സാനു മാഷ് ശാന്തമായി പ്രസംഗം തുടങ്ങി. ഇടയ്ക്ക് ഒരു കഥ പറഞ്ഞു. യൂഗോസ്ലോവ്യന്‍ എഴുത്തുകാരനായ മിലോവന്‍ ജലാഡിന്‍റെ കഥ. ഒരമ്മയ്ക്ക് നാലു മക്കള്‍, എല്ലാവരും പട്ടാളത്തില്‍. അവർ യുദ്ധമുഖത്താണ് . രക്തസാക്ഷികളാകുന്നവരെ അവിടെത്തന്നെ സംസ്കരിക്കുകയാണ് പതിവ്. ചില പ്രത്യേക സാഹചര്യത്തില്‍ ചിലരുടെ മൃതദേഹങ്ങള്‍ വീട്ടിലേക്കു കൊണ്ടുവരാന്‍ അനുവദിക്കും.
ആ അമ്മയുടെ മക്കളില്‍ മൂന്നുപേരും യുദ്ധക്കളത്തില്‍ മരിച്ചുവീണു. മക്കളിലോ രോരുത്തരും മരിച്ച വാര്‍ത്തയറിയുമ്പോള്‍ അമ്മ ഹൃദയം വിങ്ങിക്കരയും. നാലാമത്തെ മകനും യുദ്ധമുന്നണിയിലാണ്. അവനും മരിച്ചാല്‍ ….. ആ അമ്മയ്ക്ക് സങ്കല്‍പ്പിക്കാന്‍ കൂടിവയ്യ. നാലാമനെ യുദ്ധക്കളത്തില്‍ നിന്ന് ജീവനോടെ തിരിച്ചുകൊണ്ടുവരാനെന്താ മാര്‍ഗ്ഗം. ആ അമ്മ മകന്‍റെ കൂട്ടുകാരോട് കേണുപറഞ്ഞു. എങ്ങനെയെങ്കിലും അവനെ തിരിച്ചയയ്ക്കണം. അവനും മരിച്ചാല്‍ പിന്നെ താന്‍ ജീവിച്ചിരിക്കുകയില്ല ആ അമ്മ തീര്‍ത്തു പറഞ്ഞു. കൂട്ടുകാര്‍ ആ മകനെ തിരിച്ചയ്ക്കാനുള്ള വഴിയാലോചിച്ചു. സുഹൃത്തുക്കള്‍ ഒരു ഉപായം കണ്ടുപിടിച്ചു. അത് സാഹസികമായ ഒരു തീരുമാനമായിരുന്നു. ആ അമ്മയുടെ മക്കളെല്ലാം യുദ്ധത്തില്‍ മരിച്ച കാര്യം പട്ടാള ഉദ്യോഗസ്ഥര്‍ക്കുമറിയാം. അവർ ഇളയ മകനും യുദ്ധത്തില്‍ കൊല്ലപ്പെട്ടു എന്ന വ്യാജേനെ അവനെ ഒരു ശവപ്പെട്ടിയിലാക്കി. ശ്വാസം വിടാനുള്ള ചെറു സുഷിരങ്ങള്‍ മാത്രം . ശവപ്പെട്ടി ജീപ്പില്‍ കയറ്റി അമ്മയ്ക്കു കാണാനായി നാട്ടിലേക്കയച്ചു. ! അതിര്‍ത്തിയിലെത്തിയപ്പോള്‍ പട്ടാള ഉദ്യോഗസ്ഥര്‍ ജീപ്പ് തടഞ്ഞു ശവപ്പെട്ടിയില്‍ ആരാണ്? എന്തുപറ്റി. മരിച്ചുപോയ ഭടന്‍റെ ശവശരീരമാണ്. അമ്മയ്ക്ക് അവസാനമായി ഒന്നു കാണാന്‍ നാട്ടിലേക്ക് കൊണ്ടുപോവുകയാണ്. പട്ടാള മേധാവിക്ക് സംശയം തോന്നി. പെട്ടി തുറക്കാന്‍ ആജ്ഞാപിച്ചു. തുറന്നപ്പോള്‍ ശവം അനങ്ങുന്നു. അയാള്‍ തോക്കെടുത്ത് ഒറ്റ വെടി ആ ഭടന്‍ ഒന്നേ പിടഞ്ഞുള്ളു. മരിച്ചു. ഇനി കൊണ്ടുപൊയ്ക്കോ! കരളലിയിക്കുന്ന ഈ കഥ സാനുമാഷ് തന്മയത്വത്തോടെ വിവരിച്ചു. അതൊരു മനുഷ്യത്വരഹിതമായ പ്രവൃത്തിയായിരുന്നു എന്ന് അദ്ദേഹം സമര്‍ത്ഥിച്ചു. കഥ കേട്ടവര്‍ക്ക് ആ അമ്മയോട് സഹതാപവും പട്ടാളമേധാവിയോട് അമര്‍ഷവും തോന്നി. തികഞ്ഞ നിശബ്ദത.
തകഴിയാണ് പിന്നെ പ്രസംഗിച്ചത്. സാനു പറഞ്ഞ കഥയുണ്ടല്ലോ അത് നിങ്ങളെയും എന്നെയും നോവിച്ചു. ആ അമ്മയുടെ അവസാനത്തെ മകനെ വധിച്ചത് കൊടുംക്രൂരതയാണ്. പക്ഷെ മനുഷ്യ മനസ്സുകളുടെ പ്രതിഫലനം വ്യത്യസ്തമാണ്. ഞാനൊന്നു ചോദിക്കട്ടെ: കുറച്ചു നേരത്തെ നിശബ്ദതയ്ക്കുശേഷം തകഴി തുടര്‍ന്നു ജനങ്ങള്‍ ഉത്കണ്ഠാകുലരായി. ഇന്ത്യ-ചൈന യുദ്ധമാണെന്നു സങ്കല്‍പ്പിക്കുക. യുദ്ധഭൂമിയില്‍ വൈരം മൂത്തു നില്‍ക്കുമ്പോള്‍ ഒരു ഇന്ത്യന്‍ പട്ടാളക്കാരന്‍ ഇങ്ങനെ ഒളിച്ചുപോന്നാല്‍ നമ്മളെന്തു വിചാരിക്കണം. പട്ടാളക്കാരന് സ്വന്തം അമ്മയെക്കാള്‍ പ്രധാനം മാതൃരാജ്യമാണ്. ശവപ്പെട്ടിയില്‍ ഒളിച്ചിരുന്ന് ഒരുവന്‍ രക്ഷപ്പെടുന്നത് ഭീരുത്വമാണ്. ഒരു ഇന്ത്യക്കാരനെന്ന നിലയില്‍ എനിക്ക് ആ പ്രവൃത്തിയെ ന്യായീകരിക്കാന്‍ വയ്യ, നിങ്ങള്‍ക്കോ? തകഴി ചോദിച്ചു. ! പെട്ടെന്ന് കേള്‍വിക്കാരുടെ മനോഗതി തകഴി പറഞ്ഞതിനനുകൂലമായി. .. .( നിങ്ങൾ എങ്ങനെ ചിന്തിക്കുന്നു .. ? അഭിപ്രായം കമൻ്റ് ചെയ്യുമല്ലോ ? ) (വിശദവായനയ്ക്ക്: ഇന്നലെയുടെ തീരത്ത് ) പ്രൊഫ ജി ബാലചന്ദ്രൻ