ഗറില്ലാ വിപ്ലവത്തെക്കുറിച്ച് ഓർക്കുമ്പോൾ നമ്മുടെ സ്മരണയിൽ ഓടിയെത്തുന്നത് ക്യൂബയിലെ ചെഗുവരെയെയാണ്. എന്നാൽ അതിനും ദശാബ്ദങ്ങൾക്കു മുൻപേ ഗറില്ലാ പോരാട്ടം നടത്തിയ നാലു ചെറുപ്പക്കാർ ഇൻഡ്യയിലുണ്ടായിരുന്നു. ഭഗത് സിംഗ്, രാജ് ഗുരു, സുഖദേവ്, ചന്ദ്രശേഖർ ആസാദ് . ബ്രിട്ടീഷാധിപത്യത്തിന്റെ ഇരുമ്പു ചെരുപ്പിനു കീഴിൽ നിന്ന് മാതൃരാജ്യത്തെ മോചിപ്പിക്കാൻ നടത്തിയ സാഹസിക ഒളിപ്പോരാട്ടത്തിന്റെ കഥകൾ വികാരോജ്ജ്വലമാണ്. അതിൽ ചന്ദ്രശേഖർ ആസാദിനെ പ്രത്യേകം ആദരിക്കാനാണ് എന്റ ഉദ്ദേശം.
ചെഗുവരെയുടെ കാലം 1928 – 1967 ആണ് എന്നാൽ. ചന്ദ്രശേഖർ ആസാദിന്റെ കാലം 1906 -1931 ആണ്.
നിയമലംഘന സമരത്തിന്റെ പേരിൽ കേവലം 14 വയസ്സു മാത്രം പ്രായമുണ്ടായിരുന്ന ചന്ദ്രശേഖറിനെ അറസ്റ്റു ചെയ്തു. എന്നാൽ കോടതി മുറിയിൽ ജഡ്ജിയുടെ ചോദ്യത്തിനു ചന്ദ്രശേഖർ നല്കിയ ഉത്തരം, ജഡ്ജിയെപ്പോലും അത്ഭുതപ്പെടുത്തി.
“നിന്റെ പേരെന്താണ് ” ജഡ്ജി ചോദിച്ചു: “ആസാദ്” ചന്ദ്രശേഖരന്റെ മറുപടി. (ആസാദ് എന്ന വാക്കിനർത്ഥം സ്വാതന്ത്ര്യം എന്നാണ്). ജഡ്ജി വീണ്ടും ചോദിച്ചു.
“നിന്റെ യഥാർത്ഥ പേരെന്താണ് ” അപ്പോഴും പറഞ്ഞ ഉത്തരം ആസാദ് . ജഡ്ജിക്കു അരിശം കയറി.
പിതാവിന്റെ പേര് ?
” സ്വതന്ത്ര”
വാസസ്ഥലം ?
“ജയിൽ”
ചന്ദ്രശേഖറിന്റെ ധിക്കാരത്തിന് അവനെ മുക്കാലിയിൽ കെട്ടി പതിനഞ്ച് ചാട്ടവാറടി നല്കാൻ ജഡ്ജി വിധിച്ചു.
ഓരോ അടിയും ഏറ്റുവാങ്ങുമ്പോൾ, “മഹാത്മാ ഗാന്ധി കീ ജയ് “, ” വന്ദേ മാതരം” എന്നീ മുദ്രാവാക്യം വിളിച്ച് വേദന കടിച്ചമർത്തി. അടിയെല്ലാം സഹിച്ചു. അന്നു മുതലാണ് ചന്ദ്രശേഖർ ആസാദ് എന്ന് അറിയപ്പെട്ടത്.
വടക്കേ ഇന്ത്യ മുഴുവൻ ഒളിപ്പോരാട്ടങ്ങൾക്കു നേതൃത്വം നല്കി.ആസാദും ഭഗത് സിംഗും രാജ് ഗുരുവും സുഖ ദേവും കൂടാതെ പത്തു പന്ത്രണ്ടു പേരും വിപ്ലവത്തിന്റെ തീപ്പൊരി പടർത്താൻ സഞ്ചരിച്ചു. അവരുടെ പേരു കേട്ടാൽ പോലും ബ്രിട്ടീഷുകാർ വിറയ്ക്കും. എവിടെ, എങ്ങനെ എപ്പോൾ അവർ പ്രത്യക്ഷപ്പെടുമെന്നും എന്തു ചെയ്യുമെന്നും പ്രവചിക്കാനാവുകയില്ല. ജയിലിനേയും അറസ്റ്റിനേയും മർദ്ദനത്തേയും തോക്കിനേയും അവർ ഭയപ്പെട്ടില്ല. തീവ്രമായ രാജ്യ സ്റ്റേഹത്തിന്റെ ബലിവേദിയിൽ സ്വന്തം ജീവൻ അർപ്പിച്ചവരുടെ ചീത്രങ്ങൾ ഇന്ത്യൻ ചരിത്രത്തിനു ആവേശം പകരുന്ന ഏടുകളാണ്. രഹസ്യമായി തോക്കും ബോംബും സംഘടിപിച്ചു കൊണ്ടാണ് വേഷപ്രച്ഛന്നരായി ചുറ്റിയടിച്ചത്. പോലീസ് വിരിക്കുന്ന വലകളെയെല്ലാം പൊട്ടിച്ചു കൊണ്ട് അവർ കൊടുങ്കാറ്റു പോലെ ഇന്ത്യൻ യുവത്വത്തിന് അഗ്നി പടർത്തി.
14ാം വയസ്സിൽ വാരണാസിയിലെത്തി സംസ്കൃതം പഠിച്ചു. വിപ്ലവ സംഘടനയായ ‘ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസോസ്യേഷനിൽ’ അംഗമായി. സ്വാതന്ത്ര്യം നേടുന്നതിന് ഗാന്ധിയൻ മാർഗ്ഗം പര്യാപ്തമല്ലെന്ന് അവർ തിരിച്ചറിഞ്ഞു. സൈമൺ കമ്മീഷനെതിരായ സമരത്തിൽ അവർ ആത്മാർത്ഥമായി പങ്കെടുത്തു.
ഉത്തർപ്രദേശ് കാക്കോരിയിൽ നിന്ന് ആലം നഗരിലേക്കു ഖജനാവുമായി പുറപ്പെട്ട തീവണ്ടി വഴിക്കു വച്ചു കൊള്ളയടിക്കാൻ പദ്ധതിയിട്ടു. പോലീസ് ആ ഉദ്യമം തകർത്തു. ഗുഢാലോചനക്കേസിൽ ചന്ദ്രശേഖർ ആസാദ് മുഖ്യ പ്രതിയായിരുന്നു. ഈ കേസിലെ മിക്ക പ്രതികളേയും അറസ്റ്റു ചെയ്തു. ചിലരെ തൂക്കിക്കൊല്ലാനും മറ്റു ചിലരെ നാടുകടത്താനും വിധിച്ചു. മറ്റുള്ളവർക്ക് ദീർഘമായ തടവും . ആസാദിന്റെ പ്രവർത്തന മേഖല പഞ്ചാബ്, ഉത്തർപ്രദേശ്, ബീഹാർ പ്രവിശ്യകളിലായിരുന്നു. ആസാദിനെ ജീവനോടെയോ അല്ലാതെയോ പിടിക്കുന്നവർക്ക് പതിനായിരം രൂപാ ബ്രീട്ടീഷുകാർ ഇനാം പ്രഖ്യാപിച്ചു. വൈസ്രോയി സഞ്ചരിച്ച പ്രത്യേക തീവണ്ടിയിലുണ്ടായ ബോംബ് സ്ഫോടനം ബ്രിട്ടീഷ് പോലീസുകാരെ വിറളി പിടിപ്പിച്ചു. ആസാദിനെ അറസ്റ്റ് ചെയ്യുവാനുള്ള ശ്രമങ്ങളെ പരാജയപ്പെടുത്തിക്കൊണ്ട് ആസാദ് അത്‌ഭുതകരമായി രക്ഷപ്പെട്ടു. ഒരു ബോംബു നിർമ്മാണ ഫാക്ടറി പോലീസ് കണ്ടത്തിയതോടെ വിപ്ലവ നേതാക്കൾക്ക് നില്ക്കള്ളിയില്ലാതായി. ഭഗത് സിംഗിനേയും കുട്ടുകാരെയും രക്ഷപ്പെടുത്തുവാനുള്ള ശ്രമം സഫലമായില്ല. ആസാദ് നടത്തിയ ഒളിപ്പോരാട്ടങ്ങൾ നിസ്തുലമാണ്.
ആൽ ഫ്രണ്ട് പാർക്കിൽ ആസാദ് ഒറ്റയ്ക്കിരുന്ന് അടുത്ത പോരാട്ടത്തെക്കുറിച്ച് ചിന്തിക്കുകയായിരുന്നു. 1931 ഫെബ്രുവരി 27 ന് ആരോ ഒറ്റുകൊടുത്തു. പോലീസ് പാർക്ക് വളഞ്ഞു. അചഞ്ചലനായി ആസാദ് പോലീസിനെതിരെ വെടിവച്ചു. പോലീസുദ്യോഗസ്ഥർക്ക് ഗുരുതരമായ പരിക്കേറ്റു. തൂടർന്ന് പോലീസ് തുരു തുരാ വെടിയുതിർത്തു. ആ വെടിയുണ്ടകൾ ആസാദിന്റെ ജീവൻ അപഹരിച്ചു. 1931 മാർച്ച് 21ാം തീയതി ഭഗത് സിംഗ്, സുഖദേവ്,രാജ്ഗുരു എന്നിവരെ തുക്കിലേറ്റി.
ഭഗത് സിംഗ്, രാജ്ഗുരു, സുഖദേവ്, ചന്ദ്രശേഖർ ആസാദ് എന്നീ പോരാളികളുടെ ജീവൻ ബലിയർപ്പിച്ചു കൊണ്ടുള്ള ധീരപോരാട്ടം നമ്മുടെ ചോരയെ ത്രസിപ്പിക്കുന്നതാണ്.
അലഹബാദിലെ ആൽഫ്രണ്ട് പാർക്കിനു പിന്നീട് “ആസാദ് പാർക്ക് ” എന്ന പേരു നല്കി. ഇന്ത്യൻ ജനത ചന്ദ്രശേഖർ ആസാദിനെ ആദരിച്ചു. ആസാദിനു വിപ്ലവാഭിവാദ്യങ്ങൾ.
പ്രെഫാ.ജി.ബാലചന്ദ്രൻ