെ മലമുകളിൽ നൂറ്റി പതിനാറു പേർ വ്രതമെടുത്താണ് ദീപം തെളിക്കുന്നത്.
പ്രൊഫ.ജി.ബാലചന്ദ്രൻ
![](https://profgbalachandran.com/wp-content/uploads/2024/08/308800918_444463751082444_3974017734576925658_n-300x286.jpg)
ഗ്രീസിലെ ഏറ്റവും വലിയ ദുരന്ത നായകൻ
ഗ്രീസിലെ തീബ്സ് രാജ്യം ഐശ്വര്യ സമ്പൂർണ്ണമായിരുന്നു. ലായിയൂസ് രാജാവും രാജ്ഞിയും രാജ്യത്തേയും ജനങ്ങളേയും പരിപാലിച്ചു. അവർ രാജ്യത്തെ സ്വർഗ്ഗമാക്കി. രാജാവിനും രാജ്ഞിയ്ക്കും ഒരു തീരാ ദുഃഖം മാത്രം. അവർക്ക് സന്താനങ്ങളില്ല. പൂജയും പ്രാർത്ഥനകളുമൊക്കെ നടത്തി