സ്വാതന്ത്ര്യ സമരത്തിന്റെ വിപ്ലവാഗ്നിയിൽ നിന്ന് സന്യാസത്തിന്റെ നിർവൃതിയിലേക്കുയർന്ന ശ്രീ അരബിന്ദോ ഒരു വിസ്മയമാണ്. അരവിന്ദന്റെ പിതാവിന് ഇംഗ്ലീഷ് ഭാഷയോടും ഇംഗ്ലീഷ് സംസ്കാരത്തോടും കടുത്ത ആരാധനയായിരുന്നു. അതുകൊണ്ട് തന്നെ മക്കളെ പഠിപ്പിക്കാൻ പിതാവ് കൃഷ്ണധന ഘോഷ് അവരെ ഇംഗ്ലണ്ടിലേക്കയച്ചു.
ഇംഗ്ലീഷുകാരുടെ ഭരണത്തിൻ കീഴിൽ പണിയെടുക്കാൻ അരവിന്ദൻ ഇഷ്ടപ്പെട്ടില്ല. 14 വർഷത്തെ ഇംഗ്ലണ്ട് വിദ്യാഭ്യാസത്തിനു ശേഷം ഇൻഡ്യയിലെത്തിയ അരവിന്ദൻ പല ജോലികളിൽ പ്രവേശിച്ചെങ്കിലും ഇൻഡ്യൻ സ്വാതന്ത്ര്യ സമരത്തിന്റെ തീച്ചൂളയിലേക്കു എടുത്തുചാടി.
ഇംഗ്ലീഷ്, ഫ്രഞ്ച്, ഗ്രീക്ക്, ലാറ്റിൻ, ജർമ്മൻ,സ്പാനിഷ് തുടങ്ങിയ ഭാഷകളിൽ അദ്ദേഹം വ്യുത്പ്പത്തി നേടി. “പൗരസ്ത്യ ദേശത്തിന്റെ വിശുദ്ധ ഗ്രന്ഥങ്ങൾ” എന്ന മാക്സ് മുള്ളറിന്റെ പുസ്തകത്തിൽ അരവിന്ദൻ ആകൃഷ്ടനായി. ഉപനിഷത്തുകൾ, ഭഗവത്ഗീത, രാമായണം, ഭാരതം, മനുസ്മൃതി, കാളിദാസൻ, ഭവഭൂതി,ഭർത്ത്യഹരി തുടങ്ങിയവരുടെ കൃതികൾ അദ്ദേഹത്തിന്റെ മനസ്സിലേക്കു സൂര്യ കിരണങ്ങൾ കടത്തിവിട്ടൂ. പഠിക്കുകയും പഠിപ്പിക്കുകയും വായിക്കുകയും എഴുതുകയും ചെയ്തുകൊണ്ട് ആദ്ധ്യാത്മിക ലോകത്തിലേയ്ക്ക് അദ്ദേഹം പ്രവേശിച്ചു. സ്വാതന്ത്ര്യ സമരത്തിനിടയിൽ അദ്ദേഹത്തിന് ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വന്നു. തടവറ അദ്ദേഹം തപശ്ശാലയാക്കി. വാത്മീകത്തിൽ നിന്ന് വാല്മീകി പുറത്തു വന്നതു പോലെയാണ് അരബിന്ദോ മഹർഷിയായത്.
ഫ്രഞ്ചു ഭരണത്തിൽ കീഴിലായിരുന്ന പോണ്ടിച്ചേരിയിലെത്തിയ അരബിന്ദോ രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചു. ജ്ഞാനോപസനയിലേക്കു ഉയർന്നു. അരവിന്ദൻ എഴുതിയ കൃതികൾക്കു കണക്കില്ല. കവിതയും നാടകവും ലേഖനങ്ങളും “സാവിത്രി” എന്ന മഹാ കാവ്യവും അദ്ദേഹം രചിച്ചു.
ജ്ഞാന തപസ്സിൽ മുഴുകി ധ്യാനനിരതനായി അദ്ദേഹം രാവും പകലും ചെലവഴിച്ചു.
ആകസ്മികമായി ഒരു ഉൾവിളി ഫ്രഞ്ചുകാരിയായ മേരി ഫ്രാൻസിസ്ന് ഉണ്ടായി. അവർ അരബിന്ദോ ദർശനങ്ങളിൽ ആകൃഷ്ടയായി. ഭർത്താവുമൊരുമിച്ച് അവർ ഫ്രാൻസിൽ നിന്ന് പോണ്ടിച്ചേരിയിലെത്തി. “മീരാ അൽഫസാ” എന്ന പേരിൽ അറിയപ്പെട്ട ആ മഹതി പിന്നീട് പ്രസിദ്ധയായത് “അമ്മ” എന്ന പേരിലാണ്. അരവിന്ദാശ്രമത്തിലെ ഗുരുവും അമ്മയും പരസ്പരം ബഹുമാനിച്ചു കഴിഞ്ഞു. അമ്മയുടെ മേൽ നോട്ടത്തിലാണ് 1920 മുതൽ അരവിന്ദാശ്രമത്തിന്റെ പുരോഗതി. അരബിന്ദോയുടെ സമാധിക്കു ശേഷം അമ്മ ഒരു ദേവദൂതിയെപ്പോലെ അരവിന്ദാശ്രമത്തിന് നേതൃത്വം നൽകി.
ഇപ്പോഴുള്ള പുതുച്ചേരിയിലെ അരവിന്ദാശ്രമം കാണേണ്ടതുതന്നെ. അമ്മയുടെ ഭാവനയും ശുഷ്കാന്തിയും കൊണ്ട് ഉണ്ടായ അരവിന്ദാശ്രമത്തിന്റെ വളർച്ചയും വികാസവും അത്‌ഭുതകരമാണ്. “ആരോവില്ല” എന്ന പേരിൽ 3000 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന ഒരു ടൗൺഷിപ്. അരവിന്ദാശ്രമത്തിന്റെ പ്രവർത്തന പദ്ധതികൾ വളരെയാണ്. സ്വയം സമർപ്പിതമായ ജീവിതവുമായി അവിടെ താമസിച്ച് സേവന മനുഷ്ഠിക്കുന്നവർ ആയിരങ്ങൾ. എവിടെത്തിരിഞ്ഞു നോക്കിയാലും ആരോവില്ലയുടെ പേരേ കാണാനും കേൾക്കാനുമുള്ളു.
ജാതി – മത – ദേശ- ലിംഗ-വർഗ്ഗ വർണ്ണ ഭേദമില്ലാത്ത ഒരു ദർശന സിദ്ധിയാണ് അവിടെ കാണാൻ കഴിഞ്ഞത്. അവിടെ അമ്മ വിഭാവന ചെയ്ത മാന്ത്ര മന്ദിരം ഒന്നു കാണേണ്ടതു തന്നെ. സ്വർണ്ണ ഗോളാകൃതിയിൽ നിർമ്മിച്ചിട്ടുള്ള ആ ദിവ്യ ശില്പ രൂപത്തിനകത്ത് ധ്യാനത്തിനുതകുന്ന സജ്ജീകരണങ്ങൾ ചെയ്തിട്ടുണ്ട്. അതിനടുത്ത് ഒരു വലിയ മൺകുടത്തിൽ നൂറ്റി ഇരുപതു രാജ്യങ്ങളിൽ നിന്ന് ശേഖരിച്ച മണ്ണു സൂക്ഷിച്ചിരിക്കുന്നു. സ്വർണ്ണ നിറമുള്ള ശല്ക്കങ്ങൾ കൊണ്ട് രൂപപ്പെടുത്തിയതാണ് ആ മാന്ത്രി മന്ദിരം(Mantri Mandir). പുറത്ത് അസംബ്ലി കൂടാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. ആ മാന്ത്രി മന്ദിരത്തിനകത്ത് മുകളിൽ നിന്ന് ഊർന്നു വരുന്ന പ്രകാശ രശ്മി ഉള്ളിൽ നിറയെ സവിശേഷ വെളിച്ചം പകരുന്നു. പല രാജ്യങ്ങളിൽ നിന്നെത്തുന്ന നുറുകണക്കിനാളുകളാണ് അവിടെ നിശ്ശബ്ദ ധ്യാനത്തിലിരിക്കുന്നത്. ഞാനും അതനുഭവിച്ചറിഞ്ഞു. എവിടെയും പൂക്കളുടേയും ചെടികളുടേയും സമൃദ്ധിയാണ്. അമ്മയുടെ സമാഹൃദ പുസ്തകൾ പതിനേഴ് വല്യങ്ങളിൽ ചേർത്തിട്ടുണ്ട്. അവിടെയുള്ള ബുക്ക് സ്റ്റാളിൽ പുസ്തകങ്ങൾ എല്ലാം കിട്ടും.
കരിക്കുലവും സിലബസും ഇല്ലാത്ത ഒരു പബ്ലിക്ക് സ്കൂൾ ആശ്രമത്തിലുണ്ട് .
ടിബറ്റൻകാർ മാത്രമായുള്ള ഒരു വീട് കാണാം. അവിടെ ടിബറ്റൻ ഡോക്ടറന്മാർ ഇംഗ്ലീഷ്, ഹോമിയോ, ആയുർവേദ ചികിത്സ നടത്തുന്നു.
ചന്ദനത്തിരികൾ മുതൽ ഹാൻഡ് പേപ്പർ വരെ നിർമ്മിക്കുന്ന വ്യവസായങ്ങളുണ്ട്. വളരെ കുറഞ്ഞ നിരക്കിൽ ഭക്ഷണം ലഭിക്കുന്ന ഒരു കാന്റീനും പ്രവർത്തിക്കുന്നു.
ആരോവില്ല ഇന്ന് ആത്മീയതയുടെ അത്ഭുത മാസ്മരിക ലോകമാണ്.
പ്രൊഫ.ജി.ബാലചന്ദ്രൻ