ആർ. എസ്.പി നേതാവായിരുന്ന എൻ. ശ്രീകണ്ഠൻ നായരുടെ ആത്മസുഹൃത്തായിരുന്നു തകഴി. കയറിലെ പ്രധാന കഥാപാത്രമായ സുരേന്ദ്രനുമായി ശ്രീകണ്ഠൻ നായർക്ക് സാമ്യമുണ്ട്. സാഹിത്യകാരനും വിപ്ലവകാരിയും രാഷ്ട്രീയ നേതാവുമായ സുരേന്ദ്രന് രൂപം കൊടുത്തപ്പോൾ മുന്നിൽ ഉണ്ടായിരുന്നത് ഉറ്റ സുഹൃത്തായ ശ്രീകണ്ഠൻ നായരായിരുന്നു എന്ന് തകഴി തന്നെ പറഞ്ഞിട്ടുണ്ട്. എം. എ. ഇംഗ്ലീഷിൽ ഒന്നാം റാങ്കുകാരനായ ശ്രീകണ്ഠൻ നായർ തകഴിയുടെ ഇതിഹാസ നോവലായ “കയർ ” ഇംഗ്ലീഷിലേക്ക് മൊഴിമാറ്റി. പക്ഷെ അത് പ്രസിദ്ധീകരിച്ചു കാണാൻ അദ്ദേഹത്തിന് ഭാഗ്യമുണ്ടായില്ല. ശ്രീകണ്ഠൻ നായരുടെ നിര്യാണത്തെ തുടർന്ന് കയറിൻ്റെ ഇംഗ്ലീഷ് പരിഭാഷയിറക്കാൻ അദ്ദേഹത്തിൻ്റെ ഭാര്യ മഹേശ്വരിയമ്മ ( മാച്ചമ്മ) മുന്നിട്ടിറങ്ങി. പക്ഷെ തകഴിയുടെ സമ്മതപത്രം വേണം. മാച്ചമ്മ പല തവണ സമീപിച്ചിട്ടും തകഴി അമ്പിനും വില്ലിനും അടുത്തില്ല. ഇക്കാര്യം മാച്ചമ്മ എന്നോട് പറഞ്ഞു. ഞാൻ തകഴിച്ചേട്ടനുമായി സംസാരിച്ചു. പരിഭാഷ തൃപ്തിയായി തോന്നിയില്ല എന്നാണ് തകഴിച്ചേട്ടൻ പറഞ്ഞത്. തകഴി സമ്മതം കൊടുത്തില്ല -. മാച്ചമ്മ അറ്റകൈ പ്രയോഗിച്ചു. കുഞ്ചു പിള്ളയുടെ മകളായ മാച്ചമ്മ വാശിക്ക് ഒട്ടും പിറകിലല്ല. അവർ പത്രത്തിൽ ഒരു വാർത്ത കൊടുത്തു. ” ശ്രീകണ്ഠൻ നായർ പരിഭാഷപ്പെടുത്തിയ ” കയർ ” പ്രസിദ്ധീകരിക്കാൻ തകഴി അനുവാദം നൽകുന്നില്ല. അതുകൊണ്ട് പത്രക്കാരുടേയും നാട്ടുകാരുടേയും സാന്നിദ്ധ്യത്തിൽ നിശ്ചിത ദിവസം പട്ടടകൂട്ടി കയർതർജ്ജിമ അതിലിട്ട് ദഹിപ്പിക്കും. ആ വാർത്ത തകഴിയെ അസ്വസ്ഥനാക്കി. ഒടുവില്‍ അദ്ദേഹം വഴങ്ങി. കൈയ്യെഴുത്തുപ്രതി തകഴി തന്നെ കേന്ദ്ര സാഹിത്യ അക്കാദമിക്ക് ശുപാർശയോടെ അയച്ചു കൊടുത്തു. അങ്ങനെ ശ്രീകണ്ഠൻ നായരുടെ തർജ്ജിമ വെളിച്ചം കണ്ടു.
തകഴിയുടെ തോളിൽ കിടന്നാണ് ശ്രീകണ്ഠൻ നായർ അന്ത്യശ്വാസം വലിച്ചത് എന്നറിയുമ്പോഴാണ് ആ ആത്മബന്ധത്തിൻ്റെ ആഴമറിയുക.
പ്രൊഫ ജി ബാലചന്ദ്രൻ
#ഇന്നലെയുടെതീരത്ത് (ആത്‍മകഥ )