ഭരണ ഘടന – നിയമം, പോലീസ്, കോടതി, സർക്കാർ



ഭരണഘടനയെ തൊട്ടുകളിച്ചതിന്റെ പേരിൽ ഒരു മന്ത്രിക്കു രാജി വെയ്ക്കേണ്ടി വന്നു. മുൻപ് മന്ത്രി ബാലകൃഷ്ണപിള്ളയും രാജി വെച്ചതാണ്. പ്രതിഭാധനരായ ഭാരതത്തിലെ എണ്ണപ്പെട്ടവർ ലോകത്തിലെ പല ഭരണ ഘടനകളും സവിസ്തരം പഠിച്ച് ഒടുവിൽ കരടു രൂപമുണ്ടാക്കി. പിന്നെ പൊതു രൂപം സൃഷ്ടിച്ച് ഭരണഘടനാ കൗൺസിൽ അന്തിമമായി അംഗീകരിച്ചു. അംബദ്ക്കറെപ്പോലുള്ള മഹാന്മാരുടെ നേതൃത്വത്തിലാണ് ഭരണ ഘടന രൂപ കല്പന ചെയ്തത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമാണ് ഇന്ത്യ. മതനിരപേക്ഷതയും സമത്വവും ദളിതർക്കു പ്രത്യേക സംവരണ മണ്ഡലങ്ങളും വിഭാവനം ചെയ്തിട്ടുളള ഭരണഘടന 135 കോടി ജനത അധിവസിക്കുന്ന ഈ രാജ്യത്തിന്റെ രക്ഷാ കവചമാണ്. രാജ്യവും ശാസ്ത്രവും പുരോഗമിക്കുന്നതിനനുസരിച്ച് ഭരണഘടനയ്ക്ക് ചില അംശങ്ങളിൽ ഭേദഗതികൾ ഉണ്ടായിട്ടുണ്ട്. രാജ ഭരണവും സാമ്രാജ്യത്വവും ഫാസിസവും ഫ്യുഡലിസവുമായി തട്ടിച്ചു നോക്കുമ്പോൾ ജനാധിപത്യമാണ് ഏറ്റവും ശ്രേഷ്ഠം മതനിരപേക്ഷതയും തുല്യ നീതിയും അക്കമിട്ടു അടയാളപ്പെടുത്തിയിട്ടുണ്ട്. ചില കേസുകളിൽ നിയമങ്ങൾ പരിശോധിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുവാനുള്ള അധികാരം കോടതിക്കുണ്ട്. ഭരണം വളഞ്ഞ വഴിയിലൂടെ സഞ്ചരിക്കുമ്പോൾ തിരുത്തൽ ശക്തിയായി നിലകൊള്ളുന്നത് കോടതികളാണ്. ചില വിധികൾ ജനസാമാന്യത്തിനു നിരക്കുന്നതല്ലെന്നു തോന്നിയേക്കാം. പക്ഷേ ഇടക്കാലത്തുണ്ടായ കോടതി വിധികളും വഴി കാട്ടുന്ന പരാമർശങ്ങളും ശുഭോദർക്കമാണ്. ചിലപ്പോൾ വിമർശനങ്ങളും ആക്ഷേപങ്ങളും പത്രങ്ങളും ചില നിയമജ്ഞരും ഉയർത്തിയിട്ടുണ്ട്.
സിവിൽ കേസുകളും ക്രിമിനൽ കേസുകളും മാത്രമേ പണ്ടുണ്ടായിരുന്നുള്ളു. ഇപ്പോൾ പല പല കേസുകൾ വരുന്നുണ്ട്. ഫയലുകൾ കുമ്പാരം കൂടുന്നു. അതുകൊണ്ട് കേസുകൾ തീർപ്പാക്കുന്നതിന് താമസം നേരിടുന്നു. നീതി താമസിക്കുന്നത് നീതി നിഷേധിക്കുന്നതിനു തുല്യമാണ്. സർക്കാർ വക്കീലന്മാർ കേസുകൾ മന:പൂർവ്വം തോറ്റു കൊടുക്കുന്നതും കാണാറുണ്ട്. സത്യത്തിനല്ല തെളിവുകൾക്കാണ് കോടതി വിലമതിക്കുന്നത്. ഒരു ദിവസം കേസിനു വേണ്ടി വാദിക്കാനെത്തുന്നതിന് പ്രാമാണിമാരായ വക്കിലന്മാർക്ക് കൊടുക്കേണ്ടി വരുന്നത് ലക്ഷക്കണക്കിനു രൂപയാണ്.
നിയമ പാലനത്തിന്റെ ചുക്കാൻ പിടിക്കേണ്ടത് പോലീസും പോലീസ് സ്റ്റേഷനുമാണ്. നിയമപാലനത്തിൽ പലപ്പോഴും താളം തെറ്റുന്നുണ്ട്. സർക്കാരിന്റെ ഇംഗിതത്തിനനുസരിച്ച് പോലീസ് അധികാരികൾ പ്രവർത്തിക്കേണ്ടി വരുമ്പോൾ വാദി പ്രതിയാകുകയും നിതിനിഷേധിക്കുകയും ചെയ്യും. ചില കാര്യങ്ങളിൽ പോലീസ് നിഷ്ക്രിയമാകുന്നതും അതിക്രമം കാണിക്കുന്നതും നിത്യക്കാഴ്ചകളാണ്. പോലീസ് മർദ്ദനവും ലോക്കപ്പു മരണവും തുടർക്കഥകളാകുന്നു. നിസ്സഹായരായ പാവങ്ങൾക്ക് നീതി ലഭികുന്നില്ല എന്ന പരാതി സർവ്വത്രയുണ്ട്. മാധ്യമങ്ങൾ സക്രിയമായി പ്രവർത്തിക്കുന്നതുകൊണ്ട് പല കേസുകളും ന്യായവഴിക്കു സഞ്ചരിക്കാൻ സഹായിക്കുന്നുണ്ട്. കുബേരന്മാർക്ക് ഒരു നീതിയും കുചേലന്മാർക്കു മറ്റൊരു നീതിയും അന്യായമാണ്. പണം പണം. പണത്തിന്റെ മുകളിൽ പരുന്തും പറക്കുകയില്ലല്ലോ. ഇപ്പോൾ പോലീസുദ്യോഗസ്ഥന്മാർ വിദ്യാസമ്പന്നരാണ്. അതുകൊണ്ട് അവരുടെ തെറിപ്പാട്ടുകൾക്കു കുറച്ചു ശമനമുണ്ട്. പണ്ട് ഏഴാം ക്ലാസ്സും ഗുസ്തിയുള്ള വരെ പോലീസാക്കിയിരുന്നു. അക്കാലത്ത് ദുർന്നടപ്പുകളുടെ അയ്യർ കളിയായിരുന്നു. പോലീസ് സേനയെ തന്നെ പലതായി തരം തിരിച്ചിട്ടുണ്ടെങ്കിലും നടത്തിപ്പിൽ കടിഞ്ഞാൻ ഭരണകൂടത്തിന്റെ കൈയ്യിൽ തന്നെയാണ്. പോക്സോ കേസ്സുകൾ ക്രമാതീതമായി വർദ്ധിക്കുന്നു. നിത്യേന എത്രയോ കൈക്കുലി കേസുകളാണ് പിടിച്ചിട്ടുള്ളത്. എക്സൈസിലും ഫോറസ്റ്റിലും അഴിമതിയുടെ വിളയാട്ടം കാണുന്നു. റവന്യൂവിലും പൊതുമരാമത്തിലും RTO ഓഫിസിലും പരസ്യമായ കൈക്കുലിയാണ് നടമാടുന്നത്. ഇവിടെയൊക്കെ സത്യസന്ധരായ ഉദ്യോഗസ്ഥന്മാർ പാർശ്വവല്ക്കരിക്കപ്പെടുകയും ഒറ്റപ്പെടുകയും ചെയ്യുന്നു.
റോഡിൽ കൊലവിളികൾ പരസ്യമായി നടത്തുന്നു. വോട്ടിനുവേണ്ടി പലതിലും കണ്ണടയ്ക്കാൻ അധികാരികൾ നിർബ്ബന്ധിതരാകുന്നു. ജോലി ചെയ്യാതെ ശമ്പളംപറ്റുന്ന അസംഖ്യം ഉദ്യോഗസ്ഥന്മാരെ എത്ര വേണമെങ്കിലും ചൂണ്ടിക്കാണിക്കാം. പോലീസുകാർ ട്രേഡ് യൂണിയൻ പോലെ സംഘടിക്കുന്നത് ഒരു നാടിനും ഭൂഷണമല്ല. നോക്കുകൂലിയും കയറ്റിറക്കു കൂലിയും നിയമം മൂലം നിരോധിച്ചിട്ടുണ്ടെങ്കിലും അതുമൂലം എത്ര സ്ഥാപനങ്ങളാണ് പൂട്ടിക്കെട്ടിപ്പോയത്. ഐശ്വര്യ സങ്കേതമായിരുന്ന ആലപ്പുഴയുടെ പതനത്തിനു കാരണമായത് തൊഴിലാളികളുടെ അനാവശ്യ സമരങ്ങളാണ്.
നവോത്ഥാന കേരളത്തെക്കുറിച്ച് ഊറ്റം കൊണ്ടിരുന്ന നാമിപ്പോൾ തലയിൽ മുണ്ടിട്ടു നടക്കേണ്ട അവസ്ഥയിലാണ്. കാലഹരണപ്പെട്ട നിയമങ്ങൾ കാലോചിതമായി പരിഷ്ക്കരിക്കുകയും വേണം. ഗുണ്ടാവിളയാട്ടങ്ങളും സംഘട്ടനങ്ങളും ചോര മണക്കുന്ന അന്തരീക്ഷവും ഒഴിവാക്കപ്പെടാൻ എല്ലാ രാഷ്ട്രീയ കക്ഷികളും ഒരുമിച്ച് പ്രയത്നിച്ചാൽ മാത്രമേ നീതിയും നിയമവും ഇവിടെ അഭംഗുരം വാഴുകയുളളു.
വിനാശകാലേ വിപരീത ബുദ്ധി എന്നാണല്ലോ ആപ്തവാക്യം. പിണറായി പോലീസിന് കഷ്ടകാലമാണ്. പി.സി.ജോർജിന്റെ അറസ്റ്റും പിന്നെ ജാമ്യവും,ശബരീനാഥിന്റെ അറസ്റ്റും പിന്നെ ജാമ്യവും ഇ.പി.ജയരാജന്റെ കേസും സ്വപ്നയുടെ സഹായികൾക്കെതിരെയുള്ള കേസും,അറസ്റ്റും. സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ചതിന്റേയും ഏ.കെ.ജി ഓഫിസിനെതിരെ ഏറു പടക്കം എറിഞ്ഞതിന്റേയും കുറ്റക്കാരെ കണ്ടെത്താനായില്ല. ഒന്നുകിൽ ആശാന്റെ നെഞ്ചത്ത് അല്ലെങ്കിൽ കളരിക്കു പുറത്ത് എന്നതാണ് പോലീസ് നയം.

പ്രൊഫ.ജി.ബാലചന്ദ്രൻ

Share Post

Leave a Comment

Your email address will not be published. Required fields are marked *

Recent Post

ഗ്രീസിലെ ഏറ്റവും വലിയ ദുരന്ത നായകൻ

ഗ്രീസിലെ തീബ്സ് രാജ്യം ഐശ്വര്യ സമ്പൂർണ്ണമായിരുന്നു. ലായിയൂസ് രാജാവും രാജ്ഞിയും രാജ്യത്തേയും ജനങ്ങളേയും പരിപാലിച്ചു. അവർ രാജ്യത്തെ സ്വർഗ്ഗമാക്കി. രാജാവിനും രാജ്ഞിയ്ക്കും ഒരു തീരാ ദുഃഖം മാത്രം. അവർക്ക് സന്താനങ്ങളില്ല. പൂജയും പ്രാർത്ഥനകളുമൊക്കെ നടത്തി

ലോകത്തിലെ ഏറ്റവും വലിയ ഭയാനക ട്രാജഡിയുടെ അന്ത്യം

കോറിന്ത് രാജ്യത്തിലെ രാജാവും രാജ്ഞിയും തന്റെ മാതാപിതാക്കൾ തന്നെയെന്നു ഈഡിപ്പസ് വിശ്വസിച്ചിരുന്നു. സ്വന്തം പിതാവിനെ വധിച്ച് മാതാവിനെ വിവാഹം കഴിക്കുമെന്ന കർണ്ണകഠോരമായ പ്രവചനം കേട്ട് ഈഡിപ്പസ് കോറിന്ത് രാജ്യം ഉപേക്ഷിച്ച്. എന്തു ചെയ്യണമെന്നറിയാതെ അലക്ഷ്യമായി

റഷ്യൻ വിപ്ലവത്തിന്റെ ദുരന്ത നായകൻ. ചെമ്പടയുടെ നേതാവായ ട്രോട്സ്ക്കി

ലെനിൻ നയിച്ച റഷ്യൻ വിപ്ലവത്തെ യാഥാർത്ഥ്യമാക്കിയത് ലിയോൺ ട്രോട്സ്ക്കിയാണ് . അദ്ദേഹത്തിന്റെ റഷ്യൻ ചെമ്പടയാണ് പല പ്രതിസന്ധികളിലും റഷ്യൻ വിപ്ലവത്തിന് ചൂടും ചൂരും പകർന്നത്. യുക്രൈനിലെ യാനോവ്കയിലാണ് 1879 ഒക്ടോബർ 26 ന് ബ്രോൺ

ഫ്രാൻസിലെ ധീര പോരാളി ജോൻ ഓഫ് ആർക്ക്

1412 ൽ ഫ്രാൻസിൽ ജനിച്ച ജോൻ ഓഫ് ആർക്ക് യൂറോപ്യൻ ചരിത്രത്തിലെ ഏറ്റവും ധീരയായ പോരാളിയായിരുന്നു. വിശുദ്ധരിൽ നിന്നുള്ള വെളിപാടുകൾ തന്നെ നയിക്കുന്നു എന്ന് പതിമൂന്നാമത്തെ വയസ്സിൽ ജോൻ പറഞ്ഞു. യുദ്ധഭൂമിയിൽ ശത്രുക്കളെ തുരത്താൻ