വരകളുടെയും വര്‍ണ്ണങ്ങളുടെയും പുതിയ ലോകം സൃഷ്ടിക്കാനാണ് കെ. കരുണാകരന്‍ കണ്ണൂരില്‍ നിന്ന് തൃശൂരിലെത്തിയത്. ചിലര്‍ ജന്മനാ നേതാക്കളായി ജനിക്കുന്നു, വേറെ ചിലരുടെ ശിരസ്സില്‍ നേതൃത്വത്തിന്‍റെ കിരീടം ജനങ്ങള്‍ ചാര്‍ത്തുന്നു. മറ്റു ചിലര്‍ നേതൃത്വത്തിന്‍റെ ഗിരിശൃംഗത്തിലേക്കു ഓടിക്കയറുന്നു. ഇച്ഛാശക്തിയും ഭാഗ്യവും വിധിയും കൊണ്ടാണ് അത് സംഭവിക്കുന്നത്. കരുണാകരനില്‍ അതെല്ലാം ഒത്തിണങ്ങിയിരുന്നു. കൊച്ചി, തിരുക്കൊച്ചി, കേരളം എന്നീ മൂന്നു നിയമസഭകളിലും അദ്ദേഹം അംഗമായിരുന്നു. രാജ്യസഭയിലും പാർലമെന്റിലും അംഗമായി. യു.ഡി.എഫ് ഉണ്ടാക്കിയത് ലീഡറാണ്. അതൊരപൂര്‍വ്വ സംഭവമാണ്. മാളയില്‍ നിന്ന് എട്ടു പ്രാവശ്യമാണ് ജയിച്ച് എം.എല്‍.എ ആയത്. മാളയുടെ മാണിക്യം എന്നാണ് മാളക്കാര്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചത്. ആരോപണങ്ങളുടെ കൂരമ്പെയ്തും ആക്ഷേപങ്ങളുടെ ചെളി വാരിയെറിഞ്ഞും അദ്ദേഹത്തെ നിര്‍വീര്യനാക്കാന്‍ പലരും പലവട്ടം ശ്രമിച്ചു. ആരോപണശരങ്ങളെ ചിരിച്ചുകൊണ്ടാണദ്ദേഹം നേരിട്ടത്. മുനിസിപ്പല്‍ കൗണ്‍സിലറില്‍ തുടങ്ങി ഇന്ത്യന്‍ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നതിന്‍റെ കിംഗ്മേക്കര്‍ വരെയായി ലീഡര്‍ ഉയര്‍ന്നു. കെ.കരുണാകരൻ്റെ നേതൃ പാടവം അന്യാദൃശ്യമാണ്. അദ്ദേഹത്തിൻ്റെ സ്മാരകം പോലെ എറണാംകുളത്തെ സിയാൽ വിമാനത്താവളവും ജവഹർലാൽ നെഹ്രു സ്റ്റേഡിയവും ഗോശ്രീയും തുടങ്ങി എണ്ണം പറയാവുന്ന എത്രയെത്ര നേട്ടങ്ങൾ’. ഗ്രൂപ്പിസത്തിൻ്റെ അതിപ്രസരത്തിൽ അദ്ദേഹം എന്നും മേൽക്കൈ നേടി. എന്നോട് പുത്രനിർവ്വിശേഷമായ വാത്സല്യവും സ്നേഹവുമായിരുന്നു. ആശ്രിതവത്സലനായ അദ്ദേഹം ജനങ്ങളെ നയിക്കുന്ന യഥാർത്ഥ ലീഡർ തന്നെ ആയിരുന്നു. പള്ളിപ്പുറത്തെ കാറപകടവും രാജൻ കേസും ചാരക്കേസുമാണ് അദ്ദേഹത്തെ പത്മവ്യൂഹത്തിലാക്കിയത്. സ്വന്തം പാർട്ടിക്കാരും രാഷ്ട്രീയ എതിരാളികളും അതിന് കുട പിടിച്ചു. വ്യാജ ആരോപണങ്ങളെയെല്ലാം അദ്ദേഹം അതിജീവിച്ചു. വർഷങ്ങൾ പലതു കഴിഞ്ഞെങ്കിലും ലീഡർ ഇന്നും ജനമനസുകളിൽ ജ്വലിച്ചു നിൽക്കുന്നു. സ്മൃതിദിനത്തിൽ ഒരായിരം സ്നേഹപുഷ്പങ്ങൾ.
പ്രൊഫ ജി ബാലചന്ദ്രൻ