1865 ജാനുവരി 28ാം തീയതി പഞ്ചാബിലെ മോഗ ജില്ലയിലാണ് ലാലാ ലജ്പത് റായി ജനിച്ചത്. അച്ഛൻ മിഡിൽ സ്കൂൾ അദ്ധ്യാപകനും അമ്മ വിട്ടമ്മയുമായിരുന്നു. അദ്ദേഹം ചെറുപ്പം മുതൽ തന്നെ സാമൂഹ്യ സേവനത്തിന് മുന്നിട്ടിറങ്ങി. പഞ്ചാബ് സിംഹം, പഞ്ചാബ് കേസരി എന്നൊക്കെ ജനം അദ്ദേഹത്തേ വിശേഷിപ്പിച്ചു. അദ്ദേഹത്തിന്റെ സിംഹ ഗർജ്ജനത്തെ ബ്രിട്ടീഷധികാരികൾ ഭയപ്പെട്ടു. അദ്ദേഹത്തെ നാടു കടത്തി. ജനങ്ങൾ പ്രകോപിതരായപ്പോൾ കുറച്ചു കാലം കഴിഞ്ഞ് ശിക്ഷ ഇളവു ചെയ്തു കൊടുത്തു.
1928 -ൽ ലാഹോർ പ്രക്ഷുബ്ധമായിരുന്നു. പ്രതിഷേധ സമ്മേളനത്തിൽ ആബാലവൃദ്ധം സ്ത്രീ പുരുഷന്മാർ തടിച്ചു കൂടി. സൈമൺ കമ്മീഷൻ ബഹിഷ്ക്കരണ പരിപാടിക്കു നേതൃത്വം കൊടുത്തു കൊണ്ട് ജാഥ നയിച്ചത് ലാലാ ലജ്പത് റായിയാണ്. ബ്രിട്ടീഷ് പട്ടാളം അതിക്രൂരമായി ലാത്തിച്ചാർജ്ജു ചെയ്തു. അനേകായിരങ്ങൾ അടിയേറ്റു വീണു. ലാലാജിയേയും പൈശാചികമായി മർദ്ദിച്ചു. ജനങ്ങൾ ലാലാജിയ്ക്കു അടിയേല്ക്കാതിരിക്കാൻ പൊതിഞ്ഞു നിന്നു . അദ്ദേഹത്തിന്റെ നെഞ്ചിലും നെറ്റിത്തടത്തിലും ആഴമേറിയ മുറിവേറ്റു. നെറ്റിത്തടത്തിൽ നിന്ന് രക്തം വാർന്നൊലിച്ചു. അദ്ദേഹം വേദിയിലേക്കു കയറി. അദ്ദേഹത്തിന്റെ ഓരോ വാക്കും ജനങ്ങളെ ഇളക്കി മറിച്ചു. :”ഭാരത് മാതാ കീ ജയ്” “ലാലാജീ കീ ജയ്” എന്ന മുദ്രാവാക്യം മുഴക്കി. “ഞാൻ മരിച്ചു കഴിഞ്ഞാലും എന്റെ ഹൃദയം നിങ്ങളോടൊപ്പമുണ്ടാകു”മെന്ന് അദ്ദേഹം പറഞ്ഞപ്പോൾ എല്ലാവരുടേയും കണ്ണുകൾ ഈറനണിഞ്ഞു.
മാരകമായി മുറിവേറ്റ ലാലാജി ഏതാനും ദിവസം കഴിഞ്ഞപ്പോൾ വീരസ്വർഗ്ഗം പൂകി.ലാലാജിയുടെ നിര്യാണം ലോകത്തെ ശോകമൂകമാക്കി. “ഭാരതമുള്ളിടത്തോളം കാലം ലാലാജിയുടെ കീർത്തി അനശ്വരമായി നിലകൊളളും” എന്നാണ് ഗാന്ധിജി പ്രസ്താവിച്ചത്. അദ്ദേഹത്തെ അതിരറ്റു സ്നേഹിച്ച് ആരാധിച്ചിരുന്ന ഭഗത് സിംഗ് അടക്കമുള്ളവർ ഇതിനു പ്രതികാരം ചെയ്യാനായി ഇറങ്ങിത്തിരിച്ചു. മുഖ്യ മർദ്ദകൻ സാൻഡേഴ്സനെ ഭഗത് സിംഗ് വെടിവച്ചു കൊന്നു. ആ ലഹളയിൽ നിന്ന് വീര്യം ഉൾക്കൊണ്ടവരാണ് ഇന്ത്യയിൽ തീവ്ര പ്രവർത്തനത്തിന് വഴിമരുന്നിട്ടത്. ഇന്ത്യയിലെ ആദ്യത്തെ നവോത്ഥാന നായകന്റെ-പഞ്ചാബ് സിംഹത്തിന്റെ ഗർജ്ജനം ഇന്നും മുഴങ്ങുന്നു.
ഇന്ത്യയിൽ സാമൂഹ്യ പരിവർത്തനത്തിനും നവോത്ഥാനത്തിനും ആദ്യമായി നേതൃത്വം നല്കിയതു ലാലാ ലജ്പത് റായിയാണ്. ഭാരതം ഭാരതീയർ തന്നെ ഭരിക്കണമെന്നായിരുന്നു ലാലാജിയുടെ ആഗ്രഹം. ഹരിജനോദ്ധാരണത്തെ ഒരു പ്രസ്ഥാനമായി വളർത്തിയെടുത്ത ആദ്യ വിപ്ളവകാരിയായിരുന്നു അദ്ദേഹം. അയിത്തം ഹിന്ദുമതത്തെ ദുർബ്ബലമാക്കുമെന്നും മാനുഷിക മൂല്യങ്ങളെ ചവുട്ടിമെതിക്കുമെന്നും ലാലാജി അഭിപ്രായപ്പെട്ടു.
മഹാത്മാഗാന്ധി ഹരിജനോദ്ധാരണ പ്രവർത്തനങ്ങൾ തുടങ്ങുന്നതിന് വളരെ മുൻപുതന്നെ ലാലാജി ഹരിജനോദ്ധാരണ പ്രവർത്തനം ആരംഭിച്ചിരുന്നു. അദ്ദേഹം ഹരിജനങ്ങളുടെ വീടുകൾ സന്ദർശിച്ചു. അവർ പാകം ചെയ്ത ഭക്ഷണം കഴിച്ചു. മാത്രമല്ല ഉയർന്ന വർഗ്ഗത്തിൽപ്പെട്ട പ്രവർത്തകരെ സംഘടിപ്പിച്ച് മിശ്രഭോജനമെന്ന ആശയത്തിന് രൂപം നല്കി. ഇതൊക്കെ നൂറ്റിനാല്പതു (140) വർഷങ്ങൾക്കു മുൻപായിരുന്നു എന്ന് ഓർക്കണം. ഇന്നു പോലും ജാതിയുടേയും മതത്തിന്റേയും അയിത്തത്തിന്റേയും മുടിയഴിച്ചാട്ടം നടത്തുന്ന കാലത്തു ചിന്തിക്കാൻ കഴിയാത്ത കാര്യങ്ങളാണ് അന്ന് ലാലാജി ചെയ്തത്.
വിശ്രമരഹിതമായി അദ്ദേഹം കോൺഗ്രസ്സിൽ പ്രവർത്തിക്കുന്ന കാലത്താണ് മിതവാദികളും തീവ്രവാദികളും രൂപമെടുത്തത് . ലാലാജി തീവ്രവാദികളുടെ പക്ഷത്തായിരുന്നു 1920 – ലെ കല്ക്കട്ടാ കോൺഗ്രസ്സിൽ ലാലാജിയായിരുന്നു അദ്ധ്യക്ഷൻ. ആ സമ്മേളനത്തിൽ നിസ്സഹകരണ പ്രമേയം അവതരിപ്പിക്കാൻ അദ്ദേഹം ഗാന്ധിജിയെ ക്ഷണിച്ചു. ഒരു മഹാപ്രവാഹത്തിന്റെ മുൻ നിരയിലേക്ക് ഗാന്ധിജി വന്നത് ഈ സമ്മേളനത്തോടു കൂടിയാണ്.
പഞ്ചാബിലെ സകല പുരോഗമന പ്രവർത്തനത്തിന്റേയും പുരോഗതിയുടേയും ഉറവിടം ലാഹോറായിരുന്നു. സ്വാമി ദയാനന്ദയുടെ ആഹ്വാനങ്ങൾ ശ്രവിച്ച് പഞ്ചാബ് ഉയർന്നെഴുന്നേറ്റ കാലം . ആര്യസമാജത്തിന് പഞ്ചാബിൽ വലിയ വേരോട്ടമുണ്ടായി. അവിടെ ഒരു കോളേജിന്റെ പ്രവർത്തനത്തിൽ അദ്ദേഹം പങ്കാളിയായി. ആ കലാലയം ആര്യ സമാജത്തിന്റെ പ്രവർത്തന കേന്ദ്രമായിരുന്നു. സർക്കാരിൽ നിന്ന് ഒരു സഹായവും മന:പൂർവ്വം സ്വീകരിച്ചില്ല. കോളേജിന്റെ ധനശേഖരണാർത്ഥം ലാലാജി പഞ്ചാബിലുടനീളം സഞ്ചരിച്ചു. അദ്ദേഹത്തിന്റ ആവേശോജ്ജ്വലമായ പ്രസംഗങ്ങൾ ജനങ്ങളെ ആകർഷിച്ചു. അവർ കയ്യയച്ചു സഹായിച്ചു. സ്ത്രീകൾ അവരുടെ ആഭരണങ്ങൾ പോലും സംഭാവന ചെയ്തു. ലാലാജിയുടെ ധനസഞ്ചി നിറഞ്ഞു കവിഞ്ഞു.
ഇംഗ്ലണ്ട്, അമേരിക്ക, ജപ്പാൻ, തുടങ്ങിയ രാജ്യങ്ങളിൽ അദ്ദേഹം കോൺഗ്രസ്സ് പ്രതിനിധിയായി പങ്കെടുത്തു. അവിടെയുള്ള ഇന്ത്യാക്കാരെ ഏകോപിപ്പിക്കാനും വിദേശീയർക്കുള്ള തെറ്റിദ്ധാരണ നീക്കാനും ലാലാജിയുടെ പ്രസംഗങ്ങൾക്കു കഴിഞ്ഞു.
ഹരിജനോദ്ധാരണമായിരുന്നു അദ്ദേഹത്തിന്റെ പ്രധാന കർമ്മമാർഗ്ഗം.അധ:സ്ഥിതരേയും പാവങ്ങളേയും സഹായിക്കാനും അവരെ സേവിക്കാനും അദ്ദേഹം ആവുന്നതെല്ലാം ചെയ്തു. 1920-ൽ കല്ക്കത്തയിൽ വച്ചു നടത്തിയ ഇന്ത്യൻ ട്രേഡ് യൂണിയൻ കോൺഗ്രസ്സിന്റെ പ്രസിഡന്റ് ലാലാജി ആയിരുന്നു. 1926-ൽ ജനീവയിൽ നടന്ന അന്താരാഷ്ട്ര തൊഴിലാളി സമ്മേളനത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു. 1928-ൽ നടത്തിയ മലബാർ കൂടിയാൻ സമ്മേളനത്തിലും അദ്ദേഹം അദ്ധ്യക്ഷത വഹിച്ചു. ഭൂമി കുലുക്കമുണ്ടായപ്പോൾ,ദുരിത ബാധിത മേഖലയിൽ ലാലാജി പാഞ്ഞെത്തി, നിരാലംബർക്കു സഹായമെത്തിച്ചു. അദ്ദേഹത്തിന്റെ ആകെ സമ്പാദ്യമായ 40000 രൂപാ ഹരിജനസേവനത്തിനു സംഭാവന ചെയ്തു. ഹിന്ദു മതത്തിലെ സവർണ്ണാധിപത്യത്തേയും അയിത്താചാരത്തേയും ലാലാജി ഒരു പോലെ അപലപിച്ചു. പാവങ്ങളുടെ കൺ കണ്ട രക്ഷകനായി ലാലാ ലജ്പത് റായി ഉയർന്നു.
അദ്ദേഹത്തിന്റെ പേര് ഇന്ത്യാ ചരിത്രത്തിൽ തങ്കലിപികളാൽ രേഖപ്പെടുത്താം
പ്രൊഫ.ജി.ബാലചന്ദ്രൻ