നെഹ്റു ട്രോഫി ബോട്ടു റേസിന്റെ റേഡിയോ കമന്ററിയുടെ കഥ.

ആഗസ്റ്റ് രണ്ടാം ശനിയാഴ്ച നടക്കേണ്ട നെഹുട്രോഫി ജലമേള ഇത്തവണ സെപ്റ്റംബർ 4ാം തീയതി ഞായറാഴ്ചയാണ് നടക്കുന്നത്. കഴിഞ്ഞ രണ്ടു വർഷങ്ങളിൽ നെഹ്റുട്രോഫി മത്സരം നടന്നില്ല. ഇത്തവണ കെങ്കേമമായി നടത്താനാണ് തീരുമാനിച്ചിരിക്കുന്നത് മുഖ്യാതിഥിയെ ക്ഷണിക്കുന്നതു മുതൽ എല്ലാം വിവാദമായിട്ടുണ്ട്. നെഫ്റുട്രോഫി ജലോത്സവത്തിന്റെ ആരവങ്ങൾ ആലപ്പുഴയിലും കുട്ടനാട്ടിലും ഉയർന്നു കഴിഞ്ഞു. കുട്ടികളുടെ കമന്ററി മത്സരത്തെക്കുറിച്ച് അറിഞ്ഞപ്പോൾ എന്റെ വള്ളം കളി കമന്ററിയെക്കുറിച്ച് ഓർമ്മ വന്നു. അത് പങ്കുവെയ്ക്കാം.

വള്ളം കളികൾക്ക് ആലപ്പുഴയിലെ ക്ഷേത്രങ്ങളുമായോ നാടുമായോ പൊക്കിൾക്കൊടി ബന്ധമുണ്ട്. പ്രാദേശികമായി വള്ളംകളിയുടെ പരിശീലനത്തുഴച്ചിൽ നടക്കുന്നു. അതിന്റെ ആവേശവും ആഹ്ലാദവും വികാരവും ഒന്നു വേറെ തന്നെയാണ്. കാരിച്ചാൽ, നടുഭാഗം, ജവഹർ നായങ്കരി, ചമ്പക്കുളം, ആയാപറമ്പ് പാണ്ടി തുടങ്ങിയ ജലരാജാക്കന്മാരാണ് പുന്നമടക്കായലിന്റെ ചിറ്റോളങ്ങൾക്കു ജീവൻ പകർന്നു കൊണ്ടു മത്സരിക്കുന്നത്.

കേരളത്തിലെ ജലോത്സവങ്ങളും ചുണ്ടൻ വളളങ്ങളും വിദേശിയർക്ക് പോലും ഹരമാണ്. 54 കോൽ നീളം 110 തുഴച്ചിൽക്കാർ. മിഥുന മാസത്തിലെ മൂലം നക്ഷത്രത്തിലാണ് ആദ്യത്തെ ചമ്പക്കുളം വള്ളം കളി . ചെമ്പകശ്ശേരി രാജാവിന്റെ കാലത്ത് അമ്പലപ്പുഴ ക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ഠയുമായി ബന്ധപ്പെട്ടാണ് മൂലം വള്ളം കളിയുടെ തുടക്കം. മിക്ക വളളം കളികൾക്കും ക്ഷേത്രവുമായി ബന്ധപ്പെട്ട് ഒരു ഐതിഹ്യമുണ്ട്. ആറന്മുള വള്ളം കളിയിൽ പങ്കെടുക്കുന്നത് പള്ളിയോടങ്ങളാണ്. ആറന്മുള ക്ഷേത്രവുമായി ബന്ധപ്പെട്ടാണ് ആ ജല മേളയുടെ ഉത്ഭവം. ഹരിപ്പാട് ക്ഷേത്രവുമായി ബന്ധപ്പെട്ട കഥയാണ് പായിപ്പാട് ജലോത്സവത്തിനുള്ളത്.

ഏറ്റവും പ്രസിദ്ധവും കുടുതൽ പ്രചാരവും കൂടുതൽ പ്രേക്ഷകർ പങ്കെടുക്കുകയും ചെയ്യുന്ന വള്ളം കളിയാണ് നെഹ്റു ട്രോഫി. ആഗസ്റ്റ് മാസത്തിലെ രണ്ടാം ശനിയാഴ്ചയാണ് ആലപ്പുഴ പുന്നമടക്കായലിൽ ജലോത്സവം കൊണ്ടാടിയിരുന്നത്. കൊറോണ മൂലം കഴിഞ്ഞ രണ്ടു വർഷം നെഹ്റു ട്രോഫി ഇല്ലായിരുന്നു. കാലവസ്ഥ പ്രതികൂലമായതുകൊണ്ട് ഇത്തവണത്തെ നെഹ്റു ട്രോഫി സെപ്റ്റംബർ 4 നാണ് നടക്കുന്നത്. കുട്ടനാട്ടിലും ആലപ്പുഴയിലും നെഹ്റുട്രോഫി ജലോത്സവത്തിന്റെ ആരവവും ആൾക്കൂട്ടവുമാണ്. 1952 – ൽ പണ്ഡിത് ജവഹർലാൽ നെഹ്റുവിന്റെ ആലപ്പുഴയിലേക്കുള്ള ആഗമനവുമായി ബന്ധപ്പെട്ടാണ് നെഹ്റു ട്രോഫി ജലോത്സവം ആരംഭിച്ചത്. ചുണ്ടൻ, ഇരുട്ടു കുത്തി,ചുരുളൻ,വെപ്പ് തുടങ്ങി നാലഞ്ചിനം വളളങ്ങളുടെ മത്സരങ്ങളുണ്ട്.

ആദ്യകാലത്ത് റേഡിയോ മാത്രമേ വാർത്താവിനിമയത്തിന് ഉണ്ടായിരുന്നുള്ളൂ. റേഡിയോയിലൂടെ മത്സരത്തിന്റെ കമന്ററി നല്കുന്ന സമ്പ്രദായം തുടങ്ങി. മത്സരം നേരിട്ട് കാണുന്നതിനേക്കാൾ ആവേശകരമായിരുന്നു റേഡിയോ കമന്ററി. കുട്ടനാട്ടിലും ആലപ്പുഴയിലും പരിസരത്തും എല്ലാം റേഡിയോ ഉച്ച മുതൽ പ്രവർത്തിപ്പിച്ചു തുടങ്ങും. ജോലിയെല്ലാം ഉപേക്ഷിച്ച് വള്ളം കളി പ്രേമികൾ റേഡിയോയ്ക്കു ചുറ്റും വട്ടമിട്ടിരിക്കും. “ആർപ്പോ – ഇർർറോ ” എന്ന ആരവവും അയ്യടാ പോയെടാ എന്ന ശബ്ദവും അയ്യോ അയ്യോ എന്ന ശബ്ദതാളവും കേൾക്കാം.

റേഡിയോയിലൂടെ വള്ളം കളിയുടെ ദൃക്ക്സാക്ഷി വിവരണം കൊടുക്കാൻ എന്നെയും ക്ഷണിച്ചിരുന്നു. സ്റ്റാർട്ടിംഗ് പോയിന്റ്, ഫിനിഷിംഗ് പോയിന്റ് എന്നീ രണ്ടു കമന്ററി ബോക്സിലിരുന്നാണ് ഞങ്ങൾ ദൃക്ക് സാക്ഷിവിവരണം നല്ക്കുന്നത്. രവീന്ദ്രൻ നായർ,നാഗവള്ളി,കെ.പി.എം.ഷെറിഫ്,ശ്യാമളാലയം തുടങ്ങി ആറു പേരാണ് കമന്ററിക്ക് അന്നുണ്ടായിരുന്നത്. ചുണ്ടൻ വള്ളങ്ങളുടെ ഇഞ്ചോടിഞ്ചുള്ള പോരാട്ടമാണ് ഞങ്ങൾ അറിയാവുന്ന വാക്കുകളെല്ലാം ഉപയോഗിച്ച് ദൃക്ക്സാക്ഷി വിവരണം നല്കുക. ഒരു പ്രാവശ്യം ഞാനും ഭാര്യ ഇന്ദിരയും മകൾ റാണിയും വള്ളം കളി കമന്ററിയിൽ ഒരുമിച്ചു പങ്കെടുത്തത് അന്ന് ഒരു വാർത്തയായിരുന്നു. നോഹയുടെ പെട്ടകവും ക്ലിയോപാട്രായുടെ മൂക്കും എല്ലാം കമന്ററിയിൽ വിവരിക്കും നെഹ്റുജിയുടെ കൈയ്യൊപ്പുള്ള ചുണ്ടന്റെ മാതൃകയിലുളള രജത ട്രോഫിയാണ് ഒന്നാം സമ്മാനം.

മഹാഭാരത യുദ്ധത്തിന്റെ വർണ്ണന അന്ധനായ ധൃതരാഷ്ട്രർക്ക് വിവരിച്ചു കൊടുത്ത സഞ്ജയനാണ് ആദ്യത്തെ ദൃക്ക്സാക്ഷി വിവരണം നടത്തിയത്. അതിന്റെ പുതു സ്റ്റൈൽ ഞങ്ങൾ ചെയ്യുന്നു. മത്സരത്തിനിടയിലെ ഇടവേളകളിലും ഞങ്ങൾ കമന്ററി നല്കണം. ഉള്ളതും ഇല്ലാത്തതുമായ പല കഥകളും ഉപകഥകളും ചരിത്രവും കേൾവിക്കാർക്കു രസച്ചരടു പൊട്ടാതെ വിവരിച്ചു കൊടുത്തിരുന്നു. സ്ത്രീകളുടേയും വിദ്യാർത്ഥികളുടേയും മത്സരങ്ങൾക്കു ഞങ്ങൾ തൊപ്പും തൊങ്ങലും വച്ച് വിവരണം നല്കും . ഇതിനിടയിൽ ചില തമാശകളും പരിഹാസങ്ങളും തട്ടിവിടും. ഫൈനൽ മത്സരങ്ങൾക്ക് വിവരണം നല്കുമ്പോഴാണ് ഞങ്ങൾ പെരു വിരലിൽ ഉയർന്ന് ആവേശം ചോരാതെ പോരു കോഴികളെപ്പോലെ പാഞ്ഞു വരുന്ന വള്ളങ്ങളുടെ മുന്നേറ്റം വിവരിക്കുക. മനോധർമ്മമനുസരിച്ച് മൂന്ന് മണിക്കൂർ ഞങ്ങൾ ഊഴം വെച്ച്‌ കമന്ററി നല്കിക്കൊണ്ടിരിക്കും. ഇന്റർവെൽ സമയത്ത് ചില കലാ രൂപങ്ങളുടെ കെട്ടിയാട്ടങ്ങൾ ഉണ്ടായിരിക്കും. വെള്ളത്തിൽ നടത്തുന്ന മാസ് ഡ്രിൽ അത്യാകർഷകമാണ്. അതൊക്കെ ചമൽക്കാരത്തോടെ വിവരിക്കും.

ചിലപ്പോൾ വള്ളങ്ങൾ മുങ്ങിപ്പോയാൽ തുഴക്കാർ നീന്തിയും മുങ്ങാം കുഴിയിട്ടും വള്ളത്തിൽ കെട്ടിപ്പിടിച്ചു കിടന്നും രക്ഷനേടും.

പത്തുവർഷം കഴിഞ്ഞപ്പോൾ കമന്ററിക്കു ഞാൻ സുല്ലിട്ടു പിൻമാറി. എന്നാലും നെഹ്റു ട്രോഫിയുടെ ആവേശം ഇന്നും ഒളിമങ്ങാതെ മനസ്സിലുണ്ട്.

പ്രൊഫ.ജി.ബാലചന്ദ്രൻ

#NehruTrophy

Share Post

Leave a Comment

Your email address will not be published. Required fields are marked *

Recent Post

വി കമലാസനൻ, പാർവ്വതി,തത്തംപള്ളി: ‘ഇന്നലെയുടെ തീരത്ത്’ വായിച്ചവസാനിപ്പിക്കുമ്പോള്‍ മനസ്സില്‍ പ്രതിധ്വനിച്ചത് സാനുമാസ്റ്ററുടെ നിരീക്ഷണമാണ്. ആത്മകഥ എന്ന സാഹിത്യവിഭാഗത്തിലൊതുങ്ങുന്നതല്ല രസപ്രദമായ ഈ ഗ്രന്ഥം. സാഹിത്യത്തിന്റെ നിര്‍ണ്ണീതമായ എലുകാവിവക്ഷകള്‍ക്കൊന്നും വിധേയമായിട്ടല്ല, ആഖ്യാനഗതി. എന്നാല്‍ കൃത്രിമമായി സാഹിത്യചാരുത ചേര്‍ക്കാനുള്ള

താൻ എഴുതിയ തൻ്റെ ജീവനചരിതമാണ് ആത്മകഥ. അന്നോളമുള്ള ജീവിത സർവ്വസ്വത്തേയോ പ്രമുഖ ഭാഗത്തേയോ ശകലങ്ങളേയോ വിനിയോഗിച്ച് അയാൾക്ക് ആത്മകഥ എഴുതാം. താൻ ജീവിച്ചതൊക്കെ മറ്റുള്ളവരുമായി വാങ്മയ കലയിലൂടെ പങ്കു വെയ്ക്കലാണ് ആത്മകഥ. വിപുലമായ സാംസ്കാരിക