രണ്ടു വർഷത്തെ മഹാമാരിക്കും പ്രളയത്തിനും ശേഷം ആഘോഷങ്ങളും ആർഭാടങ്ങളും വീണ്ടും തിരിച്ചെത്തിയിരിക്കുന്നു. വിഷാദ രോഗംകൊണ്ട് ജരാനര ബാധിച്ച ആ കഷ്ടകാലത്തിൽ നിന്നുള്ള മോചനം കേരളീയർക്ക് കേവലം നൈമിഷികമായിരുന്നുവോ? മാവേലി നാട്ടിൽ അരക്ഷിതാവസ്ഥയുടെ കലി ഉറഞ്ഞു തുള്ളുകയാണോ ?പൊതുജനാരോഗ്യം നിയമസമാധാനം,പൊതുഗതാഗതം,സ്ത്രീ സുരക്ഷ എന്നിവ തകരുകയും ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം, അഴിമതി,സ്വജനപക്ഷപാതം എന്നിവ വളരുകയും ചെയ്യുന്ന ദുരവസ്ഥ സാക്ഷര കേരളത്തിന് ഭൂഷണമല്ല.
രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് അഴിമതിയും ധൂർത്തും സ്വജന പക്ഷപാതവും പെരുകി. അത് ഭരണത്തിന്റെ ശോഭകെടുത്തി. വെട്ടിപ്പും തട്ടിപ്പും വർദ്ധിച്ചു. സഹകരണ സംഘങ്ങളിലെ കൊളളകൾക്കു അതിരില്ല. യൂണിവേഴ്സിറ്റികൾ പച്ചയായി അർഹതയില്ലാത്തവരെ നിയമിക്കുന്നു.പുതിയ പുതിയ തസ്തികകൾ സൃഷ്ടിച്ച് വഴിവിട്ടു നിയമനം നടത്തുന്നു. മന്ത്രിമാരുടെ പത്നിന്മാരും ബന്ധുക്കളും തോന്നിയതുപോലെ നിയമിക്കപ്പെടുന്നു. നിലവിലുള്ള ലോകായുക്താ നിയമത്തിന്റെ ചിറകരിയാനുള്ള ബില്ല് പാസ്സാക്കിക്കഴിഞ്ഞു.ഗവർണ്ണറും മുഖ്യമന്ത്രിയും തമ്മിൽ ശീത സമരത്തിലാണ്. ഭരണഘടനാപരമായ ബാദ്ധ്യതകൾ നിർവ്വഹിക്കുന്നതിൽ പരസ്പരം സഹകരിക്കണം.
മഴക്കാല രോഗങ്ങളെ തടയാൻ കഴിയുന്നില്ല. വൃത്തിഹീനമായ ഭക്ഷണശാലകൾ രോഗവാഹകരാകുമ്പോൾ ആരോഗ്യ വകുപ്പ് നോക്കുകുത്തിയാവുന്നു. ആശുപത്രികളിൽ മരുന്നില്ല. തെരുവു നായ്ക്കൾ കുഞ്ഞുങ്ങളേയും വഴിപോക്കരേയും കടിച്ചു പറിക്കുന്നു. വാക്സിനും വന്ധ്യംകരണവും ഫലപ്രദമാകുന്നില്ല. ആനയും കടുവയും പുലിയും വെട്ടുപോത്തും പന്നിയും നാട്ടിൽ മനുഷ്യൻ്റെ സ്വൈരജീവിതം തടസ്സപ്പെടുത്തുന്നു.
പൊതുമേഖലാ സ്ഥാപനങ്ങളുടെ ഗതി അധോഗതിയാണ്. നഷ്ടകച്ചവടത്തിൽ കെ.എസ്. ആർ. ടി. സി ക്ക് ഒപ്പമെത്താൻ കെ.എസ്. ഇ .ബി മത്സരിക്കുന്നുണ്ട്. പലയിടത്തും സി.ഐ.ടി.യു നിയമം കയ്യിലെടുക്കുന്നത് വ്യവസായിക മുരടിപ്പിനു കാരണമാകുന്നു. ട്രേഡ് യൂണിയന്റെ സമീപനം കൊണ്ടു പല ഫാക്ടറികളും അന്യ സംസ്ഥാനങ്ങളിലേക്കു പറിച്ച് നടുന്നു. പരമ്പരാഗത വ്യവസായങ്ങൾ തകരുമ്പോൾ സർക്കാർ നോക്കുകുത്തിയാവുന്നു. വിദേശത്തു ജോലി ചെയ്യുന്നവരുടെ തിരിച്ചു വരവ് വമ്പൻ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നു.
ഖജനാവ് ഏറെക്കുറെ ശൂന്യമാണ് . ബാണം പോലെ കുതിച്ചുയരുന്ന വിലക്കയറ്റം പിടിച്ചു നിർത്താനാവുന്നില്ല. എങ്കിലും കടം വാങ്ങി ദീവാളി കുളിക്കുകയാണ് സർക്കാർ. ശ്രീലങ്കയിലേക്കുള്ള ദൂരം അധികം ഒന്നുമില്ല എന്ന് അറിയാമെങ്കിലും ധൂർത്തിന് ഒരു കുറവും വരുത്താൻ സർക്കാരിന് ഭാവമമില്ല. എല്ലാത്തിലും ഒന്നാമതെത്തിയിട്ടും വിദ്യാഭ്യാസത്തെക്കുറിച്ച് പഠിക്കാൻ മന്ത്രിപ്പട യൂറോപ്പിലേക്ക് പറക്കുകയാണ്. പരസ്യത്തിനു പണം വാരിക്കോരി ചിലവഴിച്ച് മുഖം മിനുക്കാൻ ശ്രമിക്കുന്നു. സാമ്പത്തികാസൂത്രണമില്ലാത്ത നടപടികൾ എടുക്കുകയും അവസാനം കേന്ദ്രത്തെ പഴിചാരി രക്ഷപ്പെടാനും ശ്രമിക്കുന്നു. കെ-റെയിലും കെ-ഫോണും എങ്ങാട്ടാണോ ആവോ.
ക്രിമിനലുകളെ നിലയ്ക്കു നിർത്താൻ സർക്കാരിനു കഴിയുന്നില്ല. കൊലപാതകങ്ങളും ആത്മഹത്യയും സ്ത്രീ പീഡനവും വർദ്ധിക്കുന്നു. പോലീസ് നയം വികൃതമാണ്. പാർട്ടി ഓഫിസുകളുടെമേലുള്ള ആക്രമണം മാസങ്ങൾ കഴിഞ്ഞിട്ടും തുമ്പുണ്ടാക്കാൻ പോലീസിനു കഴിയുന്നില്ല.
അദാനിക്കു വേണ്ടിത്തുടങ്ങിയ വിഴിഞ്ഞം പദ്ധതി അവതാളത്തിലാണ്. ലത്തീൻ രൂപത തീരദേശത്തെ രക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഒരു മാസമായി സമരം നടത്തുന്നു. വിഴിഞ്ഞത്തെ കടലിൻ്റെ മക്കളെ സർക്കാർ കയ്യൊഴിഞ്ഞ മട്ടാണ്. പണത്തിന് മേലെ പരുന്തും പറക്കില്ലല്ലോ ?
അടിതൊട്ടു മുടിവരെ അരാജകത്വമാണ്. സർക്കാരാഫിസുകളിൽ കൈക്കൂലി കൊടുത്താലേ ഏതു കാര്യവും നടക്കൂ എന്ന സ്ഥിതിയാണ്. ജനകീയ പ്രശ്നങ്ങൾക്കു പരിഹാരമുണ്ടാക്കാനാവുന്നില്ല. കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കാൻ സാധിക്കുന്നില്ല. ഉദ്യോഗസ്ഥന്മാരുടേയും പോലീസിന്റെയും ട്രേഡുയൂണിയനുകളുടെയും പ്രവർത്തനം ഭരണത്തെ താറുമാറാക്കുന്നു.
കൃഷിരംഗത്ത് നേട്ടമുണ്ടാക്കാൻ കഴിയുന്നില്ല. വെള്ളപ്പൊക്കത്തിനും ഉരുൾ പൊട്ടലിനും കേരളത്തെ രക്ഷിക്കാൻ പ്രത്യേകം “ക്രൈസിസ് മാനേജ്മെന്റ് ” സത്വരമായി ശക്തിപ്പെടുത്തണം.
റോഡപകടങ്ങൾ കുടുന്നു. റോഡിലെ കുണ്ടിലും കുഴിയിലും പെട്ട് എത്രയോ പേരാണ് അകാലമൃത്യു വരിച്ചത്.
ശൈലജ ടീച്ചർക്ക് കിട്ടിയ മഗ്സാസെ അവാർഡ് വേണ്ടെന്ന് പറഞ്ഞ് സെൽഫ് ഗോളടിച്ച് സി.പി.എം രണ്ടാം മണ്ടത്തരം ചെയ്തിരിക്കുകയാണ്. അതിനിടെ കോൺഗ്രസ്സിന്റെ ഭാരത് ജോഡോ യാത്ര കേരളത്തിൽ കോൺഗ്രസ്സ് പ്രവർത്തകർക്ക് ഉത്തേജനം നൽകുന്നുണ്ട്.
ചരിത്ര പാഠങ്ങൾ ഉൾക്കൊള്ളാൻ കഴിയാത്ത സർക്കാർ സംസ്ഥാനത്തിനു തന്നെ ഭൂഷണമല്ല. സെൽ ഭരണത്തിന്റെ ദുരന്തഫലം 1959-ൽ കേരളത്തിൽ സംഭവിച്ചത് മറക്കരുത്.
പ്രൊഫ.ജി.ബാലചന്ദ്രൻ