സ്ത്രീകൾക്കെതിരെയുള്ള കയ്യേറ്റങ്ങൾക്ക് ഇതിഹാസങ്ങളോളം പഴക്കമുണ്ട്. പക്ഷേ അവിടെയെല്ലാം അന്തിമ വിജയം സ്ത്രീൾക്കായിരുന്നു. അതിൻ്റെ ഏറ്റവും വലിയ ഉദാഹരണങ്ങളാണ്. ജനകപുത്രിയായ സീതയും ദ്രുപദ പുത്രിയായ പാഞ്ചാലിയും.
ലങ്കാധിപതിയായ രാവണൻ അപഹരിച്ചു കൊണ്ടു പോയി അശോകവനികയിൽ തടവിൽ പാർപ്പിച്ച് പ്രലോഭിപ്പിച്ചുവെങ്കിലും, സീതയെന്ന സ്ത്രീക്കു മുമ്പിൽ രാവണൻ അന്തിമമായി തോൽക്കുകയായിരുന്നു.
തന്നെ കൗരവ സഭയിൽ അപമാനിക്കുന്നത് മൂകനായി നോക്കി നിന്ന കുരുശ്രേഷ്ഠനായ ഭീഷ്മരോട് പാഞ്ചാലി ചോദിക്കുന്ന ചില ചോദ്യങ്ങളുണ്ട്. എന്നെ ഈ രാജസഭയിൽ വലിച്ചിഴച്ച് അപമാനിക്കുന്നത് ശരിയാണോ? കള്ളച്ചൂതിൽ നിങ്ങൾ തോൽപ്പിച്ച് അടിമയാക്കിയ ധർമ്മപുത്രർ എങ്ങനെയാണ് എന്നെ പണയം വച്ച് ചൂതുകളിക്കുക. ? അടിമയായ രാജാവ് എന്നെ പണയം വെച്ചത് നീതിയാണോ ?
ആ ചോദ്യങ്ങൾക്കൊന്നും ഭീഷ്മർക്ക് ഉത്തരമുണ്ടായില്ല. കൗരവ പക്ഷം ആർത്തുല്ലസിക്കുകയാണ്. നിസ്സഹായത കൊണ്ട് പാണ്ഡവർ നിശബ്ദരുമായി. പക്ഷെ അവിടെ ദുര്യോധന പക്ഷത്ത്നിന്ന് ഒരു എതിർസ്വരം ഉയർന്നു. ദുര്യോദനൻ്റെ സഹോദരനായ *വികർണൻ്റെതായിരുന്നു* അത്. അദ്ദേഹം ചൂണ്ടിക്കാട്ടി. “പാഞ്ചാലി പറയുന്നതെല്ലാം ന്യായമാണ്. ഇതെല്ലാം ശകുനിയുടെ കുതന്ത്രമാണ്. അതു കൊണ്ട്തന്നെ പാഞ്ചാലി സ്വതന്ത്രയാണ്. അവൾ അടിമയല്ല” . വികർണൻ്റെ പ്രതിഷേധങ്ങൾക്ക് ഫലമുണ്ടായോ എന്നല്ല. ആ ആർജ്ജവം അഭിനന്ദനാർഹം തന്നെ.
ഇത്തരം മഹാസഭകൾ ഇന്നുമുണ്ടല്ലോ? അവിടെ ഇരകളോടൊപ്പം ആരൊക്കെയുണ്ട്. എന്തുകൊണ്ടാവും മഹാൻമാരുടെ നിസ്സംഗത ?
അതിനൊരുത്തരം ഭീഷ്മർ തന്നെ പറയുന്നുണ്ട്. യുദ്ധത്തിൽ അർജ്ജുനാസ്ത്രങ്ങളാൽ നിലം പതിച്ച് ഭീഷ്മർ ശരശയ്യയിൽ മരണത്തിനായി ഉത്തരായനം കാത്തു കിടക്കുകയാണ്. കൃഷ്ണനും യുധിഷ്ഠിരനും പാണ്ഡവരും പാഞ്ചാലിയും ഭീഷ്മർക്കടുത്തെത്തി. അദ്ദേഹം ധർമ്മരാജാവായ യുധിഷ്ഠിരന് രാജതന്ത്രങ്ങളും, നീതിയും, ന്യായവും , കടമയും, കർത്തവ്യവും ഒന്നൊന്നായി പകർന്നു കൊടുത്തു തുടങ്ങി. അത് കേട്ട
പാഞ്ചാലി ഉറക്കെ ചിരിച്ചു. അൽപ്പം ദു:ഖത്തോടെ ഭീഷ്മർ കാരണമന്വേഷിച്ചു. അപ്പോൾ പാഞ്ചാലി പറഞ്ഞു: ” അല്ലയോ പിതാമഹാ ദുര്യോധന സഭയിൽ എന്നെ കുലടയെന്ന് വിളിച്ച് അപമാനിച്ചപ്പോൾ അങ്ങും അവിടെ സന്നിഹിതനായിരുന്നല്ലോ? അന്നെവിടെയായിരുന്നു ഇപ്പറഞ്ഞ ന്യായവും നീതിയും ധർമ്മവും എല്ലാം” . ആ ചോദ്യത്തിന് മുന്നിൽ സർവ്വരും പകച്ചുപോയി . അപ്പോൾ ഭീഷ്മർ കണ്ണീർ തുടച്ച് കൊണ്ടു പറഞ്ഞു:
“ശരിയാണ് . ആ സമയത്ത് ഞാൻ നിഷ്ക്രിയനായത് പാപമാണ്. പക്ഷേ എനിക്ക് അതേ ചെയ്യാൻ കഴിയുമായിരുന്നുള്ളൂ. കാരണം അപ്പോൾ ഞാൻ ദുര്യോധനൻ തരുന്ന ഭക്ഷണമാണ് കഴിച്ചിരുന്നത്. അതുകൊണ്ട് തന്നെ എനിക്കു മറുവാക്ക് പറയാനായില്ല. അത് തെറ്റ് തന്നെയാണ് ” .
അധർമ്മത്തിൻ്റെ ഭക്ഷണം കഴിക്കേണ്ടി വരുന്നവരൊക്കെ അവരുടെ അന്തസ്സ് പണയം വെച്ച് നെറികേടിന് ജയ ജയ പാടേണ്ടി വരും . അവിടെ ഒരു വികർണനെങ്കിലും ഉണ്ടാവണ്ടേ? . അതുണ്ടാകണം. അപ്പോഴൊക്കെ പെൺകുട്ടികൾക്ക് തലയുയർത്തി നടക്കാം. സ്ത്രീകൾക്ക് നേരെ പണ്ടും ഇന്നും അവമതിപ്പുകൾ ഉണ്ടായിട്ടുണ്ട്. അതിനെ ചോദ്യം ചെയ്യുമ്പോഴാണ് പെൺകുട്ടികളുടെ ആർജ്ജവം പ്രകടമാകുക. സ്ത്രീകൾക്കെതിരെയുള്ള വർദ്ധിച്ചു വരുന്ന അക്രമങ്ങളും സ്ത്രീ പീഢനങ്ങളും അപലപനീയമാണ്. അവിടെ സർക്കാരും സാംസ്കാരിക നായകരും രാഷട്രീയ നേതാക്കളും നിശബ്ദരാകുന്നത് ഹീനം തന്നെ. പ്രൊഫ ജി ബാലചന്ദ്രൻ