കഴിഞ്ഞ മെയ് 1 ന് കൊളംബിയയിൽ ഉണ്ടായ വിമാനാപകടത്തെ തുടർന്ന് നാൽപ്പതു ദിവസത്തോളം ആമസോൺ കാടുകളിലകപ്പെട്ടു പോയ നാല് പിഞ്ചുകുഞ്ഞുങ്ങൾ നിത്യജീവിതത്തിലേക്ക് തിരികെയെത്തുകയാണ്. വിമാനാപകടത്തിൽ അമ്മയും പൈലറ്റും കൊല്ലപ്പെട്ടപ്പോൾ, ബാക്കിയായത് പതിനൊന്നു മാസം പ്രായമുള്ള കൈക്കുഞ്ഞുൾപ്പെടെ 4 കുരുന്നുകൾ,. മൂത്ത കുട്ടി ലസ്ലിക്ക് 13 ഉം ഇളയ കുട്ടികൾക്ക് യഥാക്രമം ഒമ്പതും നാലും വയസ് മാത്രമാണ് പ്രായം. ആയുസ്സിൻ്റെ ബലം കൊണ്ട് മാത്രം രക്ഷപ്പെട്ടു എന്നു പറയാനേ കഴിയൂ.സൂര്യപ്രകാശം പോലും ചെന്നെത്താത്ത ഹിംസ്ര ജന്തുജാലങ്ങളുടെ വാസകേന്ദ്രമായ ആമസോൺ കാടുകളെ പറ്റി കേൾക്കുമ്പോൾ തന്നെ ഉൾഭയമാണ്. ഇന്ത്യയുടെ വിസ്തൃതിയുടെ ഇരട്ടിയോളമുള്ള ആമസോണിന് മനുഷ്യൻ്റെ ഭാവനകൾക്കുമപ്പുറത്തുള്ള വന്യതയാണ്. വിഷപ്പാമ്പുകളും വിഷക്കായകളും മാത്രമല്ല മനുഷ്യൻ്റെ അതിജീവനം അസാധ്യമാക്കുന്ന ആവാസ വ്യവസ്ഥയിൽ ഈ കുരുന്നുകൾ എങ്ങനെ ഇത്ര നാൾ കഴിഞ്ഞു എന്നത് പ്രകൃതിക്ക് പോലും വിശദീകരിക്കാനാവില്ല.തകർന്നടിഞ്ഞ വിമാനത്തിൽ നിന്ന് പൈലറ്റിൻ്റെയും, കുട്ടികളുടെ അമ്മയുടേയും മൃതദേഹം വീണ്ടെടുക്കുന്നത് തന്നെ ദിവസങ്ങൾക്ക് ശേഷമാണ്. അപ്പോഴാണ് ഈ കുട്ടികൾ എവിടെ എന്ന ചോദ്യം ഉയർന്നത്. ഓപ്പറേഷൻ ഹോപ്പ് എന്ന രക്ഷാദൗത്യത്തിലൂടെ നൂറുകണക്കിന് കൊളംബിയൻ സൈന്യവും, ആയിരക്കണക്കിന് തദ്ദേശീയരും, ചെറുവിമാനങ്ങളും, പരിശീലനം സിദ്ധിച്ച ഡോഗ് സ്ക്വാഡും എല്ലാം ഒത്തൊരുമിച്ചുള്ള തിരച്ചിലിൽ കുട്ടികളെ വീണ്ടുക്കുകയായിരുന്നു, തൻ്റെ ഇളയ ഉടപ്പിറപ്പുകളെ ഉയിരു നഷ്ടപ്പെടാതെ നെഞ്ചോട് ചേർത്ത് പുതു ലോകം തിരികെ നൽകിയത് ലെസ്ലി എന്ന അത്ഭുത കുട്ടിയുടെ കരളുറപ്പുകൊണ്ട് മാത്രമാണ്. അമ്മ പഠിപ്പിച്ച നാട്ടറിവുകളെ ഉൾക്കരുത്താക്കി, ഹെയർ പിന്നു കൊണ്ട് ടെൻറു കെട്ടി കായ്കനികൾ ഭക്ഷിച്ച് കാട്ടരുവിയിലെ വെള്ളം കുടിച്ച് അതിജീവനത്തിൻ്റെ പുതു രസതന്ത്രം രചിച്ച പിഞ്ചു കുഞ്ഞുങ്ങൾ എന്നും മാനവരാശിയുടെ ഹൃദയത്തിൽ നക്ഷത്രങ്ങളായി പ്രശോഭിക്കും.
പ്രൊഫ ജി ബാലചന്ദ്രൻ