മഴക്കാലം ഓരോ വർഷവും ഓരോരോ ദുരിതങ്ങളാണ് വിതയ്ക്കുന്നത്. ഇത്തവണ മരങ്ങൾ പലതും കടപുഴകി വീണു. വീടുകൾ പലതും തകർന്നടിഞ്ഞു. റോഡുകൾ തകർന്നു . കടൽ കയറി. കൂരകൾ കടൽത്തിരകൾ വിഴുങ്ങി. മത്സ്യത്തൊഴിലാളികളുടെ അന്നം മുട്ടി. ദുരന്ത മാനേജുമെന്റുകൾക്കും അപ്പുറത്തായിരുന്നു കെടുതികൾ. മഴ ഇനിയും പെയ്യുകയാണ്. ഏറെ നാശ നഷ്ടങ്ങൾ കുട്ടനാട്ടിലും വടക്കൻ ജില്ലകളിലുമാണ് ഉണ്ടായത്. മുൻകൂട്ടി മഴക്കെടുതി കണക്കിലെടുത്തു നിവാരണ മാനേജുമെന്റ് കാര്യക്ഷമമായി നടപ്പിലാക്കിയോ എന്നു സംശയമാണ്. ചെറുകിടക്കാരും പാവങ്ങളുമാണ് ദുരിതത്തിലാണ്ടത്. എന്തിനു ഭിക്ഷക്കാർ പോലും മുഴുപ്പട്ടിണിയിലാണ്. ആദിവാസികളുടേയും അതിദരിദ്രരുടേയും കാര്യം അവതാളത്തിലാണ്. കണ്ണൂർ കാപ്പി മലയിൽ ഉരുൾ പൊട്ടിയിരിക്കുന്നു തോടുകളും പുഴകളും കരകവിഞ്ഞു. മഴയ്ക്ക് ലേശം ശമനമുണ്ടെങ്കിലും ഒഴുക്കും വെള്ളക്കെട്ടും നിലച്ചിട്ടില്ല. മലയോരത്ത് ഭുകമ്പ ഭീഷണിയുണ്ട്. അതിനിടയിലാണ് പകർച്ചവ്യാധികൾ പടർന്നു പിടിക്കുന്നത്. മരണം കൂടിക്കൂടി വരുന്നു. ആശുപത്രിയിൽ സ്ഥലമില്ല, വേണ്ടത്ര മരുന്നുമില്ല. മാലിന്യം അഴുകിപ്പെരുകുന്നു. പട്ടികൾ കൂട്ടത്തോടെ തെരുവിലിറങ്ങി കുഞ്ഞുങ്ങളെ മുതൽ കടിച്ചു പഞ്ചറാക്കുന്നു. അതിനിടയിലാണ് കാട്ടിൽ നിന്ന് കുരങ്ങു മുതൽ ആന വരെ നാട്ടിലേക്കിറങ്ങിയത്.
പഞ്ചായത്തു മുതൽ സെക്രട്ടറിയേറ്റു വരെയുള്ളവർ രംഗത്തിറങ്ങി ദുരന്ത നിവാരണത്തിനു തയ്യാറാകണം. മരം വീണാൽ മുറിക്കാൻ കഴിയുന്നില്ലത്രേ. വൃക്ഷങ്ങൾ കാറിനു മുകളിലും വീടിനു മുകളിലും പതിച്ച് അപകട മരണങ്ങൾ പോലും ഉണ്ടാകുന്നു.
രാഷ്ട്രീയ പാർട്ടികളും സാമൂഹ്യ സംഘടനകളും സിവിൽ സർവ്വീസ് ഉദ്യോഗസ്ഥരും കഴിയുന്നത്ര സഹായങ്ങൾ ദുരിത ബാധിതർക്ക് നല്കണം. ഫയർഫോഴ്സ് കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്.
കേരളത്തിൽ എല്ലാവരും തന്നാലാവുന്നതു ചെയ്ത് നാടിന് സുരക്ഷ ഒരുക്കണം. ദ്രുത കർമ്മസേന താലൂക്കടിസ്ഥാനത്തിൽ രൂപീകരിക്കണം. തൊഴിലുറപ്പുകാരെ ദുരിത നിവാരണ പ്രവർത്തനങ്ങൾക്കു നിയോഗിക്കാം. ദുരിതാശ്വാസ ക്യാമ്പുകൾ സംഘടിപ്പിച്ച് നല്ല വാളന്റിയറന്മാരെ നിയോഗിക്കണം. മരുന്നും വസ്ത്രവും ആഹാരവും എത്തിക്കണം.
വിമർശനവും ആരോപണവും തത്ക്കാലം ഒഴിവാക്കി ഏക മനസ്സോടെ പ്രവർത്തിക്കണം. ഇപ്പോഴുള്ള ദുരിതത്തെ മറികടക്കാനും വരാനിരിക്കുന്ന ദുരിതത്തെ ലഘൂകരിക്കാനും നടപടിയെടുക്കണം ഗതാഗത തടസ്സം മാറ്റിയെടുക്കണം. പോലീസ് സേനയ്ക്കും റിസർവ് പോലീസിനും ഇക്കാര്യത്തിൽ വളരെ വലിയ കാര്യങ്ങൾ നിർവ്വഹിക്കനുണ്ട്..
പ്രൊഫ.ജി. ബാലചന്ദ്രൻ