കപ്പക്കൃഷിക്ക് വിഖ്യാതമായ സ്ഥലമായിരുന്നു ബ്രസീൽ. അവിടുത്തെ മണ്ണിന്റെ ഘടന കേരളത്തിലെ മണ്ണിനോട് സാദൃശ്യമുണ്ടായിരുന്നതു കൊണ്ട് ഇവിടെയും കപ്പകൃഷി ഒന്നു പരീക്ഷിച്ചു നോക്കാൻ വിശാഖം തിരുനാൾ മഹാരാജാവ് തീർച്ചയാക്കി. അദ്ദേഹത്തിന്റെ നിർദ്ദേശമനുസരിച്ച് കുറെയധികം നല്ല കപ്പക്കമ്പുകൾ വരുത്തി. ഏതാണ്ട് മൂന്നേക്കർ വലിപ്പമുള്ള കൊട്ടാരം വക ‘ശ്രീപാദം’ പുരയിടം കിളച്ചു വൃത്തിയാക്കി കപ്പക്കമ്പ് മുറിച്ച് നട്ട് ജല സേചനവും നടത്തി. അതിനുചുറ്റും വേലികെട്ടി ബലപ്പെടുത്തിയ ശേഷം അദ്ദേഹം ജനങ്ങളുടെ ജിജ്ഞാസ ഉണർത്തുന്നതിനായി അവിടെ ഒരു ബോർഡ് സ്ഥാപിച്ചു. ‘ബ്രസീലിൽ നിന്നും കൊണ്ടുവന്ന രുചികരമായ കപ്പകളിൽ പലരും നോട്ടമിട്ടിട്ടുള്ളതായി നാം മനസ്സിലാക്കുന്നു. കൃഷിസ്ഥലത്തേക്ക് കടന്നുകയറുകയോ കപ്പക്കമ്പുകൾ മോഷ്ടിക്കുകയോ ചെയ്യുന്നത് ശിക്ഷാർഹമാണ്.’
ഓഴ്ചയ്ക്കുള്ളിൽ കപ്പക്കമ്പുകൾ മുഴുവൻ മോഷണം പോയി. തൃപ്തനായ മഹാരാജാവ് വീണ്ടും ഒരു ബോർഡ് സ്ഥാപിച്ചു. ” പലരും രഹസ്യമായി കപ്പക്കമ്പുകൾ കൃഷി ചെയ്യുന്നുണ്ടെന്ന് നാം മനസ്സിലാക്കുന്നു. പക്ഷേ അതിന്റെ വളപ്രയോഗത്തെപ്പറ്റിയോ ഉപയോഗക്രമത്തെപ്പറ്റിയോ ആളുകൾക്ക് അറിവില്ലാത്തതുകൊണ്ട് താഴെകൊടുക്കുന്ന നിർദ്ദേശം ആളുകൾ പാലിക്കേണ്ടതാണ്. വളപ്രയോഗത്തെപ്പറ്റിയും പറിച്ച് ഉപയോഗിക്കേണ്ട കാലയളവിനെപ്പറ്റിയും വിശദമായി പ്രതിപാദിച്ചശേഷം അതിൽ ഒരു വിഷാംശം ഉള്ളതുകൊണ്ട് രണ്ടുപ്രാവശ്യം തിളപ്പിച്ചൂറ്റി മീൻ കറിയോ അച്ചാറോ ചേർത്ത് ഉപയോഗിക്കേണ്ടതാണ് എന്നും നിർദ്ദേശിച്ചു.
ഇന്ന് നാട്ടിൻ പുറത്തെ ചെറിയ ചായക്കടകൾ മുതൽ ഫൈവ്സ്റ്റാർ ഹോട്ടൽ വരെ ഒരു വിശിഷ്ട ഭോജ്യമായി കപ്പ പ്രചാരത്തിൽ വന്നതിന്റെ പുറകിലെ പ്രേരക ശക്തി മഹാരാജാവിന്റെ ‘ഇതിൽ തൊട്ടു പോകരുത്’ എന്നുള്ള കല്പനയാണ്. രണ്ടാം ലോക മഹായുദ്ധകാലത്ത് ജനങ്ങൾക്ക് പട്ടിണിയിൽ നിന്ന് ഒരളവു വരെ ആശ്വാസം നൽകിയതും വ്യാപകമായ കപ്പ കൃഷിയാണ്.
ഇന്ന് എവിടെയും കപ്പ കൃഷി കാണാം. എവിടെയും വളരും. കുടിൽ മുതൽ കൊട്ടാരം വരെ കപ്പയുടെ ഉപയോഗം വർദ്ധിച്ചിരിക്കുന്നു.
പ്രൊഫ.ജി.ബാലചന്ദ്രൻ