പലപ്പോഴും പല സാംസ്കാരിക യോഗങ്ങളിലും ഞാൻ ആരുടെ എങ്കിലും രണ്ടു മുന്ന് ആത്മകഥകളിലൂടെ കടന്നു പോകാറുണ്ട്. സാഹിത്യത്തിലെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മേഖലയാണ് ആത്മകഥകളും. ജീവ ചരിത്രങ്ങളും.. പച്ച ജീവിതങ്ങളെയും. പച്ച മനുഷ്യരേയും നമ്മൾ കണ്ടു മുട്ടുന്നത് ആത്മ കഥകളിലാണ് മലയാളത്തിലും ഇംഗ്ലീഷിലുമായി .നൂറു കണക്കിന് ആത്മകഥകളിലൂടെ ഞാൻ കടന്നു പോയിട്ടുണ്ട്. ഏതാണ് മെച്ചം ഏതാണ് മോശം എന്ന് കണ്ടു പിടിക്കാൻ ഒരിക്കലും കഴിയില്ല. എല്ലാം അനുഭവങ്ങളുടെ ഒരു കടലാണ്. എന്നോടൊപ്പം എപ്പോഴും യാത്ര ചെയ്തു കൊണ്ടിരിക്കുന്നത് മഹാത്മജിയുടെ ആത്മ കഥയാണ്. മഹാത്മജിയുടെ ആത്മകഥയുടെ 5000 – ൽ
ഏറെ കോപ്പികൾ ഞാനും എന്റെ സുഹൃത്തുക്കളും ചേർന്ന് സൗജന്യമായി സ്കൂൾ കുട്ടികൾക്കും മറ്റുള്ളവർക്കുമായി നൽകിയിട്ടുണ്ട് എന്നുള്ളത് വളരെ അഭിമാനം നൽകുന്നതാണ്…
രണ്ട് വർഷങ്ങൾക്ക് മുൻപ് ഞാൻ വായിച്ച പലപ്പോഴും എന്റെ ഏകാന്തയാത്രകളിൽ എന്റെ ഓർമ്മകളിലേക്ക് കടന്നു വരുന്ന ഒരു പുസ്തകത്തെകുറിച്ചാണ് ഞാൻ പറയുന്നത് . Prof. G. ബാലചന്ദ്രൻ സാറിന്റെ ഇന്നലെയുടെ തീരത്ത് എന്ന ആത്മകഥയാണത്.. എന്റെ കലാലയ കാലത്തു സാർ ആലപ്പുഴ ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് ആണ്. ഒരു വിദ്യാർത്ഥി നേതാവ് എന്നനിലയിൽ അന്ന് മുതൽ എനിക്ക് സാറിനെ അറിയാം.. ഞങ്ങൾ കണ്ടു തുടങ്ങുമ്പോൾ സാർ കോളേജ് പ്രൊഫസർ ആണ്. ഭാര്യ കോളേജ് പ്രൊഫസർ ആണ്. മകൾ. I. P. S. ഓഫീസർ ആണ്. മികച്ച പ്രാസംഗികനാണ്.ശ്രീ. A. K. ആന്റണി. K. S. U. പ്രസിഡന്റ് ആയിരുന്നപ്പോൾ വൈസ് പ്രസിഡന്റ് ആയിരുന്നു. കേരളത്തിൽ പല തവണ മന്ത്രിയും. M.L.A. യും ഒക്കെ ആകേണ്ടിയിരുന്നയാൾ ആയിരുന്നു ബാലചന്ദ്രൻ സർ. ഭാഗ്യ ദോഷംകൊണ്ട് ആയില്ല. ഇത്രയും അറിവേ എനിക്കും സാറിനെക്കുറിച്ച് ഉണ്ടായിരുന്നുള്ളു. സാർ ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിൽ മത്സരിക്കുമ്പോൾ പെരിങ്ങമല ഇക്ബാൽ കോളേജിലെ KSU പ്രവത്തകനായ ഷമീറുദീനും ഞാനും കൂടി പത്ത് ദിവസത്തോളം ഇലക്ഷൻ വർക്കിന് പോയിരുന്നു (ഷമീർ ഇന്ന് കേരള പോലീസിലെ ഒരു ഓഫീസർ ആണ് )
രണ്ട് വർഷങ്ങൾക്കു മുൻപ് കറന്റ് ബുക്സ് പുറത്തിറക്കിയ സാറിന്റെ ഇന്നലെയുടെ തീരത്ത് വായിച്ചപ്പോളാണ് ഞങ്ങൾ കേട്ടതിലും അറിഞ്ഞതിലും എത്രയോ അകലത്തിലാണ് സാറിന്റെ ശരിക്കുമുള്ള ജീവിതം. എത്രയോ ദുരന്തങ്ങളിലൂടെ യാത്രകൾ ചെയ്താണ് സാർ ഇവിടെ എത്തിയത്. വളരെ കർക്കശക്കാരനായ സാർ ശരിക്കും കരയിപ്പിച്ചു കളഞ്ഞു.
എന്നെ കരയിപ്പിച്ച ഒന്ന് രണ്ട് അനുഭവങ്ങൾ മാത്രമാണ് ഞാൻ ഇവിടെ പങ്കുവെക്കുന്നത്.
ക്ഷേത്ര പരിസരത്ത് കഞ്ഞിവീഴ്ത്തൽ ചടങ്ങുമായി ബന്ധപ്പെട്ടു നടന്ന ഒരു അടിപിടി കേസിൽ ഒരാൾ കൊല്ലപ്പെട്ട സംഭവത്തിൽ സാറിന്റെ ജേഷ്ഠൻ മറ്റാരോ നടത്തിയ ഒരു കൊല പാതകത്തിൽ പ്രതിചേർക്കപെടുകയും അവസാനം വധശിക്ഷക്ക് വിധിക്കപ്പെടുകയും ചെയ്തു. കേസ് നടത്താൻ വേണ്ടി സർവതും വിറ്റു. അവസാനം അമ്മയുടെ മൂക്കുത്തി വരെ വിറ്റു. സുപ്രീം കോടതി വരെ പോയി. പരാജയ പ്പെട്ടു. രാഷ്ട്രപതിക്കു നൽകിയ ദയാ ഹർജിയും തള്ളി.30 വയസ്സിൽ തങ്കപ്പായി എന്ന ജേഷ്ഠൻ വധശിക്ഷക്ക് വിധേയനായി
മരിക്കുന്നതിനു മുന്ന് ദിവസം മുൻപ് അദ്ദേഹം ജയിലിൽ നിന്നും ഒരു കത്ത്എഴുതി. ആരും വിഷമിക്കരുത്.
ബാലചന്ദ്രനെ പഠിപ്പിച്ചു മിടുക്കനാക്കണം.(ബാലചന്ദ്രൻ. പ്രീ ഡിഗ്രി വിദ്യാർത്ഥി ആയിരുന്നു )
കനകമ്മയെ (സഹോദരി )നല്ല നിലയിൽ വിവാഹം കഴിപ്പിച്ചു വിടണം..( ഓ.വി. വിജയന്റെ കടൽതീരത്തിലൂടെ കടന്നു പോകുമ്പോൾ ഉണ്ടാകുന്ന അനുഭവമാണ് ഇതിലൂടെ കടന്നു പോകുമ്പോൾ )
കാലം കടന്നു പോയി ബാലചന്ദ്രൻ പഠിച്ചു മിടുക്കനായി. കോളേജ് അദ്ധ്യാപകനായി.
ഒരു പാട് അന്വോഷിച്ചും തിരക്കിയും കനകമ്മയ്ക്ക് പറ്റിയ ഒരു ചെറുക്കനെ കണ്ടു പിടിച്ചു. ശശി. ആന്റമാനിൽ ഉദ്യോഗസ്ഥൻ. അങ്ങനെ വിവാഹം കഴിഞ്ഞു. അവർ ആന്റ മാനിലേക്ക്പോയി താമസിയാതെ കനകമ്മ ഗർഭിണിയായി. ആന്റമാനിൽ മികച്ച ഹോസ്പിറ്റലുകൾ ഉള്ളതുകൊണ്ട് ശശി കനകമ്മയെ നാട്ടിലേക്കു കൊണ്ടു വന്നില്ല.
‘തനിക്കു വേതിനുള്ള നാൽപ്പാമരവും. എണ്ണയും. കുഴമ്പുമെല്ലാം അവിടുന്ന് അയച്ചു തരണം ‘ കനകമ്മ ബാലചന്ദ്രന് എഴുതി. സഹോദരൻ എല്ലാം വാങ്ങിച്ചു പാക്ക് ചെയ്തു വെച്ചു. കനകമ്മ ഒരു ആൺ കുഞ്ഞിന് ജന്മം നൽകി. ഏതാനും മണിക്കൂറിനുള്ളിൽ രക്തം വാർന്നു കനകമ്മ മരിച്ചു.
വളരെ വൈകിയാണ് വിവരം നാട്ടിൽ അറിഞ്ഞത് മകനെ ഓമനിച്ചു നിൽക്കുന്ന സഹോദരിയെ കാണാൻ കാത്തു നിന്ന ബാലചന്ദ്രനെ തേടിയെത്തിയത് അവളുടെ മരണവാർത്തയാണ്. സംസ്കാരത്തിൽ പങ്കെടുക്കാൻ ബാലചന്ദ്രന് കഴിഞ്ഞില്ല. രണ്ട് മാസങ്ങൾക്ക് ശേഷം ശശി കുട്ടിയെയും കൊണ്ട് നാട്ടിൽ എത്തി. അവനു അമ്മയുടെ ഓർമ്മക്ക് കനക രാജ് എന്ന് പേരിട്ടു. (ഇതിന് സമാനമായ ഒരു രംഗം മണിവത്തുരിലെ ആയിരം ശിവരാത്രീകൾ എന്ന സിനിമയിൽ കാണാം. നായികയുടെ മൃതദേഹവും കുട്ടിയുമായി നായകൻ നാട്ടിലേക്കു വരുന്ന രംഗം. നോവൽ വായിച്ചു കൊണ്ടിരുന്നപ്പോൾ തന്നെ സാറിനെ വിളിച്ചു കനകരാജിന്റെ വിവരം ഞാൻ തിരക്കി അദ്ദേഹം വിദേശത്തു സുഖമായി ഇരിക്കുന്നു എന്ന് സാർ പറഞ്ഞപ്പോൾ വല്ലാത്ത സന്തോഷം തോന്നി )
പിന്നീട് സഹോദരിയെ അടക്കിയ സ്ഥലം തേടി ബാലചന്ദ്രനും. ഭാര്യയും ആന്റമാനിലെ ശ്മശാനത്തിൽ എത്തുന്ന കാഴ്ച്ച എന്നെ ഒരു പാട് കരയിപ്പിച്ചു.ഇങ്ങനെ ഒരു പാട് അനുഭവങ്ങളിലൂടെ സഞ്ചരിച്ചു കേരള രാഷ്ട്രീയത്തിന്റെ ഒരു കണ്ണാടിയായിയാണ് ഈ പുസ്തകത്തിന്റെ പരിണാമം.
അവതാരികയിൽ സാനുമാഷ് പറയുന്നുണ്ട്
അഭിമാനബോധത്താൽ തുടിക്കുന്ന ഹൃദയത്തോട് കൂടിയാണ് ഈ പുസ്തകം ഞാൻ വായനക്കാർക്ക് സമർപ്പിക്കുന്നത് എന്ന്.
ആ അഭിമാനബോധത്തിൽ ഞാനും പങ്കുചേരുന്നു.. പ്രിയ ബാലചന്ദ്രൻ സാറിന് എല്ലാ ആശംസകളും ……
Thank you Indrajith