ഭരണ നിപുണനായ മുഖ്യമന്ത്രി-ലീഡർ കെ.കരുണാകരന് ഓർമ്മപ്പൂക്കൾ

കനല്‍പ്പഥങ്ങളിലൂടെ സഞ്ചരിച്ച് ഉന്നതിയുടെ പടവുകള്‍ ചവിട്ടിക്കയറിയ രാഷ്ട്രീയ കേരളത്തിൻ്റെ ഭീഷ്മാചാര്യനാണ് ലീഡർ കെ കരുണാകരൻ. കരുത്തുറ്റ രാഷ്ട്രീയ നേതൃശേഷിയും ഭരണ സാമര്‍ത്ഥ്യവും വികസന കാഴ്ചപ്പാടുകളും കുശാഗ്രബുദ്ധിയുമാണ് ലീഡറെ അനശ്വരനാക്കുന്നത്. നെടുമ്പാശ്ശേരി വിമാനത്താവളം, കൊച്ചി ഗോശ്രീപാലം, കലൂര്‍ ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയം തുടങ്ങിയവ അദ്ദേഹത്തിന്‍റെ ഓർമ്മയുടെ അടയാളപ്പെടുത്തലുകളായി ഇന്നും തിളങ്ങി നിൽക്കുന്നു. എതിരാളിയെ നിഷ്പ്രഭമാക്കുന്ന കഴിവ് ലീഡറെ ദേശീയ രാഷ്ട്രീയത്തിലേക്ക് ഉയർത്തി. രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വത്തിനു ശേഷമാണ് ലീഡറുടെ ചാണക്യബുദ്ധി തെളിഞ്ഞത്. കോണ്‍ഗ്രസ്സ് പകച്ചുനില്‍ക്കുന്ന സമയത്ത് നരസിംഹ റാവുവിനെ പ്രധാനമന്ത്രിയാക്കാന്‍ ലീഡറാണ് ചരടുവലിച്ചത്. പാമോയില്‍ കേസും രാജന്‍ കേസും ചാരക്കേസും അഴീക്കോടന്‍ രാഘവന്‍ വധവും എല്ലാം രാഷ്ട്രീയ ജീവിതത്തിലെ കെണികളായി നിന്നപ്പോഴും ലീഡര്‍ പതറിയില്ല. ആത്മമിത്രങ്ങളെന്ന് നടിച്ച് കൂടെ നിന്നവരും എതിരാളികളും തീർത്ത രാഷ്ട്രീയ നെറികേടുകളെ ലീഡർ ധീരമായി നേരിട്ടു – കേരളത്തെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി കശാപ്പു ചെയ്യുന്ന നക്സല്‍ പ്രസ്ഥാനത്തെ വേരോടെ പിഴുതെറിയാനുള്ള ചങ്കൂറ്റം കാണിച്ചത് ലീഡറാണ്. അതേക്കുറിച്ചൊക്കെ വിമര്‍ശനങ്ങളും വാദ പ്രതിവാദങ്ങളുമുണ്ടെങ്കിലും ആ നടപടികളെ പലരും ഇന്നും ശ്ലാഘിക്കുന്നുണ്ട്. രാഷ്ട്ര വിരുദ്ധമായ പ്രതിവിപ്ളവ പ്രവർത്തനങ്ങളെ അടിച്ചമർത്തണമെന്ന അദ്ദേഹത്തിൻ്റെ ആശയധാര തന്നെയാണല്ലോ മാവോയിസ്റ്റുകളെ അടിച്ചമർത്തി പിണറായിയും പിന്തുടർന്നത് ‘ .പള്ളിപ്പുറത്തുവച്ചുണ്ടായ കാറപകടമാണ് അദ്ദേഹത്തിന്‍റെ ആരോഗ്യത്തെ തകര്‍ത്തത്. എന്നാലും മനസ്സ് ക്ഷീണിച്ചിരുന്നില്ല. മക്കള്‍ രാഷ്ട്രീയത്തിന്‍റെ പേരില്‍ രമേശ് ചെന്നിത്തലയും ജി. കാര്‍ത്തികേയനും എം.ഐ. ഷാനവാസും തിരുത്തല്‍വാദി ഗ്രൂപ്പുണ്ടാക്കിയപ്പോള്‍ ലീഡര്‍ ആകെ ഉലഞ്ഞുപോയി. മക്കൾ രാഷ്ട്രീയത്തെ എതിർത്ത ആദർശക്കാരുടെ മക്കളെല്ലാം രാഷ്ട്രീയത്തിൽ സജീവമായത് കണ്ട് ലീഡർ ചിരിക്കുന്നുണ്ടാവും.

എതിരാളികള്‍ രാജന്‍ കേസും ചാരക്കേസും അദ്ദേഹത്തെ ആക്രമിക്കാനുള്ള ആയുധമാക്കി. എതിര്‍ ഗ്രൂപ്പുകാരും പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തു വന്നു. പത്രക്കാര്‍ നിറംപിടിപ്പിച്ച നുണകള്‍ എഴുതി ലീഡറെ ക്രൂശിക്കാന്‍ വട്ടം കൂട്ടി. അതിലൊന്നും ലീഡറെ വീഴ്ത്താന്‍ കഴിയില്ലെന്ന് കാലം തെളിയിച്ചു. പ്രധാനമന്ത്രിയായതിനുശേഷം റാവുവിന് ലീഡറോടു നീരസം തുടങ്ങിയിരുന്നു. . കരുണാകരന്‍ തനിക്ക് ഭീഷണിയായേക്കുമെന്ന് തോന്നിയതോടെ അദ്ദേഹത്തെ ഒതുക്കാന്‍ റാവു അടവുകളെടുത്തു. മുഖ്യമന്ത്രി സ്ഥാനത്തു നിന്നു കരുണാകരനെ മാറ്റാന്‍ കോണ്‍ഗ്രസ്സ് പ്രസിഡന്‍റും പ്രധാനമന്ത്രിയുമായ റാവു ശ്രമിക്കുമെന്ന് ലീഡര്‍ സ്വപ്നത്തില്‍ പോലും കരുതിയില്ല. ആ ദിവസങ്ങളില്‍ അദ്ദേഹം അനുഭവിച്ച വ്യഥയും ഉത്കണ്ഠയും ഞാന്‍ കണ്ടറിഞ്ഞതാണ്. പക്ഷെ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോടോത്ത് ഗോവിന്ദന്‍ നായരെ റിബല്‍ സ്ഥാനാര്‍ത്ഥിയാക്കിയതും കോൺഗ്രസ് വിട്ടതും ലീഡർ എടുത്ത തെറ്റായ തീരുമാനങ്ങളായിരുന്നു. പുത്രനിര്‍വ്വിശേഷമായ വാത്സല്യം ആണ് അദ്ദേഹം എന്നോട് കാണിച്ചിരുന്നത്. അദ്ദേഹം കോണ്‍ഗ്രസ്സിനെ വിട്ട് ഡി.ഐ.സി. ഉണ്ടാക്കിയപ്പോള്‍ ഞാന്‍ പോയില്ല. യഥാര്‍ത്ഥ കോണ്‍ഗ്രസ്സിന്‍റെ മുഖ്യധാരയില്‍ നിന്ന് അകലാന്‍ എനിക്കാവുമായിരുന്നില്ല. അതിലദ്ദേഹം എന്നെ പിന്നീട് കണ്ടപ്പോള്‍ കുറ്റപ്പെടുത്തിയില്ല എന്നത് ആശ്വാസകരമായിരുന്നു.

എല്ലായിടത്തും താന്‍ തഴയപ്പെടുന്നു എന്ന് മനസ്സിലായപ്പോള്‍ അദ്ദേഹത്തിന്‍റെ മനസ്സ് തീച്ചൂളയിലെന്നപോലെ നീറുന്നുണ്ടായിരുന്നു. കേരള രാഷ്ട്രീയത്തിൽ ഇത്രയേറെ അഗ്നി പരീക്ഷണങ്ങൾ നേരിട്ട മറ്റൊരു രാഷ്ട്രീയ നേതാവും ഉണ്ടാവില്ല. പ്രതികൂലങ്ങളെ തരണം ചെയ്യാനുള്ള രാഷ്ട്രീയ ആർജ്ജവമാണ് ലീഡറെ കേരള രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യനാക്കിയത്.

ലീഡറുടെ സ്മാരകം പൂർത്തിയാക്കാനാകാത്തത് വലിയ കഷ്ടമാണ്.

പ്രൊഫ.ജി.ബാലചന്ദ്രൻ

Share Post

Leave a Comment

Your email address will not be published. Required fields are marked *

Recent Post

ഗ്രീസിലെ ഏറ്റവും വലിയ ദുരന്ത നായകൻ

ഗ്രീസിലെ തീബ്സ് രാജ്യം ഐശ്വര്യ സമ്പൂർണ്ണമായിരുന്നു. ലായിയൂസ് രാജാവും രാജ്ഞിയും രാജ്യത്തേയും ജനങ്ങളേയും പരിപാലിച്ചു. അവർ രാജ്യത്തെ സ്വർഗ്ഗമാക്കി. രാജാവിനും രാജ്ഞിയ്ക്കും ഒരു തീരാ ദുഃഖം മാത്രം. അവർക്ക് സന്താനങ്ങളില്ല. പൂജയും പ്രാർത്ഥനകളുമൊക്കെ നടത്തി

ലോകത്തിലെ ഏറ്റവും വലിയ ഭയാനക ട്രാജഡിയുടെ അന്ത്യം

കോറിന്ത് രാജ്യത്തിലെ രാജാവും രാജ്ഞിയും തന്റെ മാതാപിതാക്കൾ തന്നെയെന്നു ഈഡിപ്പസ് വിശ്വസിച്ചിരുന്നു. സ്വന്തം പിതാവിനെ വധിച്ച് മാതാവിനെ വിവാഹം കഴിക്കുമെന്ന കർണ്ണകഠോരമായ പ്രവചനം കേട്ട് ഈഡിപ്പസ് കോറിന്ത് രാജ്യം ഉപേക്ഷിച്ച്. എന്തു ചെയ്യണമെന്നറിയാതെ അലക്ഷ്യമായി

റഷ്യൻ വിപ്ലവത്തിന്റെ ദുരന്ത നായകൻ. ചെമ്പടയുടെ നേതാവായ ട്രോട്സ്ക്കി

ലെനിൻ നയിച്ച റഷ്യൻ വിപ്ലവത്തെ യാഥാർത്ഥ്യമാക്കിയത് ലിയോൺ ട്രോട്സ്ക്കിയാണ് . അദ്ദേഹത്തിന്റെ റഷ്യൻ ചെമ്പടയാണ് പല പ്രതിസന്ധികളിലും റഷ്യൻ വിപ്ലവത്തിന് ചൂടും ചൂരും പകർന്നത്. യുക്രൈനിലെ യാനോവ്കയിലാണ് 1879 ഒക്ടോബർ 26 ന് ബ്രോൺ

ഫ്രാൻസിലെ ധീര പോരാളി ജോൻ ഓഫ് ആർക്ക്

1412 ൽ ഫ്രാൻസിൽ ജനിച്ച ജോൻ ഓഫ് ആർക്ക് യൂറോപ്യൻ ചരിത്രത്തിലെ ഏറ്റവും ധീരയായ പോരാളിയായിരുന്നു. വിശുദ്ധരിൽ നിന്നുള്ള വെളിപാടുകൾ തന്നെ നയിക്കുന്നു എന്ന് പതിമൂന്നാമത്തെ വയസ്സിൽ ജോൻ പറഞ്ഞു. യുദ്ധഭൂമിയിൽ ശത്രുക്കളെ തുരത്താൻ