തൃക്കാക്കരയിലെ ഉപതിരഞ്ഞെടുപ്പ് ചിത്രം വ്യക്തമായി. ഐക്യമുന്നണിയും ഇടതുമുന്നണിയും ദേശീയ ജനാധിപത്യ സഖ്യവും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ത്രികോണ മത്സരം എന്നു പറയാമെങ്കിലും പോരാട്ടം കോൺഗ്രസിലെ ഉമാ തോമസും സി.പി.എമ്മിലെ ഡോ.ജോ ജോസഫും തമ്മിൽ തന്നെയാണ്. എ എൻ. രാധാകൃഷ്ണനെ മുൻനിർത്തി ശക്തി തെളിയിക്കാൻ ബി.ജെ.പി.യും ശ്രമിക്കുന്നു.
സാക്ഷരതയിൽ മുമ്പിലെത്തിയിട്ടും ജാതിയും മതവും രാഷ്ട്രീയവും പണവും തന്നെയാണ് ഇപ്പോഴും തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന ഘടകങ്ങൾ. കഴിഞ്ഞ തവണ 10.25 % വോട്ട് നേടിയ 20: 20 എന്ന കിഴക്കമ്പലം പാർട്ടി ഇത്തവണ കളത്തിലില്ല. ചൂലെടുത്ത് തൂത്തുവാരും എന്നു കരുതിയ ആം ആദ്മിയും അങ്കത്തിനിറങ്ങുന്നില്ല.
സ്ഥാനാർത്ഥിയെ ആദ്യം പ്രഖ്യാപിച്ച് കോൺഗ്രസ് ഒരു പടി മുന്നിലെത്തിയിരുന്നു. പാർട്ടിക്കുവേണ്ടി ചോര നീരാക്കി പണിയെടുത്ത അരുൺകുമാറിനെ മാറ്റി സി.പി.എം. ഡോ. ജോ ജോസഫിനെ പ്രഖ്യാപിച്ചു. സഭയുടെ സ്ഥാനാർത്ഥി എന്ന വിമർശനം ഉയർന്നെങ്കിലും അതെല്ലാം മറുതന്ത്രങ്ങൾ ഇറക്കി മറികടക്കാൻ സി.പി.എമ്മും ശ്രമിക്കുന്നുണ്ട്. മുഖ്യമന്ത്രിയും, മന്ത്രിപ്പടയും, MLA സംഘവും, സംഘടിതമായ പാർട്ടിയും ഉൾപ്പെടുന്ന അക്ഷൗഹിണിപ്പടയെ ഇറക്കിയാണ് ഇടതുമുന്നണി പ്രചാരണം മുന്നേറുന്നത്. കെ റെയിലും, ഇന്ധനവില വർദ്ധനവും സംസ്ഥാന കേന്ദ്ര ഭരണകക്ഷികൾക്കെതിരെ ജനവികാരമുയരുന്നതിന് തിരഞ്ഞെടുപ്പ് ചുണ്ടുപലകയാകും. വേഗതയുടെ പേരിൽ K-Rail നടപ്പിലാക്കുമെന്ന് പ്രതിജ്ഞയെടുക്കുന്ന ഭരണകക്ഷി ജനങ്ങൾക്ക് വേദന മാത്രമാണ് നൽകുന്നത്. ആയിരക്കണക്കിന് ജനങ്ങളെ നിരാധാരമാക്കാനും കോടിക്കണക്കിന് രൂപയുടെ കടം വാങ്ങി അതിൻ്റെ കമ്മീഷൻ പറ്റാനുമുള്ള സൂത്രം ജനങ്ങൾ തിരിച്ചറിയുന്നു.
ഐക്യമുന്നണി സ്ഥാനാർത്ഥിയും അന്തരിച്ച പി.ടി തോമസിൻ്റെ ഭാര്യയുമായ ഉമാ തോമസിനെ പത്മവ്യൂഹത്തിലകപ്പെട്ട അഭിമന്യുവിനെപ്പോലെ വളഞ്ഞിട്ടാക്രമിക്കുകയാണ്.
ഇതിഹാസവും ചരിത്രവും ഉറങ്ങാതെ സംവദിക്കുന്ന തൃക്കാക്കരയിലേത് ധർമ്മത്തിൻ്റയും നിലപാടിൻ്റെയും പോരാട്ടമാവട്ടെ. കോൺഗ്രസിനകത്തു നിന്ന് അരനൂറ്റാണ്ടുകാലം എല്ലാം അനുഭവിച്ച് അവസരവാദത്തിൻ്റെ പന്തിയിൽ നിൽക്കുന്ന ചിലർ ജനാധിപത്യത്തിനും രാഷ്ട്രീയത്തിനും അപമാനമാണ്. ഇത്തരം കൂറുമാറ്റമൊന്നും തിരഞ്ഞെടുപ്പിൽ തിരയിളക്കമുണ്ടാക്കില്ല.
പി.ടി ഉയർത്തിയ ആദർശശുദ്ധി ജീവിതത്തിൽ പകർത്തി തിരഞ്ഞെടുപ്പിനെ നേരിടുന്ന ഉമയെ പിന്തുണയ്ക്കേണ്ടത് സാമാന്യ നീതിമാത്രമാണ് എന്ന് ഞാൻ കരുതുന്നു. വിവാഹം കൊണ്ട് വിപ്ലവം തീർത്ത് രാഷ്ട്രിയത്തിൽ ധാർമ്മികത ഉയർത്തി ചന്ദ്രകളഭം പാടി മാഞ്ഞു പോയ പിടിയുടെ ഓർമകൾ തൃക്കാക്കരയിൽ നിന്ന് ഉമയിലൂടെ പ്രോജ്വലിക്കട്ടെ. അതിന് പള്ളിയും ക്ഷേത്രവുമൊന്നും തടസ്സമാവരുത്. താൽക്കാലിക ലാഭത്തിനപ്പുറം ശാശ്വതമായ ആദർശം തന്നെയാണ് തിരഞ്ഞെടുപ്പിൽ മാറ്റുരയ്ക്കേണ്ടത്. പിള്ളേര് കളി പോലെ ഒരു ഡോക്ടറെ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുന്നത് സമുദായ പിന്തുണ ഉന്നംവച്ചുള്ള തന്ത്രമാണ്.
ഈ തിരഞ്ഞെടുപ്പ് തോറ്റാലും ജയിച്ചാലും പിണറായി സർക്കാരിനെക്കുറിച്ചും പ്രതിപക്ഷത്തെക്കുറിച്ചുമുള്ള വിലയിരുത്തൽ കൂടിയായിരിക്കും . കാലിയായ ഖജനാവും താളം തെറ്റിയ ക്രമസമാധാനപാലനവും ജനങ്ങൾ ചർച്ച ചെയ്യും. 100 തികയ്ക്കാൻ കഴിയുമോ എന്ന അഗ്നിപരീക്ഷയിലാണ് ഭരണപക്ഷം. കുത്തക സീറ്റ് നിലനിർത്താൻ പ്രതിപക്ഷവും ശ്രമിക്കുന്നു.
തൃക്കാക്കര വിദ്യാസമ്പന്നരുടേയും മതേതര മനസ്ഥിതിക്കാരുടേയും ഒരു പരിച്ഛേദമാണ്. ഈ ജനവിധി ജനാധിപത്യത്തിൻ്റെ ഉരകല്ലാണ്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ജാതിമത ചിന്തകൾക്കതീതമായ നവ-മാനവികതയുടെ ദീപജ്യോതി തെളിയട്ടെ .
പ്രൊഫ ജി ബാലചന്ദ്രൻ