മഹാഭാരത യുദ്ധത്തിനായി കുരുക്ഷേത്രത്തിൽ പോരാളികൾ നിരന്നു. യുദ്ധത്തിൻ്റെ ശംഖനാദം ഉയരുന്നതിനു മുമ്പ് പാണ്ഡവപ്പടയുടെ സർവ്വ സൈന്യാധിപനായ യുധിഷ്ഠിരൻ തേരിൽ നിന്നിറങ്ങി കൗരവപ്പടയുടെ നേരേ നടന്നു. അത് തോൽവി ഭയന്ന് സാഷ്ടാംഗ പ്രണാമം ചെയ്ത് കീഴടങ്ങാനാണെന്ന് ദുര്യോധനപ്പട കരുതി. അവർ പരിഹാസത്തോടെ ആർത്തു ചിരിച്ചു.
എന്നാൽ അചഞ്ചലമായ കർത്തവ്യബോധവും സത്യബോധവുമുള്ള യുധിഷ്ഠിരൻ, കൗരവപക്ഷത്ത് അണിനിരന്ന ഗുരുവരൻമാരായ ഭീഷ്മരും ദ്രോണരും ഉൾപ്പെടെയുള്ളവരെ വണങ്ങി അനുഗ്രഹം തേടാനാണ് തേരിൽ നിന്നിറങ്ങിയത്. മടങ്ങുമ്പോൾ ശത്രു പാളയത്തിലെ സഹോദരൻമാരെ നോക്കി യുധിഷ്ഠിരൻ ചോദിച്ചു: ” ധർമ്മ സംസ്ഥാപനത്തിൻ്റെ ഈ യുദ്ധത്തിൽ ആർക്കെങ്കിലും പാണ്ഡവപക്ഷത്ത് ചേരണമെങ്കിൽ കൂടെ വരാം ” . സന്നാഹം കൊണ്ട് കേമന്മാരായ എതിർപക്ഷത്തെ ദുർബലമാക്കുന്ന മന:ശാസ്ത്രതന്ത്രമാണ് ധർമ്മരാജാവ് പ്രയോഗിച്ചത്.
ആൾബലം കൊണ്ട് പാണ്ഡവരെ തവിടുപൊടിയാക്കാമെന്ന് ദുര്യോധനനെ നിരന്തരം ഉപദേശിച്ച ശകുനിതന്ത്രത്തിന് നേരെ ധർമ്മപുത്രർ അയച്ച നയതന്ത്രത്തിൻ്റെ ബ്രഹ്മാസ്ത്രമായിരുന്നു അത്. യുധിഷ്ഠിരൻ്റെ വിളി കേൾക്കേണ്ട താമസം , ദുര്യോധനപ്പടയിൽ നിന്ന് യുയുത്സു രഥത്തിൽ നിന്നിറങ്ങി പാണ്ഡവപക്ഷത്തേക്ക് നടന്നു ചേർന്നു. ആളും അർത്ഥവും അധികാരവും രാജ്യവും ഒന്നുമില്ലാത്ത പാണ്ഡവ പക്ഷത്തേയ്ക്ക്. !
ചതിയനെന്നും വഞ്ചകനെന്നും യുയുത്സുവിന് നേരെ ആക്രോശങ്ങൾ ഉയർന്നു. ദുര്യോധനൻ്റെ അധർമ്മത്തേക്കാൾ യുയുത്സു ഇഷ്ടപ്പെട്ടത് യുധിഷ്ഠിരൻ്റെ നയചാതുരിയും ധർമ്മവുമാണ്. അങ്ങനെ ‘യുദ്ധോത്സുകനായ’ യുയുത്സു ധർമ്മ പക്ഷത്തോടൊപ്പമായി.
ആരാണ് യുയുത്സു ?
കുരുക്ഷേത്ര യുദ്ധത്തിൽ ശേഷിച്ച ധൃതരാഷ്ട്രരുടെ ഏക പുത്രനാണ് യുയുത്സു . ഗാന്ധാരിയിൽ ജനിച്ച നൂറ്റവർ വേറെ. വൈശ്യ സ്ത്രീയായ സുഗതയിൽ ധൃതരാഷ്ട്രർക്ക് ജനിച്ച പുത്രനായതിനാൽ യുയുത്സു അനഭിമതനായിരുന്നു. കുടില തന്ത്രത്തിൻ്റെ ദുര്യോധന കൂടാരത്തിലായിരുന്നെങ്കിലും യുയുത്സു പാണ്ഡവർക്ക് പണ്ടേ വേണ്ടപ്പെട്ടവനായിരുന്നു. ഭീമസേനനെ വിഷം നൽകി കൊല്ലാനുള്ള നീക്കം പാണ്ഡവ പക്ഷത്തിന് ചോർത്തിക്കൊടുത്തത് യുയുത്സുവായിരുന്നു. പാണ്ഡവർ മോക്ഷകാംക്ഷികളായി യാത്ര തിരിക്കുമ്പോൾ പരീക്ഷിത്തിൻ്റെയും രാജ്യത്തിൻ്റെയും മേൽനോട്ടം ഏൽപ്പിച്ചതും യുയുത്സുവിനെ തന്നെയായിരുന്നു.
യുദ്ധസമയത്ത് കൂറുമാറി എതിർപക്ഷത്ത് ചേരുന്നത് നീതിയാണോ എന്ന ചോദ്യം ഉയരാം.? എങ്കിലും ആത്യന്തികമായ ശരി മനുഷ്യകുലത്തിൻ്റെ നന്മയാണെങ്കിൽ അതിൻ്റെകൂടെ നിൽക്കുന്നതല്ലേ ന്യായം ? .
ഇന്നത്തെ രാഷ്ട്രീയത്തിലും കൂറുമാറ്റവും കൂടുമാറ്റവും നടക്കുന്നത് പണത്തിനു വേണ്ടിയും അധികാരത്തിനു വേണ്ടിയുമാണ്. അതുപോലെ ആയിരുന്നില്ല യുയുത്സുവിൻ്റെ നിലപാട്.
പടയുടെ വലുപ്പമോ, പടക്കോപ്പുകളുടെ എണ്ണമോ അല്ല പ്രധാനം. മനുഷ്യ ജീവനാണ്. ധർമ്മമാണ്. അത് അന്നേ മനസിലാക്കുവാൻ യുയുത്സുവിന് കഴിഞ്ഞു. കുലം മുടിക്കുന്ന ശകുനിമാരുടെ ഉപദേശത്തേക്കാൾ ശ്രേഷ്ഠം ന്യായ പക്ഷത്ത് ചേർന്ന യുയുത്സുവാണ്. ദുര്യോധനൻ്റെ പരാജയത്തിനു കാരണം അദ്ദേഹത്തിൻ്റെ അധികാരാർത്തിയും പാണ്ഡവരോടുള്ള വിദ്വേഷവുമായിരുന്നു. യുയുത്സുവിൻ്റെ ജീവിതം കൊണ്ട് വ്യാസൻ പഠിപ്പിക്കുന്നത് മനുഷ്യകുലത്തിൻ്റെ നന്മ എന്നും സുമനസുകളിലാണെന്നാണ്.
പ്രൊഫ ജി ബാലചന്ദ്രൻ