പഞ്ചനദികളുടെ നാട്ടിൽ അമൃത സരോവരത്താട് ചേർന്ന ജാലിയൻ വാലാബാഗ് ഇന്ത്യൻ ദേശീയതയുടെ പോരാട്ടവീര്യത്തിൻ്റെ ഉജ്വല സ്മാരകമാണ് . മണ്ണിൻ്റെ മക്കളുടെ മാറു പിളർന്നൊഴുകിയ ചോരയ്ക്ക് ചുടുചോര കൊണ്ട് കണക്ക് പറഞ്ഞ രക്തസാക്ഷികളുടെ രാജാവ് ഉധം സിംഗ് എന്ന സമരപോരാളിയുടെ പാദപാംസുക്കളാൽ ധന്യമായ മണ്ണ്.
1919 ഏപ്രിൽ 13 .. ഒരു ഞായറാഴ്ച. അന്ന് ബൈശാഖി ആഘോഷം കൂടിയായിരുന്നു. അമൃതസറിലെ ജാലിയൻ വാലാബാഗ് ഉദ്യാനം ജനസഞ്ചയത്താൽ നിറഞ്ഞു കവിഞ്ഞു. സമയം വൈകിട്ട് 0530. വിചാരണ കൂടാതെ ജനങ്ങളെ തടവിൽ പാർപ്പിക്കാനുള്ള ബ്രിട്ടീഷുകാരുടെ കിരാതനിയമമായ റൗലറ്റ് ആക്ടിനെതിരെ പ്രതിഷേധിക്കാൻ നിരവധി ദേശസ്നേഹികൾ ജാലിയൻവാലാബാഗ് മൈതാനത്ത് ഒത്തുകൂടി.
ബ്രിട്ടീഷ് പട്ടാള ഉദ്യോഗസ്ഥനായ ബ്രിഗേഡിയർ-ജനറൽ ഡയറിൻ്റെ നിർദ്ദേശപ്രകാരം പട്ടാളം നിരായുധരായ ഇന്ത്യൻ ജനതയ്ക്ക് നേരെ വെടിവച്ചു. 15 മിനുട്ട് കൊണ്ട് 50 പട്ടാളക്കാർ 1650 റൗണ്ട് ഫയറിംഗ് പൂർത്തിയാക്കിയപ്പോൾ രക്തസാക്ഷികളായത് ഇന്ത്യയുടെ ആയിരത്തിലധികം കർമ്മ ഭടൻമാർ .
സമരഭൂമിയിൽ ഒരു 19കാരൻ കുടിവെള്ള വിതരണം നടത്തുന്നുണ്ടായിരുന്നു. വെടിവെയ്പിൽ ഉധം സിംഗ് എന്ന ആ ചെറുപ്പക്കാരൻ്റെ കാലിന് പരുക്കേറ്റു. നേരിൽകണ്ട കൂട്ടക്കൊല അവൻ്റെ മനസ്സിൽ പ്രതിഷേധത്തിൻ്റെ ഉമിത്തീ ആളിക്കത്തിച്ചു.. ഉധംസിംഗ് പ്രതികാരവാഞ്ചയോടെ പകരം വീട്ടാൻ ജനറൽ ഡയറെത്തേടി പലയിടത്തും അലഞ്ഞു നടന്നു.
തൻ്റെ ലക്ഷ്യ പൂർത്തീകരണത്തിനായി 1934ല്‍ ഉധംസിംഗ് ലണ്ടനിലെത്തി. ക്ഷമയുടെ നെല്ലിപ്പലക കണ്ടിട്ടും ആ യുവ പോരാളി ഉദ്യമത്തിൽ നിന്ന് പിൻമാറിയില്ല . 1940 മാര്‍ച്ച് 13ന് ഇംഗ്ലണ്ടിലെ കാക്സ്റ്റണ്‍ ഹാളില്‍ സെൻട്രൽ ഏഷ്യൻ സൊസൈറ്റിയുടെയും ഈസ്റ്റ് ഇന്ത്യ അസോസിയേഷന്റെയും പരിപാടിയിൽ ഡയർ പങ്കെടുക്കുന്നതായി ഉധം അറിഞ്ഞു. 21 വർഷമായുള്ള തൻ്റെ കാത്തിരിപ്പിന് വിരാമം കുറിച്ച് ഉധം സിംഗ് യോഗ സ്ഥലത്തെത്തി. പുസ്തകത്തിനകത്തെ പേജുകൾ റിവോൾവറിൻ്റെ രൂപത്തിൽ വെട്ടി അതിനുള്ളിൽ റിവോൾവർ ഒളിപ്പിച്ച് ഉധം അകത്ത് കടന്നു. . ഡയറിനെ വെടിവെച്ചു വീഴ്ത്തി. ജാലിയൻ വാലാബാഗിലെ രക്തം തളം കെട്ടിയ ആ കറുത്ത ഞായറാഴ്ചക്ക് ഉധം പകരം വീട്ടിയത് 2 വെടിയുണ്ടകളാൽ.! ഡയര്‍ എന്ന 75 കാരൻ തല്‍ക്ഷണം മരിച്ചു വീണു.
ഉധം ഓടിയൊളിച്ചില്ല, നിയമത്തിനു മുന്നിൽ കീഴടങ്ങി. കൊലക്കുറ്റംചാർത്തി ഉധം സിംഗിനെ അറസ്റ്റ് ചെയ്തു. 1940 ഏപ്രിൽ 1 ന് കോടതിയിൽ ഹാജരാക്കി. പേരെന്താണെന്ന പോലീസിൻ്റെയും കോടതിയുടെയും ചോദ്യത്തിന് ഉധം സിംഗിന് ഒരു ഉത്തരമേ ഉണ്ടായിരുന്നുള്ളു. ” റാം മുഹമ്മദ് സിംഗ് ആസാദ്” എന്നായിരുന്നു ആ ദേശാഭിമാനി മറുപടി പറഞ്ഞത്. അത് മതനിരപേക്ഷ ഇന്ത്യയുടെ ആർജ്ജവത്തിൻ്റെ പേരായിരുന്നു.
കണ്ണ് കെട്ടിയെങ്കിലും നിഷ്പക്ഷല്ലാത്ത നീതിപീഠത്തെ നോക്കി പ്രതിക്കൂട്ടിൽ നിന്ന് ഉധം ചിരിച്ചു. സമനില തെറ്റിയവൻ എന്ന ആനുകൂല്യം വേണമെന്ന് ഉധം സിംഗിന് വേണ്ടി ഹാജരായ അഭിഭാഷകർ വാദിച്ചു. പക്ഷെ ഉധം അതിനെ എതിർത്തു. കർമ്മകാണ്ഡം പൂർത്തിയാക്കിയ ആത്മസംതൃപ്തിയിൽ തൻ്റെ ഉത്തമ ബോധ്യത്താൽ ചെയ്ത കൃത്യം എന്ന് സ്വയം ഏറ്റുപറഞ്ഞു. . കോടതി വധശിക്ഷ വിധിച്ചു. അപ്പോഴും ഉധം പറഞ്ഞത് ” ഡൗൺ വിത് ബ്രിട്ടീഷ് ഇംപീരിയലിസം! ഡൗൺ വിത് ബ്രിട്ടീഷ് ഡേർട്ടി ഡോഗ്സ്! എന്നാണ്. 1940 ജൂലായ് 31 ന് പെൻറൺവില്ല ജയിലിൽ വച്ച് ഉധം മാതൃരാജ്യത്തിനായ് കഴുമരത്തിലേറി. എങ്കിലും ഇന്നും ഉധം മഹാഭാരതത്തിൻ്റെ ചിദാകാശത്ത് അഗ്നിനക്ഷത്രമായി ജ്വലിക്കുന്നു
പ്രൊഫ ജി ബാലചന്ദ്രൻ
See insights and ads
All reactions:
4040