ധർമ്മപുത്രർ ഭാരത ചക്രവർത്തിയായി വിരാജിക്കുന്ന കാലം. അദ്ദേഹം അശ്വമേധയാഗം നടത്തി. സമാനതകളില്ലാത്ത ദാനധർമ്മങ്ങൾ ചെയ്തു. എപ്പോഴും ധർമ്മപുത്രർ ഇതു പറഞ്ഞു കൊണ്ടിരുന്നു.അദ്ദേഹത്തിന്റെ ദാനധർമ്മത്തിന്റെ വലുപ്പവും മഹത്ത്വവും കേട്ടു കേട്ടു ശ്രീകൃഷ്ണനു മടുത്തു. ഒരിക്കൽ ധർമ്മപുത്രരേയും കൂട്ടി ശ്രീകൃഷ്ണൻ പാതാളത്തിലെ ചക്രവർത്തി മഹാബലിയെ കാണാൻ പുറപ്പെട്ടു. അവിടെ ചെന്നപ്പോഴും ധർമ്മപുത്രർ താൻ നടത്തുന്ന ദാനധർമ്മങ്ങളെക്കുറിച്ച് വീമ്പിളക്കി. മഹാബലി വളരെ സൗമ്യനായി പറഞ്ഞു. ഞാനും ചക്രവർത്തിയായിരുന്നു. അന്ന് എന്റെ രാജ്യത്ത് പല്ലക്കയച്ചു കൊടുത്താൽ പോലും ഒരാളും ദാനധർമ്മങ്ങൾ സ്വീകരിച്ചിരുന്നില്ല. കാരണം അവരെല്ലാം ആത്മാഭിമാനത്തോടെ അദ്ധ്വാനിച്ച് ജീവിച്ചു. ഒരു മാതൃകാരാജ്യത്ത് ദാനധർമ്മങ്ങൾ ഭൂഷണമല്ല. ഇതുകേട്ട് ധർമ്മപുത്രർക്കുണ്ടായ ജാള്യത നിസ്സാരമല്ല. ശ്രീകൃഷ്ണന്റെ മുഖത്ത് ഒരു മൗന മന്ദഹാസം വിടർന്നു.
വാമനൻ മഹാബലിയെ ശിരസ്സിൽ ചവുട്ടി പാതാളത്തിലേക്കു താഴ്ത്തി എന്നും അദ്ദേഹം ഒരിക്കൽ തന്റെ പ്രജകളെ കാണാൻ വരുന്നുയെന്നുമാണ് മലയാളിയുടെ വിശ്വാസം. ആ മഹാബലിയുടെ ഭരണകാലത്തിന്റെ മഹത്ത്വത്തെ വാഴ്ത്തിപ്പാടുന്നതേ നമുക്കറിയൂ.അതിനേക്കാൾ വലിയ ഒരു മഹാബലിയെ നാമിവിടെ ദർശിക്കുന്നു.
(മഹാബലിയുടെ ഐതീഹ്യത്തെക്കുറിച്ച് ഞാൻ വായിച്ചറിഞ്ഞ മറ്റൊരു കഥയാണിത്).
പ്രൊഫ.ജി.ബാലചന്ദ്രൻ

ഗ്രീസിലെ ഏറ്റവും വലിയ ദുരന്ത നായകൻ
ഗ്രീസിലെ തീബ്സ് രാജ്യം ഐശ്വര്യ സമ്പൂർണ്ണമായിരുന്നു. ലായിയൂസ് രാജാവും രാജ്ഞിയും രാജ്യത്തേയും ജനങ്ങളേയും പരിപാലിച്ചു. അവർ രാജ്യത്തെ സ്വർഗ്ഗമാക്കി. രാജാവിനും രാജ്ഞിയ്ക്കും ഒരു തീരാ ദുഃഖം മാത്രം. അവർക്ക് സന്താനങ്ങളില്ല. പൂജയും പ്രാർത്ഥനകളുമൊക്കെ നടത്തി