ആത്മാഭിമാനത്തിന് ഹിമാലയത്തേക്കാൾ ഉയരമുണ്ടെന്ന് തെളിയിച്ച ഇന്ത്യൻ വിപ്ലവകാരി ഭഗത് സിംഗിൻ്റെ ജന്മദിനമാണിന്ന്. 1907 സെപ്റ്റംബർ 28 ന് പഞ്ചാബിലെ ലയാൽപ്പൂരിലാണ് ധീര വിപ്ലവകാരിയായ ഭഗത് സിംഗ് ജനിച്ചത്. പന്ത്രണ്ടാം വയസ്സിൽ സ്വാതന്ത്ര്യ സമര രംഗത്തേക്കിറങ്ങിയ ഭഗത് സിംഗ് ഒരു ഇന്ത്യൻ വികാരമാണ്. ആത്മാഭിമാനികളും സ്വാതന്ത്ര്യദാഹികളുമായ ഇന്ത്യക്കാർക്ക് ഇന്നും ഭഗത് സിംഗ് ഒരു വീരേതിഹാസമാണ്. ഹൃദയത്തിൽ നിന്ന് അടർത്തി മാറ്റാനാവാത്ത സ്വപ്നാത്മകമായ ഒരിഷ്ടം ഓരോ ഇന്ത്യക്കാരൻ്റെ ഉള്ളിലും ഈ ദേശാഭിമാനിയോട് ഇന്നുമുണ്ട്. അടിമച്ചങ്ങല പൊട്ടിച്ചെറിഞ്ഞ് ബ്രിട്ടനെതിരെ സായുധ പോരാട്ടത്തിന് സജ്ജമായ ഭഗത് സിംഗ് ഇന്ത്യൻ ജനതയുടെ ആവേശമായിരുന്നു. സ്വാതന്ത്ര്യ സമര പോരാട്ടത്തിൻ്റെ കണ്ണീർ ക്കഥയല്ല ഭഗത് സിംഗിൻ്റെത്. ഒരിക്കലും തല കുനിക്കാത്ത കരളുറപ്പിൻ്റെ കഥയാണ്.
പ്രൊഫ ജി ബാലചന്ദ്രൻ