അദ്ധ്യാപക ദിന ഓർമകൾ ‘ ‘ ഒരു അദ്ധ്യാപകൻ്റെ ഏറ്റവും വലിയ സമ്പത്ത് പ്രതിഭാധനരായ ശിഷ്യർ തന്നെയാണ്. ആ ഭാഗ്യമായിരുന്നു സിനിമാ നടൻ നെടുമുടിയും ചലചിത്ര സംവിധായകൻ ഫാസിലും. ഇരുവരും ആലപ്പുഴ എസ്. ഡി. കോളേജിൽ എൻ്റെ വിദ്യാർത്ഥികളായിരുന്നു. ഒരിക്കൽ ഒരു പെൺകുട്ടിയോട് കുസൃതി കാണിച്ചതിന് ക്ലാസിൽ നിന്ന് Get Out പറയേണ്ടി വന്നു… . അന്ന് ഞാൻ ഉച്ചയൂണ് കഴിഞ്ഞ് കോളേജിൽ എത്തിയപ്പോൾ കണ്ട കാഴ്ചയാണ് എനിക്ക് നെടുമുടി വേണുവിനെ പറ്റി പറയുമ്പോൾ ആദ്യം ഓർമയിലെത്തുന്നത്. കുട്ടികളുടെ കൂടെ നിന്ന് നെടുമുടി എന്നെ അനുകരിച്ച് അഭിനയിക്കുകയാണ്. എൻ്റെ ശബ്ദവും ഭാവവും എല്ലാം പുറത്തെടുത്ത് വേണു കസർത്തുകയാണ്! അഭിനയം കണ്ട് ഞാൻ ചിരിച്ചു പോയി. ആ ശബ്ദം കേട്ട വേണു തിരിഞ്ഞു നോക്കിയപ്പോൾ ഞാൻ നിൽക്കുന്നു!! . അയ്യോ ബാലചന്ദ്രൻ സാർ !! എന്നു പറഞ്ഞ് വേണു ഓടി മറഞ്ഞു. മറ്റൊരിക്കൽ ആകാശവാണിയിൽ ഒരു പരിപാടിക്ക് ഞാനും കൊമേഴ്സിലെ സുബ്രഹ്മണ്യൻ സാറും, വേണുവും, ഫാസിലും ഉൾപ്പെടെ അഞ്ച് പേർ ഒരു നാടകവും പാട്ടും ചിട്ടപ്പെടുത്തി പോയി. ആകാശവാണിക്കാർ പറഞ്ഞു. ചിരിപ്പിക്കാൻ വകയുള്ളതെന്തെങ്കിലും വേണം. ഉടനെ ഫാസിലും വേണുവും ചടപടാന്ന് ഒരു സ്കിറ്റ് ഉണ്ടാക്കി അവതരിപ്പിച്ചു. വേണു മണ്ടൻ മുസ്തഫയും, ഫാസിൽ ചേട്ടനുമായി. വളരെ നല്ല പ്രതികരണമായിരുന്നു അതിന്. നെടുമുടിയുടേയും ഫാസിലിൻ്റെയും കന്നി അരങ്ങേറ്റമായിരുന്നു അത്. പിന്നീട് വേണു അഭിനയ കുലപതിയായി , ഫാസിൽ മികവുറ്റ സംവിധായകനും. ആദ്യ അരങ്ങേറ്റം എന്തായാലും മോശമായില്ല എന്നറിയുമ്പോൾ ഒരദ്ധ്യാപകൻ എന്ന നിലയിൽ എനിക്കും ഹൃദയം നിറയെ സന്തോഷമുണ്ട്. അവരുൾപ്പെടെ എല്ലാ കുട്ടികളും ഇനിയുമേറെ ഉയരങ്ങൾ കീഴടക്കട്ടെ. സ്നേഹത്തോടെ .
പ്രൊഫ ജി ബാലചന്ദ്രൻ
#ഇന്നലെയുടെ_തീരത്ത് (ആത്‍മകഥ )