സംശയിക്കേണ്ട! പറയുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാവ് കൃഷ്ണപിള്ള തന്നെയാണ്. തടവറയിൽ മൊട്ടിട്ട പ്രണയസാഫല്യ കഥ ഇങ്ങനെ: പ്രണയത്തിലെ ഹംസമായി പകർന്നാടിയത് രാഷ്ട്ര ഭാഷയായ ഹിന്ദിയും, മീഡിയേറ്ററായത് ഒരു പോലീസുകാരനും.
എടലാക്കുടി ജയിലിൽ കൃഷ്ണപിള്ള കഴിയുന്ന കാലം. പുറം ലോകത്തെ സഖാക്കളുടെ വിശേഷങ്ങളറിയാൻ അദ്ദേഹത്തിന് അതിയായ മോഹം. ഹിന്ദി വിശാരദനായ സഖാവിന് വായിക്കാൻ ഒരു ഹിന്ദി പുസ്തകം കിട്ടണം. അതിനുള്ള പല വഴികളും അദ്ദേഹം അലോചിച്ചു. അഞ്ച് രൂപ ശമ്പളമുള്ള പോലീസുകാരൻ അയ്യൻ പിള്ളയോട് ഒരു ഹിന്ദി പുസ്തകം തരപ്പെടുത്താൻ പറഞ്ഞു. അയ്യൻപിള്ള അയൽവാസിയായ ഹിന്ദി വ്യദ്യാത്ഥിനി തങ്കമ്മയെ സമീപിച്ചു. അവൾ ‘ചന്ദ്രഗുപ്ത’ എന്ന പുസ്തകം കൊടുത്തു. യഥാർത്ഥത്തിൽ ചന്ദ്രഗുപ്ത എന്ന ആ ഹിന്ദി പുസ്തകമാണ് സഖാവും തങ്കമ്മയും തമ്മിലുള്ള പ്രണയത്തിന് നിമിത്തമായത്. തടവിൽ കഴിയുന്ന വിപ്ലവ രാഷ്ട്രീയക്കാരനാണ് ആ പുസ്തകം കൊടുത്തതെന്നറിഞ്ഞപ്പോൾ തങ്കമ്മ പേടിച്ചു വിറച്ചു. ശുചീന്ദ്രം ക്ഷേത്രത്തിലെ കീഴ്ശാന്തിക്കാരൻ ജനാർദ്ദനൻ പോറ്റിയുടെ മകളാണ് പതിനേഴുകാരിയായ തങ്കമ്മ. വായിച്ച ശേഷം പുസ്തകം തിരിച്ചു കിട്ടി. പുസ്തകത്തിലെ ഏടുകൾ എല്ലാം ഉണ്ടോ എന്നു മറിച്ചു നോക്കി. ആദ്യ പേജിൽ വടിവൊത്ത ഹിന്ദി അക്ഷരത്തിൽ ‘ആപ് കാ നാം ക്യാ ഹെ’ എന്ന് എഴുതിയിരുന്നു’. തങ്കമ്മ മിണ്ടിയില്ല. അടുത്ത ദിവസം വെറൊരു പുസ്തകം പോലീസുകാരൻ വാങ്ങി കൊടുത്തു. അതിൽ കൃഷ്ണപിള്ള ഇങ്ങനെ എഴുതി. ‘മേരാ നാം കൃഷ്ണപിള്ള ഹെ. ആപ് കാ നാം ക്യാ ഹെ’. ഒടുവിൽ അവൾ എഴുതി, “ തങ്കമ്മ, മേരാ നാം ഹെ.” ഒരിക്കലും കാണാത്ത അറിയാത്ത അവർ തമ്മിലുള്ള സൗഹൃദം വളർന്നു ‘ പുസ്തകത്തിലൂടെ പ്രണയ കൈമാറ്റം തകൃതിയായി. കൃഷ്ണപിള്ള പുസ്തകത്തിന്റെ പൊതിക്കകത്തുവെച്ച പേപ്പറുകൾ പുറത്തു ചിലർക്കു കൊടുക്കണമെന്നു നിർദ്ദേശിച്ചു. തങ്കമ്മ അതനുസരിച്ചു. ജയിലിനകത്തുള്ള വ്യക്തിയുടെ ആജ്ഞാ ശക്തി തങ്കമ്മയെക്കൊണ്ട് ഇതെല്ലാം ചെയ്യിച്ചു എന്നു വേണം പറയാൻ. മാത്തൂർ നാരായണ പിള്ളയേയും, ഉണ്ണിരാജായേയുമൊക്കെ തങ്കമ്മ അങ്ങനെ പരിചയപ്പെട്ടു. കൃഷ്ണപിള്ള തങ്കമ്മയ്ക്ക് എഴുതി ” എന്നോടൊപ്പം എന്റെ പാർട്ടിക്കു വേണ്ടി പ്രവർത്തിക്കാനും കഷ്ടപ്പെടാനും തയ്യാറാണെങ്കിൽ എന്റെ ഭാര്യാ പദം കൊണ്ട് തൃപ്തിപ്പെടാം”. തങ്കമ്മയ്ക്കു സമ്മതമായിരുന്നു. ധീരനായ കൃഷ്ണപിള്ള നേരേ ചെന്ന് തങ്കമ്മയുടെ അച്ഛനോട് കല്യാണക്കാര്യം പറഞ്ഞു. ആദ്യമുണ്ടായ എതിർപ്പിനു ശേഷം ശുചീന്ദ്രം രജിസ്ട്രാറെ വീട്ടിൽ വരുത്തി കല്യാണം നടത്തി. അന്ന് മുതൽ തങ്കമ്മ സഖാവിന്റെ പത്നിയും പാർട്ടിയുടെ ഉറച്ച പ്രവർത്തകയുമായി. വിവാഹം കഴിഞ്ഞ് അവർ നേരേ എത്തിയത് തിരുവനന്തപുരത്തുള്ള പൊന്നറ ശ്രീധരന്റെ വീട്ടിലേക്കാണ്. ആലപ്പുഴയിലെ ആർ സുഗതൻ , ടി.വി തോമസ് എന്നി വരെ പരിചയപ്പെട്ടു. സുഗതൻ സാർ ‘ശ്രീമതി’ എന്നാണ് തങ്കമ്മയെ വിളിച്ചത്. മറ്റു സഖാക്കൾ ചേച്ചി എന്നും വിളിച്ചു. ആലപ്പുഴയിലെ സിനിമാക്കൊട്ടകയിൽ പോയി അവർ ‘കിസ്മത്ത്’ എന്ന ഹിന്ദി സിനിമ കണ്ടു.
പിന്നീട് പി.കൃഷ്ണപിളള പാർട്ടി കെട്ടിപ്പടുക്കാൻ കേരളം മുഴുവൻ ചുറ്റിയടിച്ചു. നമുക്കു വേണ്ടതെല്ലാം പാർട്ടി തരുമെന്നാണ് കൃഷ്ണപിള്ള പറഞ്ഞത്. കൃഷ്ണപിള്ളയും ഭാര്യയും പല സ്ഥലത്തും വീടുകളിലും മാറി മാറി താമസിച്ചു. തങ്കമ്മ ഗർഭിണിയായി. ആദ്യ പ്രസവത്തിൽ ഇരട്ട ക്കുട്ടികളായിരുന്നു. ആ കുട്ടികൾ അടുത്തടുത്ത നാളുകളിൽ മരിച്ചു. അന്നു മാത്രമാണ് സഖാക്കളുടെ സഖാവ് കൃഷ്ണപിള്ള കരഞ്ഞത്.
പ്രൊഫ ജി ബാലചന്ദ്രന്‍