ശ്രീമതി ദ്രൗപദി മുർമ്മു ഭാരതത്തിൻ്റെ പതിനഞ്ചാമത് രാഷ്ട്രപതിയായി അധികാരമേറ്റെടുത്തു. മുർമ്മുവിനെ ഇന്ത്യയുടെ ഭരണ സിരാകേന്ദ്രത്തിൻ്റെ കടിഞ്ഞാൺ ഏൽപ്പിക്കാൻ കാണിച്ച ഇച്ഛാശക്തിയെ എത്ര നമിച്ചാലും മതിയാവില്ല.
ഇന്ത്യയുടെ ഭരണഘടനാ ശിൽപ്പിയായ മഹാനായ അംബേദ്കർക്ക്പോലും എത്തിപ്പെടാനാവാതെപോയ സ്ഥാനത്തേയ്ക്കാണ് മുർമ്മു നിയോഗിക്കപ്പെടുന്നത്. സഹസ്രാബ്ദങ്ങൾ നീണ്ടുനിന്ന സവർണാധിപത്യത്തിൻ്റെ മുഷ്ടിപ്പിടിയിൽ നിന്ന് സ്വതന്ത്ര ഇന്ത്യ അൽപ്പാൽപ്പം മോചനം നേടി വരികയാണ് എന്നതിൻ്റെ നല്ല സൂചനയാണ് അവരുടെ സ്ഥാനാരോഹണം. അംബേദ്കർ ഭരണഘടനയിൽ വിഭാവനം ചെയ്ത സമത്വവും തുല്യനീതിയും നിയമവാഴ്ചയുമാണിവിടെ നിലകൊള്ളുന്നത്. പക്ഷെ രണ്ടു പ്രാവശ്യം സംവരണ മണ്ഡലത്തിൽനിന്ന് പാർലമെൻറിലേക്ക് മത്സരിച്ച അംബേദ്കറെ വംശവെറിയുടെ പേരിൽ പരാജയപ്പെടുത്തിയ ഇന്ത്യയിലാണ് പുതിയ രാഷ്ട്രപതിയുടെ സത്യപ്രതിജ്ഞ നടന്നത് എന്നത് ശ്ലാഘനീയമാണ്.
സ്വാതന്ത്ര്യം കിട്ടിയ ശേഷം ജനിച്ച ശ്രീമതി മുർമ്മു സ്വാതന്ത്ര്യത്തിൻ്റെ 75ാം വാർഷികത്തിൽ ഇന്ത്യയുടെ രാഷ്ട്രപതിയാകുന്നത് അഭിമാനകരവും ആഹ്ളാദകരവുമാണ്. കെ. ആർ. നാരായണൻ്റെയും , രാംനാഥ് കോവിന്ദിൻ്റെയും രാഷ്ട്രപതി സ്ഥാനവും ദളിത് വിഭാഗത്തോടുള്ള സ്വതന്ത്ര ഇന്ത്യയുടെ ഐക്യദാർഢ്യമായിരുന്നു.
ഒറീസയിലെ ഗോത്രമേഖലയിൽ ജനിച്ച് വാർഡ് കൗൺസിലറായി പൊതുപ്രവർത്തനം ആരംഭിച്ച് ഇന്ത്യയുടെ പ്രഥമവനിതയുടെ പദവിയിൽ എത്തിയപ്പോഴും അവർ പറഞ്ഞത്: “ദരിദ്രർക്കും സ്ത്രീകൾക്കും വേണ്ടി കൂടുതൽ പ്രവർത്തിക്കുമെന്നാണ്”. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ 135 കോടിയിൽപരം ജനതയുടെ സർവ്വാധിപതിയും സർവ്വസൈന്യാധിപയുമായ മുർമ്മു, ഇന്ത്യൻ രാഷ്ട്രീയത്തിൻ്റെ ആവേശവും പ്രതീക്ഷയുമാണ്.
ബ്രിട്ടനെതിരെയുള്ള സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നൽകിയ കലിംഗയിലെ സാന്താൾ വിപ്ലവനായികമാരുടെ രക്തം സിരകളിലൂടെ പ്രവഹിക്കുന്ന ഇന്ത്യയുടെ ‘കറുത്ത മുത്ത്’ ആർഭാടത്തിൽ നിന്ന് ഒഴിഞ്ഞുനിന്നുകൊണ്ട് പാർശ്വവൽക്കരിക്കപ്പെട്ടവർക്കായി പ്രവർത്തിച്ചു. ഗ്രാമത്തിൻ്റെ പച്ചയായ നിഷ്കളങ്കതയും ഗോത്ര സമൂഹത്തിൻ്റെ പരിവേദനങ്ങളും സ്ത്രീ സമൂഹത്തിൻ്റെ ആവശ്യങ്ങളും പ്രതിഫലിപ്പിക്കാൻ അവർക്കു കഴിയുമെന്നതിൽ സംശയമില്ല.
ത്രേതായുഗത്തിലും ദ്വാപരയുഗത്തിലും കരഞ്ഞു കലങ്ങിയ കണ്ണുമായി ഇന്ദ്രപ്രസ്ഥത്തിലൂടെ അലഞ്ഞ ദ്രൗപതിമാർ ഇനി പഴങ്കഥയാവുകയാണ്. സ്ത്രീ അബലയല്ലെന്നും അടിമയല്ലെന്നും മുർമ്മുവിലൂടെ ഇന്ത്യ ലോകത്തോട് പറയുകയാണ്. അതു കൊണ്ട് തന്നെയാണ് ഇന്ത്യയുടെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നും അവർക്ക് വേണ്ടി ഉന്നതമായ ജനാധിപത്യ ബോധത്തിൻ്റെ വിരലടയാളം പതിഞ്ഞത്. കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾ പുതിയ രാഷ്ട്രപതി സ്ഥാനാർത്ഥിയെ പിന്തുണയ്ക്കേണ്ടതായിരുന്നു. എ.പി.ജെ അബ്ദുൾ കലാം ഉൾപ്പെടെയുളള പൂർവ്വസൂരികളുടെ പാതയിൽ ഇന്ത്യയെന്ന മഹാരാജ്യത്തെ നയിക്കാൻ ഇന്ത്യയുടെ ധീരപുത്രിയ്ക്ക് കഴിയട്ടെ.
പ്രൊഫ.ജി.ബാലചന്ദ്രൻ
ഗ്രീസിലെ ഏറ്റവും വലിയ ദുരന്ത നായകൻ
ഗ്രീസിലെ തീബ്സ് രാജ്യം ഐശ്വര്യ സമ്പൂർണ്ണമായിരുന്നു. ലായിയൂസ് രാജാവും രാജ്ഞിയും രാജ്യത്തേയും ജനങ്ങളേയും പരിപാലിച്ചു. അവർ രാജ്യത്തെ സ്വർഗ്ഗമാക്കി. രാജാവിനും രാജ്ഞിയ്ക്കും ഒരു തീരാ ദുഃഖം മാത്രം. അവർക്ക് സന്താനങ്ങളില്ല. പൂജയും പ്രാർത്ഥനകളുമൊക്കെ നടത്തി