എറണാംകുളത്ത് നടന്ന സി.പി.എം. സംസ്ഥാന സമ്മേളനം കോടിയേരി ബാലകൃഷ്ണനെ വീണ്ടും സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തിരിക്കുന്നു. സംസ്ഥാന കമ്മറ്റി അംഗങ്ങൾക്ക് 75 വയസ്സ് എന്ന പ്രായപരിധി കർശനമാക്കിയപ്പോൾ സെക്രട്ടറിയേറ്റിലും, സംസ്ഥാന കമ്മറ്റിയിലും യുവാക്കൾക്ക് കൂടുതൽ പ്രാതിനിധ്യം കിട്ടിയിട്ടുണ്ട്. അത് മാതൃകാപരമായ തീരുമാനമാണ്. വിഭാഗീയതകൾ ഇല്ലാ എന്നു പറയുമ്പോഴും വെട്ടലും ഒതുക്കലും ഇരുത്തലും തിരുത്തലുമൊക്കെ നടന്നതായി പുതിയ നേതൃ പട്ടിക പരിശോധിച്ചാൽ അറിയാൻ കഴിയും. ആർമിയുണ്ടാക്കി അങ്കം വെട്ടിയെങ്കിലും പി. ജയരാജൻ ഇപ്പോഴും സെക്രട്ടറിയേറ്റിനു പുറത്തു തന്നെ. സ്ത്രീ പ്രാതിനിധ്യം സംബന്ധിച്ച ചോദ്യങ്ങൾക്ക് ഫലിതത്തിൽ ചാലിച്ചതെങ്കിലും കോടിയേരിയുടെ മറുപടി ഉചിതമായില്ല. സദാചാരവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് പാർട്ടിയിൽ നടപടി നേരിട്ടയാൾ തന്നെ സംസ്ഥാന കമ്മറ്റിയിലേക്ക് തിരികെ എത്തിയത് വിമർശനമർഹിക്കുന്നു. ഉൾപ്പാർട്ടി ചർച്ചയും ഉൾപ്പാർട്ടി വിപ്ലവവും എല്ലാം പറയുമെങ്കിലും സർവ്വം പിണറായി മയം തന്നെയായിരുന്നു. 37 വർഷത്തിനു ശേഷമാണ് പാർട്ടി സംസ്ഥാന സമ്മേളനം എറണാംകുളത്ത് വച്ച് നടന്നത്. വി. എസ്. അച്ചുതാനന്ദൻ പങ്കെടുക്കാത്ത ഏക സമ്മേളനം കൂടിയായിരുന്നു ഇത്.
കാർക്കശ്യത്തിൻ്റെ ഇടതു പാതയിൽ നിന്ന് പാർട്ടി മാറുകയാണെന്ന് എറണാംകുളം സമ്മേളനം പ്രഖ്യാപിച്ചു കഴിഞ്ഞു. അതു പ്രകാരം സ്വകാര്യവൽക്കരണത്തോടും, ആഗോളവൽക്കരണത്തോടും, ഉദാരവൽക്കരണത്തോടുമുള്ള പാർട്ടിയുടെ നയ സമീപനത്തിൽ കാതലായ മാറ്റം വരും. ഒരു ഭാഗത്ത് സൈദ്ധാന്തികമായി എതിർക്കലും മറുഭാഗത്ത് സ്വകാര്യ മൂലധനത്തിന് ചുവന്ന പരവതാനി വിരിക്കലുമായിരുന്നു കഴിഞ്ഞ കുറേ വർഷങ്ങളായി പാർട്ടിയുടെ നയം. അതിൻ്റെ ദുരന്തമായിരുന്നു നന്ദിഗ്രാമിലൂടെ ബംഗാളിൽ കണ്ടത് . കേരളത്തിലും ഇടതു സർക്കാർ ആഗോള സ്വകാര്യ മൂലധനശക്തികളോട് മൃദു സമീപനം തന്നെയാണ് എന്നും സ്വീകരിച്ചത്. ആഗോളവൽക്കരണ കാലത്ത് അതിൽ വലിയ തെറ്റൊന്നും പറയാൻ കഴിയില്ല. എന്നാൽ പാർട്ടിയുടെ വാക്കും പ്രവൃത്തിയും മോരും മുതിരയും പോലെയായിരുന്നു. അത് ട്രാക്ടർ മുതൽ കമ്പ്യൂട്ടർ വരെ എല്ലാത്തിലും കണ്ടതാണ്.
വിദ്യാഭ്യാസ രംഗത്ത് സ്വകാര്യ – വിദേശ സർവ്വകലാശാലകളെ പ്രോത്സാഹിപ്പിക്കണം എന്ന നിലപാട് പാർട്ടി പ്രഖ്യാപിച്ചു കഴിഞ്ഞു. അത് വൈകി ഉദിച്ച വിവേകമാണ്. ഇതേ കാരണം കൊണ്ടാണല്ലോ പണ്ട് ഒരു മുൻ നയതന്ത്രജ്ഞനെ അടിച്ചു താഴെയിട്ടത്. വൈകിയെങ്കിലും നയം തിരുത്തി പാർട്ടി പശ്ചാത്തപിച്ചിരിക്കുന്നു.
നോക്കു കൂലിയോടും, വികസന വിരുദ്ധതയോടും കർശന നിലപാടെടുക്കുമ്പോൾ പാർട്ടി കുറ്റസമ്മതം നടത്തുകയാണ്. ഈ നാടിൻ്റെ വികസന മുരടിപ്പിൽ ഞങ്ങൾക്കും ഒരു പങ്കുണ്ടെന്ന പരസ്യമായ ഖേദപ്രകടനം . സമ്മേളനം നൽകുന്ന മറ്റൊരു സൂചന കെ റെയിൽ ഉൾപ്പെടെയുള്ള പദ്ധതികളുമായി മുന്നോട്ടു പോവും എന്നു തന്നെയാണ്. ഒന്നേ പറയാനുള്ളൂ.. പദ്ധതികളാവാം.. പക്ഷെ ജനവിരുദ്ധമാവരുത്. അല്ലെങ്കിൽ ” മൂലധന ” വും ” കമ്യൂണിസ്റ്റ് മാനിഫെസ്‌റ്റോയും ” ചേർന്ന് ഭരണകൂടത്തെ പിഴുതെറിയും. അപ്പോൾ ” നമോ നമസ്തെ” എന്നു തന്നെ പറയേണ്ടി വരുമോ. ആവോ ?
പ്രൊഫ ജി ബാലചന്ദ്രൻ