ഇറ്റലിയിൽ ജനിച്ച വിശ്വ വിശ്രുതനായ മൈക്കലാഞ്ജലോ അഭൂത പൂർവ്വമായ കലാ സൃഷ്ടികളാണ് നടത്തിയത്. ഏകാകിയായി, ആരോടും കുട്ടു കുടാതെ രൂക്ഷ സ്വഭാവക്കാരനായി ജീവിച്ചു. കലാകാരനാവുക എന്നതായിരുന്നു ജീവിതാഭിലാഷം. നഗ്ന പുരുഷ ശില്പങ്ങളോടും ചിത്രങ്ങളോടുമായിരുന്നു അദ്ദേഹത്തിനു താത്പര്യം.
യേശു ക്രിസ്തുവിന്റെ മൃതദേഹം മടിയിൽ വച്ച് ദുഃഖമടക്കിപ്പിടിച്ചിരിക്കുന്ന കന്യാ മറിയത്തിന്റെ വിശ്രുത ശില്പമാണ് മൈക്കലാഞ്ജലോയുടെ മാസ്റ്റർ പീസ്. “പിയെത്ത” എന്നാണ് ആ ശില്പം അറിയപ്പെടുന്നത്. അദ്ദേഹം കൈയൊപ്പു ചാർത്തിയ ഏക മാർബിൾ ശില്പവുമതാണ്. പതിനാറാമത്തെ വയസ്സിൽ തന്നെ സ്വന്തം ശൈലി രൂപപ്പെടുത്തി. തന്നെക്കാൾ 20 വയസ്സു കുടുതലുള്ള ലിയോനാർഡോ ഡാവിഞ്ചിയുമായി വലിയ ശത്രുതയിലായിരുന്നു.
അനേകം ശവ ശരീരങ്ങൾ പരിശോധിച്ച് മനുഷ്യ ശരീരഘടന അദ്ദേഹം പഠിച്ചു. ആത്മ പ്രചോദനമായിരുന്നു. മൈക്കലാഞ്ജലോയുടെ കലാ ശക്തി. ‘പിയെത്ത’ എന്ന മാർബിൾ ശില്പം കലയേയും സാഹിത്യത്തേയും തത്ത്വചിന്തയേയും മതത്തേയും പ്രചോദിപ്പിച്ചു കൊണ്ടിരിക്കുന്നു.
ഇസ്രേലിന്റെ ശത്രുക്കളെ ഇച്ഛാശക്തിയും ദൈവ വിശ്വാസവും കൊണ്ടു തോല്പിച്ച ബൈബിൾ കഥാപാത്രമായ ‘ഡേവിഡി’നെ മൈക്കലാഞ്ജലോ മാർബിളിൽ കൊത്തിയെടുത്തു. 14.24 അടി ഉയരമുള്ള ഈ ശില്പം 1501 ലാണ് സൃഷ്ടിച്ചത്.
പോപ്പ് ജൂലിയസ് രണ്ടാമന്റെ ശവകുടീരം പണിയാനും മൈക്കലാഞ്ജലോയെയാണ് ഏല്പിച്ചത്. പോപ്പ് കാലം ചെയ്ത് 32 വർഷം കഴിഞ്ഞേ ആ ശവകുടിരം പൂർത്തിയായുള്ളു. അദ്ദേഹം ഫ്രാൻസ് വിട്ട് റോമിലെത്തി. അവിടെ പോപ്പ് ക്ലമന്റ് ഏഴാമൻ സിസ്റ്റൈൻ ചാപ്പലിൽ അന്ത്യവിധിയുടെ ചുമർ ചിത്രം വരയ്ക്കാൻ കരാർ ചെയ്തു. സിസ്റ്റൈൻ ചാപ്പലിന്റെ മേൽത്തട്ടിൽ 300 രൂപങ്ങളാണ് അദ്ദേഹം വരച്ചത്. എക്കാലത്തേയും വിഖ്യാത ചിത്രമാണത്.
“The last Judgement” (അന്ത്യവിധി) അദ്ദേഹം വരച്ചു തീർത്തപ്പോൾ അതിലെ നഗ്ന ചിത്രങ്ങൾ വരച്ച അദ്ദേഹത്തിനെതിരെ വിമർശന ശരങ്ങൾ പലരും തൊടുത്തു വിട്ടു. ബിയോജിയോഡാ സെസെന എന്ന മുഖ്യ വിമർശകൻ പറഞ്ഞു: “ഈ ചിത്രം വിശുദ്ധാലയത്തിലല്ല, മറിച്ച് ശൗചാലയത്തിലാണ് വരയ്ക്കേണ്ടത് ” എന്ന്. ചാപ്പലിൻ വരച്ച ചിത്രങ്ങളെ പോപ്പ് പോൾ മൂന്നാമനും തുടർന്നു വന്ന ജൂലിയസ് മുന്നാമനും എതിർത്തില്ല.
നഗ്നമായ പുരുഷ രൂപങ്ങളെ ചിത്രീകരിക്കാനാണ് അദ്ദേഹം വെമ്പിയത്. സ്ത്രീകളിൽ നിന്നും സൗഹൃദങ്ങളിൽ നിന്നും അദ്ദേഹം അകന്നു നിന്നു. കോമളവും പേലവുമായ ഭാവങ്ങൾക്ക് അദ്ദേഹം പ്രാധാന്യം നല്ലികിയില്ല. രൗദ്രതയും ബീഭത്സവും ചിത്രങ്ങളിൽ തെളിഞ്ഞു കാണാം അന്ത്യം വരെയും അദ്ദേഹം ശില്പങ്ങൾ നിർമ്മിച്ചു.
മൈക്കലാൻഞ്ജലോയുടെ ശില്പ വൈഭവം കാലാതിവർത്തിയായി നില കൊള്ളുന്നു.
കൈ കാലുകളുടെ അളവുകൾ കൃത്യമായി എടുത്തിട്ടാണ് ശില്പികൾ ശില്പം മെനയുന്നത്.
നമ്മുടെ കാനായി കൂഞ്ഞുരാമന് സ്ത്രീയുടെ നഗ്ന ശരീരം ആവിഷക്കരിക്കുന്നതിലാണ് കമ്പം. “മലമ്പുഴയിലെ യക്ഷി”,”ശംഖുമുഖത്തെ സാഗര കന്യക” തുടങ്ങിയവ ഉദാഹരണങ്ങൾ.
പ്രൊഫ.ജി.ബാലചന്ദ്രൻ