.
ലെനിൻ, ക്രുഷ്ചേവ് , സ്റ്റാലിൻ തുടങ്ങി എത്രയോ പ്രഗത്ഭരായ ഭരണാധികാരികൾ റഷ്യൻ ചരിത്രത്തിൽ ഇടം നേടിയവരാണ്.. എങ്കിലും ലോകജനത അവരേക്കാൾ ഉന്നത സ്ഥാനം നൽകി ആദരിക്കുന്നത് ദസ്തയേവ്സ്കിയേയും ലിയോ ടോൾസ്റ്റോയിയേയുമാണ്.! ചഞ്ചലചിത്തനും തടവുകാരനും അപസ്മാര രോഗിയുമായ ദസ്തയേവ്സ്കിയുടെ കഥാകദനവൈഭവം ലോകോത്തരമാണ്. മനുഷ്യ ജീവിതത്തിൻ്റെ എല്ലാ അവസ്ഥകളും വ്യക്തമാക്കുന്ന ” കുറ്റവും ശിക്ഷയും” എന്ന നോവൽ വിശ്വസാഹിത്യത്തിൽ തന്നെ ഏറ്റവും കൂടുതൽ ചർച്ചയായിട്ടുണ്ട്. ഈ നോവലിലെ റസ്ക്കാൾ നിക്കാഫ് സെൻറ് പീറ്റേർഴ്സ് ബർഗിലെ ഒരു ദരിദ്ര വിദ്യാർത്ഥിയാണ് . ഏകാകിയായ ആ യുവാവ് ഒരു കൊലപാതകം ആസൂത്രണം ചെയ്തു. അതിനവൻ ആദർശത്തിൻ്റെ പരിവേഷവും കൊടുത്തു. കൊള്ളപ്പലിശക്കാരിയും വിധവയും വൃദ്ധയുമായ ഒരു സ്ത്രിയെയും സഹോദരിയെയും ആ യുവാവ് കൊലപ്പെടുത്തി. അവിടെ നിന്ന് മോഷ്ടിച്ച പണവും പണ്ടവും ഒളിപ്പിച്ചു വെച്ചു. കൊല ചെയ്ത ശേഷം കുറ്റബോധം അയാളെ വേട്ടയാടി. കണ്ടു പിടിക്കുമെന്നും താൻ പിടികൂടപ്പെടുമെന്നും അയാൾ ഭയന്നു. ‘ അങ്ങനെ അലഞ്ഞു നടക്കുന്നതിനിടെ സോണിയ എന്ന പെൺകുട്ടിയെ പരിചയപ്പെട്ടു. റസ്ക്കാൽ നിക്കാഫിൻ്റെ മനോവിഭ്രാന്തി കണ്ട സോണിയ അയാളോട് കുറ്റമേറ്റ് പറഞ്ഞ് ശിക്ഷ വാങ്ങി മനസ്വസ്ഥത നേടാൻ പറയുന്നു. ഒടുവിൽ റസ്ക്കാൾ നിക്കാഫിനെ സൈബീരിയയിലേക്ക് നാടുകടത്തി. സോണിയ അയാളെ അനുഗമിച്ചു. ഇത്തരത്തിലുള്ള ദസ്തയേവസ്കിയുടെ കഥാകഥന രീതി ആരെയാണ് ആകർഷിക്കാത്തത്. അതിസാഹസികതയുടെ കർമ്മപഥങ്ങൾ താണ്ടിയ കഥാകാരന് അദ്ദേഹത്തിൻ്റെ 200-ാം ജന്മദിനത്തിൽ ഹൃദയപുഷ്പങ്ങൾ അർപ്പിക്കുന്നു.
പ്രൊഫ ജി ബാലചന്ദ്രൻ