ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ ഇളക്കി മറിച്ചത് 1942 ആഗസ്റ്റ് 9 ന് ആരംഭിച്ച ക്വിറ്റ് ഇന്ത്യാ സമരമാണ്. “ബ്രിട്ടിഷുകാരേ ഇന്ത്യവിടുക” എന്ന മുദ്രവാക്യം ബ്രിട്ടീഷുകാരുടെ കാതടപ്പിച്ചു. ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ പരിപാടികൾ ആവിഷ്കരിക്കാനും നേതൃത്വം ഏറ്റെടുക്കാനും മഹാത്മാ ഗാന്ധിയെ കോൺഗ്രസ്സ് യോഗം ആഗസ്റ്റ് 8 തീയതി ചുമതലപ്പെടുത്തി. മൗന വ്രതത്തിൽ നിന്നുണർന്ന ഗാന്ധിജി പൂർവ്വാധികം കരുത്തോടെ പ്രസ്താവിച്ചു: “ഞാൻ നിങ്ങൾക്കു ഒരു മന്ത്രം തരാം.
“Do or Die”പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക”.
ആഗസ്റ്റ് എട്ടാം തീയതിയായിരുന്നു തീരുമാനം. സമര പരിപാടികൾ അടുത്ത ദിവസം പ്രഖ്യാപിക്കാമെന്നു ഗാന്ധിജി പറഞ്ഞു. യോഗം പിരിഞ്ഞു. പക്ഷേ അന്ന് അർദ്ധരാത്രിയിൽ ഗാന്ധിജി ഉൾപ്പെടെ എല്ലാ പ്രമുഖ നേതാക്കളെയും അറസ്റ്റു ചെയ്തു ജയിലിലാക്കി. എന്തു ചെയ്യും? ഗാന്ധിജിയുടെ മനസ്സിലാണ് സമര പദ്ധതികൾ.
നേതാക്കളെയെല്ലാം തടവിലാക്കിയപ്പോൾ ജനങ്ങൾ ഇളകി വശായി. പലയിടത്തും ജനങ്ങൾക്കു തോന്നിയതു പോലെ പ്രതിഷേധങ്ങളും സമരങ്ങളും നടത്തി. അറസ്റ്റും ലാത്തിച്ചാർജ്ജും വെടിവെയ്പ്പും നടന്നു. 60230 പേരെയാണ് ബ്രിട്ടീഷ് പട്ടാളം അറസ്റ്റു ചെയ്തത്. 538 പ്രാവശ്യം ജനക്കൂട്ടത്തിനു നേരേ വെടിവച്ചു. 960 പേർ മരിച്ചു.
യോഗങ്ങൾ ചേരുന്നതും പ്രകടനം നടത്തുന്നതും നിരോധിച്ചു. ലാത്തികൾ മാത്രമല്ല ഉപയോഗിച്ചത്. തോക്കുകളും യന്ത്രത്തോക്കുകളു പ്രവർത്തിപ്പിച്ചു. വിമാനത്തിൽ നിന്ന് വെടിയുണ്ടകൾ വർഷിച്ചുമാണ് സമരത്തെ നേരിട്ടത്. കോപാകുലരായ ജനങ്ങൾ ഭ്രാന്തമായി പ്രതികരിച്ചു. കാറുകളും തീവണ്ടികളും റെയിൽവേ സ്റ്റേഷനും അവർ കല്ലെറിഞ്ഞു തകർത്തു. സർക്കാർ ഗോഡൗണുകളും പാലങ്ങളും റെയിൽപ്പാളങ്ങളും നശിപ്പിച്ചു. വിദേശ ഭരണം അവസാനിപ്പിക്കാൻ ഇന്ത്യാക്കാർ എന്ത് ചെയ്യാനും മടിക്കുകയില്ലെന്ന് ബ്രിട്ടീഷുകാർക്കു ബോദ്ധ്യമായി. ആഗസ്റ്റ് 9 മുതൽ ആരംഭിച്ച ക്വിറ്റ് ഇന്ത്യാ സമരം അക്രമരഹിത സമരമായിരുന്നില്ല. ചർച്ചിൽ മർക്കടമുഷ്ടി ഉപയോഗിച്ച് സമരത്തെ നേരിട്ടു. ലോക മഹായുദ്ധത്തിൽ ജപ്പാൻ പട്ടാളം ഇന്ത്യയുടെ പടിവാതില്ക്കലെത്തിയപ്പോൾ ഇന്ത്യക്കാരെക്കുടി യുദ്ധത്തിൽ പങ്കാളികളാക്കാൻ ശ്രമിച്ചു. ദേശീയ വാദികളെ പട്ടാളത്തിലെടുത്തു. ചർച്ചിൽ അനുനയ ശ്രമങ്ങൾക്കു തയ്യാറായി. പല വാഗ്ദാനങ്ങളും ചർച്ചിൽ മുന്നോട്ടു വച്ചു. ഗാന്ധിജി ജയിലിൽ കിടന്നു കെണ്ടു പ്രതികരിച്ചത് ഇങ്ങനെയാണ്: “കാലഹരണപ്പെട്ട ബാങ്കിലേക്കുള്ള കാലഹരണപ്പെട്ട ചെക്കാണ് ചർച്ചിലിന്റേത് “
അഞ്ചു മാസം ഗാന്ധിജി ജയിൽവാസമനുഭവിച്ചു അതിനിടയിൽ ഗാന്ധിജി മരിച്ചാൽ അതുണ്ടാക്കാനിടയുളള പ്രത്യാഘാതം ഭീകരമായിരിക്കുമെന്ന് അവർ ഭയന്നു. ഗാന്ധിജിയെ യെർവാദാ ജയിലിലല്ല, പുനയിലെ ആഗാഖാൻ കൊട്ടരത്തിലാണ് തടവിൽ പാർപ്പിച്ചത്. വിട്ടുവീഴ്ചയ്ക്ക് അദ്ദേഹം തയ്യാറായില്ല.
ഇന്ത്യയുടെ പ്രകാശ ഗോപുരമായിരുന്നു ഗാന്ധിജി. അദ്ദേഹത്തിന്റെ വ്യക്തി പ്രഭാവത്തിലാണ് സ്വതന്ത്ര ഇന്ത്യയിലേക്ക് നാം ഉണർന്നത്. ഒരു പിടി ഉപ്പും ചർക്കയും വെറും കൈകളും അഹിംസയുമായിരുന്നു ഗാന്ധിജിയുടെ സമരമാർഗ്ഗങ്ങൾ. രണ്ടാം ലോക മഹായുദ്ധത്തിൽ ലോകത്തേയും ഹിറ്റ്ലറേയും വിറപ്പിച്ച ചർച്ചിൽ ഗാന്ധിജി നിരാഹാരവ്രതം അനുഷ്ഠിക്കുമ്പോൾ ഞെട്ടി വിറയ്ക്കുമായിരുന്നു. 1942 കഴിഞ്ഞ് അഞ്ചു വർഷത്തിന് ശേഷം ഇന്ത്യയ്ക്കു സ്വാതന്ത്യം ലഭിച്ചു. 74 വയസ്സു വരെയുളള കാലഘടത്തിൽ ഗാന്ധിജി 2338 ദിവസങ്ങൾ ജയിലിന്റെ ഇരുട്ടറയ്ക്കുള്ളിലായിരുന്നു. ഗാന്ധിജിയുടെ നിസ്വാർത്ഥവും ത്യാഗപൂർണ്ണവുമായ ജീവിതം ലോകത്തിനു തന്നെ മാതൃകയാണ്. ക്വിറ്റ് ഇന്ത്യാ സമരമാണ് സ്വാതന്ത്ര്യ സമരത്തെ ഉജ്ജ്വലമാക്കിയത്.
പ്രൊഫ.ജി.ബാലചന്ദ്രൻ
ഗ്രീസിലെ ഏറ്റവും വലിയ ദുരന്ത നായകൻ
ഗ്രീസിലെ തീബ്സ് രാജ്യം ഐശ്വര്യ സമ്പൂർണ്ണമായിരുന്നു. ലായിയൂസ് രാജാവും രാജ്ഞിയും രാജ്യത്തേയും ജനങ്ങളേയും പരിപാലിച്ചു. അവർ രാജ്യത്തെ സ്വർഗ്ഗമാക്കി. രാജാവിനും രാജ്ഞിയ്ക്കും ഒരു തീരാ ദുഃഖം മാത്രം. അവർക്ക് സന്താനങ്ങളില്ല. പൂജയും പ്രാർത്ഥനകളുമൊക്കെ നടത്തി