തൃക്കാക്കരയിലെ യു. ഡി.എഫ് സ്ഥനാർത്ഥിയായി ഉമാ തോമസിനെ കോൺഗ്രസ് ഹൈക്കമാൻ്റ് പ്രഖ്യാപിച്ചു. പൊതുവെയുള്ള സുദീർഘമായ ചർച്ചകൾക്കും ഊഹാപോഹങ്ങൾക്കും തമ്മിലടികൾക്കും ഇടനൽകാതെ സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കിയ കോൺഗ്രസ് നേതൃത്വം അഭിനന്ദനം അർഹിക്കുന്നു. ജനപക്ഷ രാഷ്ട്രീയത്തിൻ്റെയും മണ്ണിനോട് ചേർന്നു നിന്ന വികസനത്തിൻ്റെയും കാവലാളായിരുന്ന പി.ടി. തോമസിൻ്റെ അകാല വിയോഗത്തെ തുടർന്നാണ് തൃക്കാക്കരയ്ക്ക് വീണ്ടും ജനവിധി തേടേണ്ടി വരുന്നത്.
കോൺഗ്രസിൻ്റെ കുത്തക സീറ്റാണെങ്കിലും പോരിനിറങ്ങുമ്പോൾ അടവുകൾ എല്ലാം സൂക്ഷിച്ചു തന്നെ വേണം. ഉമയുടെ സ്ഥാനാർത്ഥിത്വം തന്നെയാണ് കോൺഗ്രസ്സിൻ്റെ വിജയ സാധ്യത കൂട്ടുക എന്നതിൽ സംശയമില്ല. മത സാമുദായിക സമവാക്യങ്ങളും തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും എന്ന് തീർച്ച. ഇടതുപക്ഷവും കരുത്ത് കാട്ടാൻ സർവ്വ സന്നാഹങ്ങളെയും അണിനിരത്തും. ബി ജെ പിയും , ആം ആദ്മി, 20 : 20 സഖ്യവും പെട്ടിയിലാക്കുന്ന വോട്ടുകളും നിർണായകമാണ്. സർക്കാർ വിരുദ്ധ വോട്ടുകൾ ഭിന്നിച്ചു പോയാൽ അതിൻ്റെ ഗുണഭോക്താവ് സി.പി. എം തന്നെയാവും’.
മണ്ഡലത്തിൻ്റെ ചരിത്രവും ഭൂമിശാസ്ത്രവും സാമുദായിക സമവാക്യവും കണക്കിലെടുത്താൽ ഉമയുടെ ജയം ഇപ്പോഴെ സുനിശ്ചിതമാണ്. പക്ഷേ രാഷ്ട്രീയത്തിൽ ഒന്നും ഒന്നും എപ്പോഴും രണ്ടാവണമെന്നില്ല. കെ.റെയിലും കാലിയായ ഖജനാവും ഒരു തരം പാർട്ടി ആധിപത്യവും സ്വജനപക്ഷപാതവും കൊണ്ട് സങ്കീർണ്ണമായ രാഷ്ട്രീയ കാലാവസ്ഥ ഉമയ്ക്ക് അനുകുലമാകുമെന്നു പ്രതീക്ഷിക്കാം.
കെ.വി തോമസ് ഫാക്ടർ തൃക്കാക്കരയിൽ വലിയ ചലനങ്ങൾ ഉണ്ടാക്കില്ലെങ്കിലും, ഓരോ വോട്ടും മുന്നണിയുടെ വിജയത്തിന് പ്രധാനപ്പെട്ടതാണ്. താൻ ” വികസന രാഷ്ട്രീയത്തോടൊപ്പം ” എന്ന തോമസ് മാഷുടെ പ്രസ്താവന ഇരുവള്ളത്തിലും കാലു വെക്കുന്നതായിപ്പോയി. മാധ്യമങ്ങളോട് സംസാരിക്കവെ ഡൊമിനിക് പ്രസൻ്റേഷൻ പറഞ്ഞ ചില വാക്കുകൾ കോൺഗ്രസിന് ഹിതകരമല്ല. സൂക്ഷ്മതലത്തിൽ പ്രവർത്തനം സംഘടിപ്പിക്കുന്നതിൽ പാർട്ടിയും പ്രവർത്തകരും ഒറ്റക്കെട്ടായി നിൽക്കണം.
ആശയ വ്യക്തതയും ആദർശ നിഷ്ഠയും നിലപാടുകളിലുള്ള സൂക്ഷ്മതയും പി.ടി.തോമസിന്റെ പ്രത്യേകതകളായിരുന്നു. കേവലം സഹതാപ തരംഗമല്ല പ്രതീക്ഷിക്കുന്നത്. മഹാരാജാസ് കോളേജിൽ തുടങ്ങിയ ഉമയുടെ വിദ്യാർത്ഥി രാഷ്ട്രീയത്തെ വില കുറച്ചു കാണാനാവുകയില്ല. സോഷ്യൽ വർക്കിൽ മാസ്റ്റർ ബിരുദമുള്ള ഉമ സാമൂഹ്യ പ്രവർത്തനങ്ങളിലും ശോഭിക്കുമെന്ന കാര്യത്തിൽ തർക്കമില്ല.
ഉമയുടെ ജയത്തിനപ്പുറം ഒരു പ്രസ്ഥാനത്തിൻ്റെ ജയമായിരിക്കണം. കോൺഗ്രസ്സിൻ്റെ ഉയിർത്തെഴുനേൽപ്പ് തൃക്കാക്കരയിൽ നിന്ന് തുടങ്ങട്ടെ. തൃക്കാക്കരയിൽ ഉമാ തോമസ് യു.ഡി.ഫ് സ്ഥാനാർത്ഥിയാകണം എന്ന് ഏറെ മുമ്പ് തന്നെ ഞാൻ മുഖ പുസ്തകത്തിൽ കുറിച്ചിരുന്നു.
പ്രൊഫ. ജി.ബാലചന്ദ്രൻ