കാലചക്രങ്ങൾ ഓടുന്നത് എത്ര പെട്ടെന്നാണ്. വീണ്ടും ഒരു വർഷം കൂടി കടന്നു പോയി. പോയ കാലത്തിൻ്റെ കണക്കു പുസ്തകത്തിൽ എഴുതിച്ചേർക്കാൻ ലാഭനഷ്ടക്കണക്കുകൾ ഏറെയുണ്ട്. പ്രതിസന്ധികൾക്കിടയിൽ വീണുപോയ ഒരുപാട് ബന്ധങ്ങൾ വീണ്ടെടുത്ത കാലമായിരുന്നു ഇത്. 2021 ലെ സന്തോഷങ്ങളിൽ നിറഞ്ഞു നിന്നത് “ഇന്നലെയുടെ തീരത്ത്” എന്ന എൻ്റെ ആത്മകഥയുടെ പ്രകാശനം തന്നെയായിരുന്നു .. ഏഴു പതിറ്റാണ്ടോളം എൻ്റെ ഉള്ളിൽ എരിഞ്ഞ കനലുകൾ അക്ഷരങ്ങളാൽ പകർത്തിയപ്പോൾ പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷം! മറ്റൊന്ന് മുഖപുസ്തകത്തിലൂടെ 136812 പേരുമായ് പുതു ചങ്ങാത്തത്തിൽ എത്താൻ കഴിഞ്ഞത് , എന്നെ ഏറെ സന്തോഷവാനാക്കി. ഇന്ത്യയും കേരളവും പ്രതിസന്ധികൾക്കിടയിലും കലാ കായിക സാഹിത്യ രംഗങ്ങളിൽ നേടിയ മികവുകളെ സർവ്വാത്മനാ സ്വാഗതം ചെയ്യുന്നു.
ഉരുൾപൊട്ടൽ, മഹാമാരി,വിലക്കയറ്റം,ഇന്ധന വിലവർദ്ധന ഇതൊക്കെ നമ്മുടെ നെഞ്ചകം തകർത്തു. മഹാമാരിയിൽ ഭാരതത്തിന് നഷ്ടമായത് നാലേമുക്കാൽ കോടി സഹോദരീ സഹോദരൻമാരെയാണ് കൊറോണ ശാന്തമാകും എന്നായപ്പോൾ ദേ വരുന്നു ഒമിക്രോൺ.
ഇതിനകം സാമ്പത്തിക അടിത്തറ തകർന്നു. ലക്ഷക്കണക്കിന് ആളുകൾക്ക് ജോലി നഷ്ടപ്പെട്ടു. തൊഴില്ലായ്മയും വിലക്കയറ്റവും ജനജീവിതം ദുസ്സഹമാക്കി .കർഷക സമരം പുതിയ പാഠം പഠിപ്പിച്ചു. സ്വാർത്ഥ താൽപ്പര്യത്തിനായ് ചില ബില്ലുകൾ ലാഘവത്തോടെ കേന്ദ്രവും കേരളവും പാസ്സാക്കിയെടുക്കുന്നതും നാം കണ്ടു.. ജാതി -മത വർഗ്ഗീയത മുടിയഴിച്ചാടുന്നു.. സംയുക്തസേനാ മേധാവി അടക്കമുളളവുടെ ഹെലികോപ്റ്റർ അപകട മരണം നമ്മുക്ക് നടുക്കം ഉണ്ടാക്കി.
അഴിമതിയും ഗുണ്ടാ വിളയാട്ടവും കൊലപാതകങ്ങളും മയക്കുമരുന്നിന്റെ വ്യാപനവും സൃഷ്ട്ടിച്ച ഭീകരത കഴിഞ്ഞ വർഷത്തിന്റെ ബാക്കി പത്രമാണ്. വിദ്യാഭ്യാസ-ഭരണരംഗം കുഴഞ്ഞു മറിഞ്ഞു. കെ റെയിൽ പദ്ധതി വൻ വിവാദങ്ങൾ സൃഷ്ടിച്ചിരിക്കുന്നു. കേരളത്തിൽ ഗവർണ്ണറും സർക്കാരും കൊമ്പുകോർത്തു. ഗവർണ്ണർ ചാൻസിലർ പദവി ഒഴിയുന്നു. കൊറോണ മൂലം നമ്മൾ അണിഞ്ഞ മുഖാവരണം ഇനിയെങ്കിലും അഴിച്ചു മാറ്റാൻ കഴിയണം. പലരും നമ്മെ വിട്ടു പോയി. നെടുമുടി വേണുവിന്റെയും പിടി തോമസിന്റെയും ഉൾപ്പെടെ പലരുടെയും വിയോഗം നൊമ്പരമുണ്ടാക്കി. പ്രകൃതിയും മനുഷ്യനും ചേർന്നൊരുക്കിയ പ്രതിസന്ധിയിൽ നിന്ന് മോചനത്തിന്റെ ആശാ കിരണങ്ങൾ 2022 ൽ പ്രതീക്ഷിക്കാം. പഴയ വർഷത്തിൽ നിന്നും പുതുവർഷത്തിലേക്ക് പ്രതിക്ഷയോടെ നമുക്ക് കാൽ വെയ്ക്കാം.
പ്രെഫ ജി ബാലചന്ദ്രൻ