പഞ്ചാര മണൽ നിറഞ്ഞ കടൽത്തീരങ്ങളാലും, നിത്യഹരിതമായ കാനന കാഴ്ചകളാലും, കണ്ണഞ്ചിപ്പിക്കുന്ന തിരമാലകളാലും പ്രകൃതിതീർത്ത തുരുത്താണ് ആൻഡമാൻ നിക്കോബർ ദ്വീപസമൂഹങ്ങൾ. ഭീതിതമായ ഭൂതകാല കഥകൾ ഏറെയുണ്ടെങ്കിലും ആൻഡമാനോട് എനിക്കൊരു വൈകാരിക അടുപ്പമുണ്ട്. ജീവിച്ചുകൊതി തീരും മുമ്പെ ഞങ്ങളെ വിട്ടു പോയ എൻ്റെ സഹോദരി കനകമ്മയുടെ ഓർമകൾ ഉറങ്ങുന്ന ഇടമാണത്. ഒരിക്കൽ ഞാനും ഭാര്യ ഇന്ദിരയും ആൻഡമാനിലെത്തി, ഇളയ പെങ്ങൾ അന്ത്യനിദ്രപൂകിയ മണ്ണിൽ നിറകണ്ണുകളോടെ അഞ്ജലീബദ്ധരായി നിന്നത് ഞാനിന്നും ഓർക്കുന്നു.
ആദ്യ കാലത്ത് കൊള്ളക്കാരെയും കുറ്റവാളികളെയും നാടുകടത്തിയിരുന്നത് ക്രൂര മൃഗങ്ങളും പാമ്പുകളും നിറഞ്ഞ വനനിബിഢമായ കിഴക്കൻകടൽനടുവിലെ ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹങ്ങളിലേക്കായിരുന്നു . വിഷം തേച്ച അമ്പും വില്ലുമായി വേട്ടയാടി ജീവിക്കുന്ന കാട്ടു മനുഷ്യരുടെ ആവാസ കേന്ദ്രം. !
സ്വാതന്ത്ര്യ സമരത്തിൻ്റെ തീപ്പൊരികൾ നാട്ടിലെല്ലാം പടർന്നു പിടിച്ച കാലം . ബ്രിട്ടീഷ് രാജിനെതിരെ സ്വാതന്ത്ര്യത്തിൻ്റെ വിപ്ലവാഗ്നി കെടാതെ ഇടനെഞ്ചിൽ സൂക്ഷിച്ച ഇന്ത്യൻ പോരാളികളെ കൊണ്ട് ബ്രിട്ടൻ പൊറുതിമുട്ടി. വെല്ലൂർ കലാപവും ശിപായി ലഹളയും കൂടെയായപ്പോൾ ബ്രിട്ടൻ്റെ ചങ്കിടിപ്പ് കൂടി . അപ്പോഴാണ് അവരുടെ ശ്രദ്ധ ആൻഡമാനിലേക്ക് തിരിഞ്ഞത്. സ്വാതന്ത്ര്യ സമരക്കാരെ നാട്ടിലെ ജയിലുകളിൽ കൊല്ലാതെ കൊന്നിട്ടും സാമ്രാജ്യത്വത്തിൻ്റെ അരിശം തീർന്നില്ല’. എന്നിട്ടും പോരാട്ട വീര്യം കുറയാത്തവരെ ആൻഡമാനിലേക്ക് നാടുകടത്താൻ ബ്രിട്ടീഷ് അധികാരികൾ തീരുമാനിച്ചു. ഇംഗ്ലണ്ടിൽ നിന്നുള്ള കപ്പൽ യാത്രയ്ക്ക് ഇടത്താവളമാക്കാനും മറ്റുമാണ് ആൻഡമാൻ ദ്വീപസമൂഹങ്ങൾ ആദ്യം ഉപയോഗിച്ചതെങ്കിലും. പിന്നീടവർ പോർട്ട്ബ്ളയറിൽ ഒരു സെല്ലുലാർ ജയിൽ പണി കഴിപ്പിച്ചു. 1896 ഒക്ടോബറിലാണ് സെല്ലുലാർ ജയിലിൻ്റെ പണി ആരംഭിച്ചത്. 14 വർഷം വേണ്ടി വന്നു ജയിൽ സമുച്ചയം പൂർത്തിയാക്കാൻ.
ആൻഡമാൻ യാത്രക്കിടെ ഞങ്ങൾ സെല്ലുലാർ ജയിൽ കാണാൻ ഇറങ്ങിത്തിരിച്ചു. ഇടുങ്ങിയ പ്രവേശന കവാടത്തിലൂടെ സെല്ലുലാർ ജയിലിലേക്ക് കടന്നു . ഉള്ളറകളിലേക്ക് കടന്നപ്പോഴാണ് ഇന്ത്യൻ സ്വാതന്ത്ര്യ സമര ഭടൻമാരെ ഒതുക്കാനും വധിക്കാനുമായുള്ള ആ ചെകുത്താൻ കോട്ടയുടെ ഭീകരമുഖം ചുരുളഴിഞ്ഞു വന്നത്. അവിടെ ജീവനറ്റുപോയ അറിയപ്പെടാത്ത പതിനായിരക്കണക്കിന് ആത്മാക്കൾ ദീർഘശ്വാസം വിടുന്നതിൻ്റെ മർമ്മരം ഞാൻ അറിഞ്ഞു.
മൂന്ന് ഭാഗമായിട്ടാണ് സെല്ലുലാർ ജയിൽ നിർമ്മിച്ചിരിക്കുന്നത്. മൂന്ന് നിലകളിലായി 698 സെല്ലുകൾ. ജയിലിനു മുന്നിലായി മൂന്നുനില ഉയരത്തിൽ വിക്ടോറിയൻ കെട്ടാരത്തെ ഓർമ്മിപ്പിക്കുന്ന പ്രവേശന കവാടം . ജയിലിൻ്റെ ഏറ്റവും മുകളിൽ നിരീക്ഷണ ഗോപുരവും അതിന് മുകളിൽ ഓട്ടു മണിയും. വശങ്ങളിലേക്ക് ചേരുന്ന 3 നിലയുള്ള 7 എടുപ്പുകളിലും നെടുങ്കൻ ഇടനാഴികൾ. അവയുടെ അകത്താണ് “സെല്ലുകൾ ” അഥവാ തടവു മുറികൾ സജ്ജീകരിച്ചിരിക്കുന്നത് . ഓരോ സെല്ലിനും പതിമൂന്നര അടി നീളം എഴടി വീതി 11 അടി പൊക്കം. സെല്ലുകൾക്കിടയിൽ 5 അടി കനമുള്ള കരിങ്കൽ ഭിത്തി. ഇരുമ്പഴി കൊണ്ട് തീർത്ത ചെറിയ വാതിൽ.
തടവറയിൽ കിടക്കുന്നവർക്ക് പുറത്തുള്ള ഒന്നും കാണാൻ കഴിയുകയില്ല.. കടലിരമ്പത്തിൻ്റെ ഞരക്കം മാത്രം കേൾക്കാം. സെല്ലിനകത്ത് കിടന്ന് അലറി വിളിച്ചാൽപോലും ആരും കേൾക്കില്ല. 698 തടവുകാർക്ക് 7 കാവൽക്കാർ മാത്രം. ആരും കാവലിന് ഇല്ലെങ്കിൽ പോലും ആ നരകക്കോട്ടയിൽ നിന്ന് ആരും രക്ഷപ്പെടുകയില്ല. ആൻഡമാനിലേക്ക് നാടുകടത്തപ്പെട്ട പതിനായിരക്കണക്കിനാളുകളുടെ പൂർണപേരു വിവരം പോലും ലഭ്യമല്ല. .
കഴുത്തിലും കാലുകളിലും വിളക്കിച്ചേർത്ത ഉരുക്കു ചങ്ങല താങ്ങിക്കൊണ്ടു വേണം തടവുകാർക്ക് നടക്കാൻ . തടവുകാരെ കൊണ്ട് പണി എടുപ്പിച്ച നെഞ്ച് തകർക്കുന്ന ഇരുമ്പു ചക്കും തടവുകാരെ കെട്ടിയിടാനുള്ള മുക്കാലിയും തൂക്കിക്കൊല്ലാനുള്ള കൊലമരവും കൈകൾ ഉയർത്തി ആമത്തിൽ ഇടാനുള്ള ഉപകരണവും തടവുകാരനെ ഭേദ്യം ചെയ്യാനുള്ള ആയുധവും കാവൽക്കാരുടെ നീല നിറമുള്ള യൂനിഫോമും പ്രദർശിപ്പിച്ചിട്ടുണ്ട്. മനുഷ്യരെ ദ്രോഹിക്കാനും ക്രൂരമായി മർദ്ദിച്ച് തളയ്ക്കാനുമായി നിയോഗിക്കപ്പെട്ട വാർഡൻമാരുടെ കഥകൾ പറഞ്ഞു കേട്ടു . ആൻഡമാനിൽ തടവിലാക്കപ്പെട്ട് നിത്യവിസ്മൃതിയിലായ ദേശസ്നേഹികളുടെ അവശേഷിച്ച രേഖകളും ചിത്രങ്ങളും മ്യൂസിയത്തിൽ കാഴ്ചയ്ക്ക് ഒരുക്കി വച്ചിട്ടുണ്ട്.
ബ്രിട്ടീഷ് ക്രൂരതയ്ക്ക് നടുവിലും പ്രതിഷേധങ്ങളും സമരങ്ങളും നടത്താൻ സ്വാതന്ത്ര്യ സമര ഭടൻമാർ ധീരത കാണിച്ചു. കാലൻമാരായ വാർഡർമാരെ മാത്രമല്ല; ലോർഡ് മേയോ എന്ന വൈസ്റോയിയെ പോലും സ്വാതന്ത്ര്യ ഭടൻമാർ വധിച്ചു.
രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരി കൊള്ളുന്നതിനിടെ 1942 ൽ ഈ ദ്വീപ് ജപ്പാൻകാർ കീഴ്പ്പെടുത്തി. അവരുടെ ഭീകരതയും എതാനും വർഷം അവിടെ അഴിഞ്ഞാടി,
സ്വാതന്ത്യ ശേഷം ഭാരത സർക്കാരാണ് ഈ കോട്ടയെ മ്യൂസിയമാക്കിയത്. 1979 ഫിബ്രവരി 11 ന് അന്നത്തെ പ്രധാനമന്ത്രി മൊറാർജി ദേശായി സെല്ലുലാർ ജയിലിനെ ദേശീയ സ്മാരകമായി പ്രഖ്യാപിച്ചു. ദേശസ്നേഹികളായ ഇന്ത്യൻ സമര ധീരൻമാരുടെ നെഞ്ചകവും ജീവനും തകർത്ത സെല്ലുലാർ ജയിൽ സ്വാതന്ത്ര്യ സമരത്തിൻ്റെ ദു:ഖ സ്മാരകമായി ഇന്നും നില കൊള്ളുന്നു.
പ്രൊഫ ജി ബാലചന്ദ്രൻ