ഉമ്മൻ ചാണ്ടി 53 വർഷം പ്രതിനിധീകരിച്ച പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പു നടക്കുന്നു. കോൺഗ്രസ്സിന്റെ ചാണ്ടി ഉമ്മൻ കാൽ ലക്ഷം വോട്ടിനെങ്കിലും ജയിക്കുമെന്നു ഉറപ്പാണ്. മൂന്നു സ്ഥാനാർത്ഥികളും ചെറുപ്പക്കാരാണ്. ബി.ജെ.പിയ്ക്കു ഒരു സാദ്ധ്യതയും കാണുന്നില്ല. പക്ഷേ BJP സ്ഥാനാർത്ഥി കുറെ വോട്ടു പിടിക്കും. മാർക്സിസ്റ്റു സ്ഥാനാർത്ഥി ജെയിക്ക് സി.തോമസ് വലിയ പ്രതീക്ഷയോടെ പോരാടുന്നു. 100 തികയ്ക്കാൻ കഴിയുമോ എന്നാണ് മാർക്സിസ്റ്റു പാർട്ടി നോക്കുന്നത്. ഒരു തരത്തിൽ അവരുടെ കണക്കു കൂട്ടലുകൾക്ക് അർത്ഥമുണ്ട്. കാരണം 9000 വോട്ടിനാണ് കഴിഞ്ഞ പ്രാവശ്യം ഉമ്മൻ ചാണ്ടി ജയിച്ചത്. 5000 വോട്ടു മറിച്ചാൽ ജെയ്ക്ക് സി തോമസിന് ജയിക്കാനാവും. മൂന്നാം പ്രാവശ്യമാണ് ജെയ്ക്ക് പയറ്റുന്നത്. ആറു പഞ്ചായത്തും 2 ബ്ലോക്ക് പഞ്ചായത്തും ഭരിക്കുന്നത് മാർക്സിസ്റ്റു പാർട്ടിയാണ്. ഭരണത്തിന്റെ സ്വാധീനവും തൊഴിലുറപ്പുകാരുടേയും കുടുംബശ്രീയുടേയും മുള്ളെണ്ണം വോട്ടു കരസ്ഥമാക്കാൻ പഠിച്ച പണിയെല്ലാം നടത്തുന്നു. മൂന്നു പ്രാവശ്യമാണ് മുഖ്യമന്ത്രി പിണറായി പുതുപ്പള്ളിയിലെത്തി വികസനത്തിന്റെ കാര്യം പറഞ്ഞത്. മന്ത്രി സഭയിലെ പലരും അവരുടെ മതം നോക്കി അതാതിടങ്ങളിൽ രംഗത്തിറങ്ങാൻ തിട്ടൂരം കൊടുത്തിക്കുന്നു. പണം നിർല്ലോപം ഇറക്കുന്നുണ്ട്. പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ അദൃശ്യ സാന്നിദ്ധ്യവും സ്മൃതിയും നിറഞ്ഞു നില്ക്കുന്നു. ഒരു സഹതാപ തരംഗം നേരത്തേ മുതൽ കാണാനുണ്ട്. ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ നൂറുകണക്കിനാളുകളാണ് വന്നെത്തി മെഴുകുതിരി കത്തിക്കുന്നത്. നീചമായ സൈബർ ആക്രമണമാണ് ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിനെതിരെ നടത്തുന്നത്. ജെയ്ക്ക് സി തോമസിന്റെ ഭാര്യക്കെതിരെയും സൈബർ ആക്രമണമുണ്ടായി. മൂന്നു സ്ഥാനാർത്ഥികൾക്കും വേണ്ടി ഒരു പട നേതാക്കളാണ് പുതുപ്പളളിയിൽ തമ്പടിച്ചിരിക്കുന്നത്. മുഖ്യ മന്ത്രിയെന്ന നിലയിൽ ഉമ്മൻ ചാണ്ടി ചെയ്ത വികസനവും പാവങ്ങൾക്ക് വേണ്ടിയുള്ള കാരുണ്യ പ്രവർത്തനവും ആർക്കാണു മറക്കാൻ കഴിയുക. പരസ്പരം ചെളി വാരിയെറിഞ്ഞ് വോട്ടു പിടിക്കുന്നത് ആരായാലും ഭൂഷണമല്ല. ചാണ്ടി ഉമ്മൻ ഗണ്യമായ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് എല്ലാ സർവ്വേകളും വൃക്തമാക്കുന്നു. ഭരണത്തിനെതിരായുളള വികാരവും അഴിമതിക്കഥകളും ബിരിയാണിച്ചെമ്പും കൈതോലപ്പായും മാസപ്പടി ആരോപണവും മുഖ്യമന്ത്രിയെ വളഞ്ഞിട്ടാക്രമിക്കുന്നുണ്ട്. പുതുപ്പള്ളിയിൽ മൊത്തം 176412 വോട്ടറന്മാരാണുള്ളത്. ചാണ്ടി ഉമ്മൻ കൈപ്പത്തിയിലും ജെയ്ക്ക് സി തോമസ് അരിവാൾ ചുറ്റിക നഷത്രത്തിലും ലിജിൻ ലാൽ താമര ചിഹ്നത്തിലും ജനവിധി തേടുന്നു. ഉപതെരഞ്ഞടുപ്പായതുകൊണ്ട് കേരളത്തിന്റെ മുഴുവൻ ശ്രദ്ധവും പുതുപ്പളളിയിലേക്കാണ്. അതിഗംഭീരമായി മൂന്നു പാർട്ടികൾ സർവ്വശക്തിയുമെടുത്ത് കൊട്ടിക്കലാശം നടത്തി. എല്ലാ നേതാക്കളും കുടുംബയോഗത്തിലും പൊതുയോഗത്തിലും സംബന്ധിച്ചു എല്ലാവരും വീരവാദങ്ങൾ മുഴക്കി. ഏ.കെ.ആന്റണി ചാണ്ടി ഉമ്മനു വേണ്ടി പ്രസംഗിക്കാനെത്തുന്നതിനു മുൻപേ മകൻ അനിൽ ആന്റണി ബി.ജെ.പി സ്ഥാനാർത്ഥിക്കു വേണ്ടി പ്രസംഗിക്കാനെത്തിയതു കൗതുക മുണർത്തി. മൂന്നു പാർട്ടികളുടേയും പതാകകളും ഫോട്ടോയും ചിഹ്നങ്ങളും അന്തരീക്ഷത്തിൽ പാറിക്കളിച്ചു. വീടുവീടാന്തരം കയറിയിറങ്ങി വോട്ടു ചോദിച്ച് സ്ഥാനാർത്ഥികൾ ചുറ്റിയടിക്കുന്നു. ഇതിനിടയിൽ ജനങ്ങളെ ഇളക്കി മറിച്ചുകൊണ്ട് ശശിതരൂരിന്റെ റോഡ് ഷോ ശ്രദ്ധിക്കപ്പെട്ടു. ചാണ്ടി ഉമ്മന്റെ കന്നിയങ്കമാണ്. കൊട്ടിക്കലാശം കഴിഞ്ഞതോടെ നേതാക്കളെല്ലാം കളം വിട്ടു. ഇനി നിശ്ശബ്ദ പ്രചരണമാണ്. വോട്ടിന്റെ കൂട്ടലും കിഴിക്കലും തുടരുന്നു. 5-ാം തീയതിയാണ് വോട്ടെടുപ്പ്. 8-ാം തീയതി വോട്ടെണ്ണിക്കഴിയുമ്പോൾ ആര് വാഴും ആര് വീഴും. ഞാൻ എന്റെ കണക്ക് ആദ്യമേ പറഞ്ഞു. ഇനി നിങ്ങൾക്കും പ്രവചിക്കാം.
പ്രൊഫ.ജി.ബാലചന്ദ്രൻ