പതിമുന്നാം വയസ്സിൽ എഴുതിയ ഡയറിക്കുറിപ്പുകൾ ലോക പ്രശസ്ത സാഹിത്യ കൃതിയായി. പതിനഞ്ചാം വയസ്സിൽ ഹിറ്റ്ലറിന്റെ കോൺസൻട്രേഷൻ ക്യാമ്പിൽ മൃതിയടഞ്ഞ ആൻ ഫ്രാങ്കിന്റെ ജീവിതകഥ മനുഷ്യ മനസ്സിനെ വേദനിപ്പിക്കുന്നതാണ്. ജർമ്മനിയിൽ 1929 – ൽ ജനിച്ച ആൻ ഫ്രാങ്കിനു പതിമൂന്നാം വയസ്സിൽ കിട്ടിയ പിറന്നാൾ സമ്മാനമാണ് ഒരു ഡയറി. അതിൽ നിഷ്കളങ്കയായ അവൾ തന്റെ മനസ്സിന്റെ സ്വപ്നങ്ങളും വിഹ്വലതകളും കുത്തിക്കുറിച്ചു. ഹിറ്റ്ലറിന്റെ വേട്ടയിൽ ഗ്യാസ് ചേംബറിൽ വച്ച് കൊലചെയ്യപ്പെട്ടത് പതിനായിരങ്ങളാണ്. ഫ്രാങ്കോയുടെ കുടുംബം ഹിറ്റ്ലറിന്റെ ദൃഷ്ടിയിൽ പെടാതെ പലനാളുകൾ ഒളിവിൽ കഴിഞ്ഞു. ഹോളണ്ടിലേക്കു കടന്നു. ജൂതർ രാജ്യം വിട്ടു. ഐൻസ്റ്റിനെപ്പോലെയുള്ള ശാസ്ത്രജ്ഞരും പ്രസിദ്ധ നോവലിസ്റ്റുകളും ജർമ്മനിയിൽ നിന്ന് പലായനം ചെയ്തു.
ഡയറിയിൽ ആനി ഫ്രാങ്ക് എഴുതാൻ തുടങ്ങി. സങ്കല്പത്തിൽ കിറ്റി എന്ന പൂച്ചക്കുട്ടിയോടും ഡയറിയോടും സംസാരിക്കും പോലെയാണ് ആൻ എഴുതിയത്. ആഗ്രഹങ്ങളും സ്വപ്നങ്ങളും ആകാംക്ഷകളും ഇഷ്ടങ്ങളുംമെല്ലാം എഴുതി നിറച്ചു. യുദ്ധത്തിനും മനുഷ്യക്കുരുതിയ്ക്കും ഇടയിൽ കളിസ്ഥലം പോലെയായിരുന്നു അവൾക്കു ഡയറി.
മാർഗോട്ട് ഫ്രാങ്കായിരുന്നു ആനിയുടെ പിതാവ്. നാസികൾക്കു മുൻപിൽ ഹാജരാക്കാൻ അദ്ദേഹത്തിനു അറിയിപ്പു കിട്ടി. ജീവനും കൊണ്ട് ആ കുടുംബം കടന്നു. ഭയന്നു പുറത്തിറങ്ങാതെയുള്ള ആ ഏകാന്ത വാസം രണ്ടു വർഷം തുടർന്നു. പുറം ലോകത്തെ ഭയാനകമായ സംഭവങ്ങളെപ്പറ്റി അവർ അറിഞ്ഞത് റേഡിയോ വാർത്തകളിലൂടെയും സംഭാഷണങ്ങളിലൂടെയും ആയിരുന്നു. മനസ്സിലൂടെ കടന്നു പോയ ചിന്തകൾ അവൾ ഡയറിയിൽ പകർത്തി. തന്റെ ഡയറി ഭാവിയിൽ പ്രസിദ്ധീകരിക്കുന്നതിനെക്കുറിച്ച് അവൾ സങ്കൽപ്പിച്ചു. രണ്ടരമാസം കൊണ്ട് 324 പേജുകൾ അവൾ എഴുതി. യുദ്ധത്തിന്റെ വീർപ്പുമുട്ടൽ അനുഭവിക്കുന്ന ഒരു കൗമാരക്കാരിയുടെ മനോ നിലയുടെ സാക്ഷ്യപത്രമായിരുന്നു ആ ഡയറിക്കുറിപ്പുകൾ. 1944 ആഗസ്റ്റ് ഒന്നിനാണ് ആൻ അവസാനത്തെ ഡയറിക്കുറിപ്പെഴുതിയത്. ഓഗസ്റ്റ് നാലിന് ആ കുടുംബം അറസ്റ്റു ചെയ്യപ്പെട്ടു. അവരെ കൊണ്ടു പോയത് കോൺസൻട്രേഷൻ ക്യാമ്പിലേക്കാണ്. അവിടെ വച്ച് ടൈഫോയ്ഡ് ബാധിച്ച് ആനും സഹോദരിയും മരിച്ചു. അച്ഛൻ മാത്രം രക്ഷപ്പെട്ടു. അവർ താമസിച്ചിരുന്ന ഫ്ലാറ്റിൽ ചപ്പു ചവറുകളുടെ കൂട്ടത്തിൽ നിന്ന് ആനിന്റെ ഡയറി കിട്ടി. അച്ഛന്റെ സെക്രട്ടറിയാണ് ഡയറി കണ്ടെത്തിയത്. 1947 ൽ ആ ഡയറി പ്രസിദ്ധികരിച്ചു. 1952 ൽ “Diary of a young girl” എന്ന പേരിൽ അതിന്റെ ഇംഗ്ലീഷ് പരിഭാഷ പുറത്തു വന്നു. പുസ്തകത്തിന്റെ ആധികാരികത പരിശോധിച്ച് ബേധ്യമായതോടെ ലോകത്തിലെ പല ഭാഷകളിലും ആ കൃതി പ്രസിദ്ധീകൃതമായി. മലയാളത്തിലും അതിന്റെ പരിഭാഷ ഇറങ്ങിയിട്ടുണ്ട്. ആ ഡയറിയെക്കുറിച്ചും ആൻഫ്രാങ്കിനെക്കുറിച്ചു രണ്ടു മുന്നു ചലചിത്രങ്ങളും നിർമ്മിച്ചു കഴിഞ്ഞു. പതിമുന്നാം വയസ്സിൽ ആൻ എഴുതിയ ആ കൃതി ലോക പ്രശസ്ത പുസ്തകമായി തീർന്നു. ഒരു കൗമാരക്കാരിയുടെ നിഷ്കളങ്ക അനുഭവങ്ങളുടേയും ചിന്തകളുടേയും ആവിഷ്കരണം ഹൃദയ ഹാരിയായിട്ടുണ്ട്.
പ്രൊഫ.ജി.ബാലചന്ദ്രൻ