പി ടിയ്ക്ക് കേരളം നൽകിയത് വികാരനിർഭരമായ അന്ത്യയാത്രയാണ്. പിടിയുടെ കർക്കശ നിലപാടിനോട് യോജിച്ചവരും വിയോജിച്ചവരും അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തി. പിടി യുടെ ഭൗതിക ശരീരത്തോടൊപ്പം അദ്ദേഹം മുറുകെ പിടിച്ച ആദർശങ്ങളും നിലപാടുകളും എരിഞ്ഞടങ്ങരുത്. ഒരു കോൺഗ്രസ്കാരന് ആലോചിക്കാൻ പറ്റാവുന്നതിൽ അപ്പുറമായിരുന്നു അദ്ദേഹത്തിൻ്റെ സംസ്കാര ചടങ്ങുകൾ. – ജീവിച്ചിരിക്കെ തൻ്റെ ശവമഞ്ചം ചുമന്നവർ തനിക്ക് ഉദകക്രിയ ചെയ്യാൻ വേണ്ടെന്ന് തന്നെ പി ടി ശഠിച്ചു. പ്രകൃതിയോടുള്ള ഇഷ്ടം കാരണം പുഷ്പചക്രങ്ങളും ഒഴിവാക്കിച്ചു. ഭക്തി ഗീതങ്ങൾക്കപ്പുറത്ത് വയലാറിൻ്റെ ചന്ദ്രകളഭം ആവോളം ആസ്വദിച്ചു. പിടി ഏറ്റവും കൂടുതൽ ആക്രമിക്കപ്പെട്ടത് പശ്ചിമഘട്ട സംരക്ഷണത്തിനായ് ഉള്ള മാധവ് ഗാഡ്ഗിൽ റിപ്പോർട്ടിനെ അനുകൂലിച്ചതിൻ്റെ പേരിലായിരുന്നു. ഈ മനോഹര തീരം എന്നും സസ്യ ശ്യാമളമാകണം എന്ന ആഗ്രഹം തന്നെയായിരുന്നു അത് . പക്ഷെ അതിനെ പലരും ധിക്കാരം എന്നു പേരിട്ടു. പക്ഷെ പി ടി യായിരുന്നു ശരി എന്ന് പിന്നീട് കാലം തെളിയിച്ചു. പിടി യുടെ ഓർമകൾ അസ്തമിച്ചു കൂടാ. നിലപാടുകൾ എരിഞ്ഞടങ്ങിക്കൂടാ. അത് കേരളത്തിൽ വീണ്ടും തെളിഞ്ഞു നിൽക്കണം. പിടിയുടെ ജ്വലിക്കുന്ന ഓർമകൾക്ക് അഗ്നി പകരാൻ ഉമ ത്യക്കാക്കരയിൽ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കണം. കെ.എസ്.യുവിലൂടെ രാഷ്ട്രീയ രംഗത്ത് എത്തിയതാണ് ഉമ . മഹാരാജാസിൽ വൈസ് ചെയർപേഴ്സണായിരുന്നു . പിടിയുടെ നിലപാട് തുടരാനുള്ള ഒരു ദീപ നാളമാകണം, ഉമയുടെ സ്ഥാനാർത്ഥിത്വം. മുന്നൊരുക്കത്തിനും ജനാംഗീകാരത്തിനുമാണ് ഉമ തോമസിൻ്റെ സ്ഥാനാർത്ഥിത്വം പാർട്ടി നേരത്തെ തീരുമാനിക്കേണ്ടത്. പ്രബുദ്ധ കേരളവും തൃക്കാക്കരയും ഉമാ തോമസിനെ ഇരുകൈയ്യും നീട്ടി സ്വീകരിക്കും.
പ്രൊഫ ജി ബാലചന്ദ്രൻ