മുഖപുസ്തകത്തിൽ എഴുതിയ കുറിപ്പു കണ്ട ശേഷമാവാം ശ്രീ സതീശന്‍ എന്നെ വിളിച്ചു സംസാരിച്ചു. സന്തോഷം. എനിക്ക് ഒരിക്കലും കോൺഗ്രസിൽ നിന്ന് മാറി ചിന്തിക്കാൻ കഴിയില്ല. അനിതരസാധാരണമായ വെല്ലുവിളികളിലൂടെയും പ്രതിസന്ധികളിലൂടെയുമാണ് പാർട്ടി കടന്നു പോവുന്നത്. അതു കൊണ്ട് തന്നെ കോൺഗ്രസിൻ്റെ നന്മയ്ക്കു വേണ്ടി സാധാരണ പ്രവർത്തകൻ എന്ന നിലയിൽ ചിലത് പറഞ്ഞേ പറ്റൂ. നേതാക്കളും അണികളും പല തട്ടിൽ നിൽക്കുന്നത് ശരിയല്ല. ഒരു വട്ടമേശയ്ക്ക് ചുറ്റുമിരുന്ന് ഒരൊറ്റ മനസ്സായി പ്രശ്നങ്ങൾ പറഞ്ഞു തീർക്കണം. അതിന് കേരളത്തിൽ നിന്നുള്ള MP കൂടിയായ രാഹുൽ ഗാന്ധി നേതൃത്വം നൽകണം. എ.കെ. ആൻ്റണിയുടേയും വയലാർ രവിയുടേയും ചെന്നിത്തലുടെയും തട്ടകമായ ആലപ്പുഴയിലാണ് ഞാനും രാഷ്ട്രീയത്തിൻ്റെ ഹരിശ്രീ കുറിച്ചത്. ഞങ്ങളുടെ തലയ്ക്ക് മുകളിലൂടെ സുധീരനും, വേണുഗോപാലും കന്നിയങ്കത്തിനെത്തിയപ്പോൾ ഞങ്ങൾ സർവ്വാത്മനാ സ്വാഗതം ചെയ്തു. അതാണ് സംഘടനയുടെ അച്ചടക്കം. പഴയ വൃദ്ധ നേതൃത്വത്തിനെതിരെയാണ് പണ്ട് യുവതുർക്കികൾ ആഞ്ഞടിച്ചത്. കേട്ട ശബ്ദവും കണ്ട മുഖവും മാറണമെന്ന് ജനങ്ങളും ആഗ്രഹിച്ചു. കിട്ടിയ അവസരം അന്നത്തെ യുവാക്കൾ മുതലാക്കി. പടികൾ ചവിട്ടിക്കയറി. പക്ഷെ വന്ന വഴി അവർ മറന്നു. പുതു തലമുറയ്ക്ക് ആരും വഴിമാറിക്കൊടുത്തില്ല. അവസരങ്ങൾ കിട്ടിയാലല്ലെ ചെറുപ്പക്കാർക്ക് വളരാൻ പറ്റൂ. അവരല്ലേ നല്ല നാളെയുടെ തിരിനാളമാവേണ്ടവർ? ലക്ഷക്കണക്കിന് യുവാക്കൾ പ്രതീക്ഷയോടെയാണ് കോൺഗ്രസിനെ ഉറ്റുനോക്കുന്നത്. അവരെ നിരാശരാക്കരുത്. എനിക്കു ശേഷം പ്രളയം എന്നാവരുത്. നേതാക്കൾ നേതൃ പദവികൾ വെച്ചനുഭവിയ്ക്കാൻ ശാഠ്യം പിടിക്കരുത്. കെട്ടിക്കിടക്കുന്ന ജലം മലിനമാകും. ഒഴുക്കു നീറ്റിലെ ശുദ്ധജലം വരൂ. കോൺഗ്രസിന് ഒരു കായകൽപ്പ ചികിത്സയുടെ സമയം അതിക്രമിച്ചിരിക്കുന്നു. ജാതി മത ഗ്രൂപ്പുകൾക്കതീതമായ ഭാവനാസമ്പന്നരാണ് പുതിയ കാലത്തിൻ്റെ ആവശ്യം. അതിന് നമുക്ക് കാമരാജ് പദ്ധതി പരീക്ഷിച്ചു കൂടെ.? സംഘടനാ രംഗത്ത് ശോഭിച്ചവർ പാർലമെൻ്ററി രംഗത്തേക്കും പാർലിമെൻ്ററി രംഗത്തുള്ളവര്‍ സംഘടനാ രംഗത്തേക്കും വരണം. പാർട്ടി പ്രവർത്തനങ്ങൾ താഴെ തട്ടിൽ നിന്ന് തുടങ്ങണം. പഠന ക്ലാസുകൾ ആരംഭിക്കണം. നെഹ്രുവിയൻ ജനാധിപത്യ സോഷ്യലിസം മുറുകെ പിടിച്ച് കൈവിട്ട് പോയതെല്ലാം കൈ എത്തും ദൂരത്താക്കണം. ഗ്രാമസഭകളും ബൂത്ത് കമ്മറ്റികളും സജീവമാക്കണം. താഴെത്തട്ടു മുതൽ അജണ്ട വെച്ച് ത്രൈമാസ യോഗങ്ങൾ മുതിർന്ന നേതാക്കളുടെ സാന്നിദ്ധ്യത്തിൽ ചേരണം. വരവിനും ചിലവിനും രേഖയുണ്ടാകണം. പോഷക സംഘടനകളും വർഗ ബഹുജന സംഘടനകളും, പ്രവാസി സംഘടനകളും ഉടച്ചു വാർക്കണം. വനിതാ ദളിത് പ്രാതിനിധ്യം ഉറപ്പാക്കണം. നവ മാധ്യമ പോരാളികളെ വളർത്തിയെടുക്കണം. തെറ്റായ പ്രവണതയുള്ള പ്രവർത്തകർ പടിക്കു പുറത്താവണം. ബൂത്ത് കമ്മറ്റികൾക്ക് ഫണ്ടും പ്രധാന പ്രവർത്തകർക്ക് അലവൻസും നൽകണം. ഗ്രാമസഭാ തലത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏറ്റെടുക്കണം. മതനിരപേക്ഷ കൂട്ടായ്മകൾ ശക്തിപ്പെടുത്തണം. മേഖലാ ക്യാമ്പുകൾ നടത്തണം. അണികളുടെ അഭിപ്രായങ്ങൾ കേൾക്കുകയും വികാരം മാനിക്കുകയും വേണം. സംഘടനാ – പാർലമെൻ്ററി രംഗത്തെ വീഴ്ചകൾ അന്വേഷിക്കുന്ന കമ്മീഷൻ റിപ്പോർട്ടുകൾ വെളിച്ചം കാണണം. തെന്നല മുതൽ വക്കം വരെയുള്ള എല്ലാ കമ്മീഷനുകളിലും ഞാനംഗമായിരുന്നു. ഞങ്ങൾ കേരളം മുഴുവൻ നടന്ന് വിവരങ്ങൾ ശേഖരിച്ചു. പക്ഷേ റിപ്പോർട്ടുകൾ ഒന്നും നടപ്പാക്കിയില്ല. ആ സ്ഥിതിക്ക് മാറ്റം വേണം. എവിടെയെങ്കിലും വെച്ച് കോൺഗ്രസിലെ പ്രശ്നങ്ങൾക്ക് ഒരു വിരാമമിട്ടേ പറ്റൂ.. നീറുന്ന ഹൃദയത്തോടെയാണ് ഇത്രയും എഴുതിയത്. ഇനി യുവാക്കളുടെ കാലമാണ്.
എൻ്റെ ശ്രദ്ധ എഴുത്തിലാണ്. “ഇന്നലെയുടെ തീരത്ത്” എന്ന ആത്മകഥ പൂർത്തിയായി. ഞാൻ എല്ലാം തുറന്നെഴുതിയിട്ടുണ്ട്, അനുഭവങ്ങളും പാളിച്ചകളും എല്ലാം. : സെപ്റ്റംബറിൽ പുസ്തകം പ്രസിദ്ധീകരിക്കും. മഹാഭാരതത്തിൻ്റെ അവസാനത്തിൽ ഇരു കൈയും ഉയർത്തി വ്യാസൻ കരഞ്ഞു പറയുന്നുണ്ട്. ഇത്രയൊക്കെ പറഞ്ഞിട്ടും ആരും കേൾക്കുന്നില്ലല്ലോ എന്ന്. പക്ഷെ പ്രതീക്ഷയുണ്ട്. ഈ കാലവും കഴിഞ്ഞു പോവും.
സ്നേഹാഭിവാദ്യങ്ങൾ
പ്രൊഫ ജി ബാലചന്ദ്രൻ