ഒരു ഗ്രാമത്തിലെ ക്ഷേത്രത്തിനു പുറത്തു കൂടി വഴി നടക്കാനുള്ള ഒരാവശ്യസമരം ഒരു തീപ്പൊരിയായി ഇന്ത്യയാകെ പടർന്നു പന്തലിച്ചതാണ് വൈക്കം സത്യാഗ്രഹം. ബ്രിട്ടീഷ് ഭരണമെന്നോ നാട്ടുരാജ്യമെന്നോ, സവർണ്ണ ക്ഷേത്രമെന്നോ ഭേദമില്ലാതെ കേരളീയർ ഒത്തു ചേർന്ന ഒരു മഹാ പ്രസ്ഥാനത്തിന്റെ തുടക്കമായിരുന്നു അത്. ടി.കെ മാധവന്റെ ഇംഗ്ലീഷ് വാഗ്വിലാസത്തിൽ അയിത്തത്തിൻ്റെ സമൂലമാറ്റത്തിന് വൈക്കത്തും പിന്നീട് ഗുരുവായൂരിലും തുടർന്ന് മറ്റു ക്ഷേത്രങ്ങളിലും ദളിതർക്കു കൂടി പ്രവേശനമനുവദിച്ചത് വൈക്കം സത്യാഗ്രഹത്തിന്റെ ബാക്കി പത്രമാണ്. സവർണ്ണ നാട്ടാശാന്മാർ സവർണ്ണക്കുട്ടികളെ ചൂരൽ കൊണ്ട് തൊട്ടടിക്കുമ്പോൾ അവർണ്ണക്കുട്ടികളെ എറിഞ്ഞടിക്കുകയായിരുന്നു പതിവ്. മന്നത്തു പത്മനാഭന്റെ നേതൃത്വത്തിൽ വൈക്കത്തേക്കു നടത്തിയ സവർണ്ണ ജാഥയും പിന്നീട് എ.കെ.ഗോപാലന്റെ നേതൃത്വത്തിൽ ഗുരുവായൂരിലേക്കു നടത്തിയ സവർണ്ണ ജാഥയും മനുഷ്യ സമത്വത്തിനു തുടക്കം കുറിച്ചു. 1924 മാർച്ചു 30 മുതൽ ആരംഭിച്ച വൈക്കം സത്യാഗ്രഹം 603 ദിവസം നീണ്ടു നിന്നു. പല മാമൂലുകളെയും കടപുഴക്കിയെറിഞ്ഞു.
പട്ടിക്കും പൂച്ചയ്ക്കും പശുവിനും നടക്കാവുന്ന പൊതുവഴിയിലൂടെ ഒരിക്കൽ ശ്രീനാരായാണ ഗുരു റിക്ഷായിൽ അതു വഴി വന്നപ്പോൾ ഒരു സവർണ്ണ സ്ത്രീ ഗുരുവിനോടു വഴിമാറിപ്പോകാൻ ആജ്ഞാപിച്ചു. സ്വാമി റിക്ഷയിൽ നിന്നിറങ്ങി വഴി മാറി നടന്നു. വൈക്കം സത്യാഗ്രഹത്തിനു വേണ്ടി തന്റെ ഓഫീസ് സത്യാഗ്രഹസമരത്തിനായി ഒഴിഞ്ഞു കൊടുത്തു. മാത്രമല്ല 1000 രൂപാ സംഭാവനയും ചെയ്തു. മഹാന്മാ ഗാന്ധിയുടെ നേതൃത്വത്തിൽ നടത്തിയ സമരത്തിന്റെ രൂപഭാവങ്ങൾക്ക് അഖിലേന്ത്യാ പ്രസക്തി ഉണ്ട് . അദ്ദേഹം വൈക്കം സത്യാഗ്രഹത്തിന്റെ ആവശ്യകതയെക്കുറിച്ചു സംസാരിക്കാൻ ഇണ്ടൻ തുരുത്തുമനയിലെത്തി. അപ്പോൾ വൈശ്യനായ ഗാന്ധിജിയെ അകത്തു പ്രവേശിപ്പിക്കാതെ തിണ്ണയിലിരുത്തിയാണ് സംസാരിച്ചത്. ആ മന ഇപ്പോൾ ചെത്തു തൊഴിലാളി യൂണിയൻ ആഫീസാണ്. 1806 ലും വൈക്കത്ത് ക്ഷേത്ര പ്രവേശനത്തിനുള്ള ധീരമായ ശ്രമവും ചെറുത്ത് നിൽപ്പും ഉണ്ടായിരുന്നു. അക്കാലത്ത് *അമ്പലത്തിനുള്ളിൽ കയറിയ സാഹസികരായ കുറച്ചു ഈഴവ യുവാക്കളെ ക്ഷേത്രത്തിന്റെ മൂന്നു കവാടവും അടച്ച് കിഴക്കേ നടയിലുടെ തള്ളിയറക്കി ദളവായുടെ പട്ടാളം അവരെ അരിഞ്ഞ് ഒരു കുളത്തിൽ തള്ളി. ആ കുളമാണ് ദളവാക്കുളം. ഇപ്പോഴത് ദളവാക്കുളം ബസ്സ് ടെർമിനലാണ്. വാളിൽ പറ്റിയ ചോരക്കറ കഴുകിയെടുത്തത് വെട്ടുമനയിൽ വച്ചാണ്. ആ മന ഇപ്പോഴുമുണ്ട്.* ഈ. വി. രാമസ്വാമി നായ്ക്കരുടെ സ്മൃതി മണ്ഡപം ഇപ്പോഴും വൈക്കത്തുണ്ട്.
വൈക്കം സത്യാഗ്രഹത്തിൽ ബാരിസ്റ്റർ ജോർജ്ജ് ജോസഫ്, പെരിയാർ ഈ.വി.രാമസ്വാമി നായ്ക്കർ കെ.പി.കേശവമേനോൻ , കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട്, പി.കൃഷ്ണപിളള, ടി.കെ. മാധവൻ തുടങ്ങിയവരുടെ സജീവ സാന്നിദ്ധ്യമുണ്ടായിരുന്നു. പഞ്ചാബിൽ നിന്നുപോലും അകാലി സമരഭടന്മാർ സമരപന്തലിലെത്തി. 1923 ഡിസംബർ 23 ന് കാക്കിനഡയിൽ ചേർന്ന കോൺഗ്രസ്സ് സമ്മേളനത്തിൽ ഒരു അയിത്തോച്ചാടന പ്രമേയം അംഗീകരിച്ചു. അതിനു നേതൃത്വം നല്കിയത് ടി.കെ. മാധവനും കെ.പി.കേശവമേനോനും സർദാർ കെ.എം. പണിക്കരുമാണ്.
എസ്.എൻ.ഡി.പി യോഗം എൻ.എസ്സ്.എസ്സ്., നമ്പൂതിരി യോഗക്ഷേമ സഭ, ക്ഷത്രിയ ക്ഷേമസഭ, സാധു ജന പരിപാലന യോഗം , അരയ മഹാസഭ തുടങ്ങിയ സംഘടനകളെല്ലാം സമരത്തിനു പിന്തുണ നല്കി. സത്യാഗ്രഹത്തിന്റെ തിരുശേഷിപ്പുകൾ ഇപ്പോഴും വൈക്കത്തു കാണാം. മുസ്ലിംകളും ക്രിസ്ത്യാനികളും സമരത്തിൽ പങ്കെടുക്കാൻ തയ്യാറായി. ഇടക്കുണ്ടായ വെളളപ്പൊക്കത്തിൽ ക്ഷേത്ര പരിസരം വെള്ളത്തിന്നടിയിലായി. എങ്കിലും കഴുത്തറ്റം വെള്ളത്തിൽ മുങ്ങി നിന്നു കൊണ്ട് സന്നദ്ധ ഭടന്മാർ സമരം ചെയ്തു.
അതേത്തുടർന്നാണ് കേരളത്തിലെ ക്ഷേത്ര പ്രവേശന വിളംബരമുണ്ടാകുന്നത്. പിന്നീട് കേരളത്തിലെയെന്നല്ല ഇന്ത്യയിലെ മറ്റു പല ക്ഷേത്രങ്ങളിലും ദളിദർക്കു പ്രവേശനമനുദിക്കാൻ സർക്കാർ നിർബ്ബന്ധിതരായി.
മലബാറിലെ കർഷക സമരവും വൈക്കം സത്യാഗ്രഹവുമാണ് കേരളത്തെ മാറ്റി മറിച്ച മഹാ സമരങ്ങൾ. ഈ സമരങ്ങൾ സാമൂഹ്യ സമത്വത്തിനും, സർവർണ്ണാവർണ്ണ സമത്വത്തിന് വഴിമരുന്നിടുകയും ചെയ്തു.
വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുന്ന തിരക്കിലാണ് വിവിധ സംഘടനകളും പ്രസ്ഥാനങ്ങളും.
പ്രൊഫ. ജി. ബാലചന്ദ്രൻ