വീര സാഹസികനായ ഹെർക്കുലീസിന്റെ മാനസപുത്രനായ തിസ്യൂസ് ആഥൻസിലെ കിരീടാവകാശിയാണ്. തിസ്യൂസ് ഒരു യാത്ര പുറപ്പെട്ടു. വഴിയിൽ ക്രൂര രാക്ഷസന്മാർ വഴിയാത്രക്കാരെ പലതരത്തിലും വിചിത്രമായി കൊല ചെയ്തിരുന്നു. പല രാക്ഷസമാരെയും തിസ്യൂസ് അത്ഭുതകരമായി വധിച്ചു. സെർഡിയോൺ എന്ന രാക്ഷസൻ വഴിപോക്കരെ ദ്വന്ദ്വയുദ്ധത്തിനു വെല്ലുവിളിച്ചു. ദ്വന്ദ്വയുദ്ധത്തിൽ തന്നെ തോല്പിച്ചാൽ കടന്നു പോകാം. എന്നാൽ സെർഡിയോണെ തോല്പിക്കാൻ എളുപ്പമായിരുന്നില്ല. തിസിയൂസ് ആ രാക്ഷസനുമായി ഏറ്റുമുട്ടി. എതിരാളിയെ വട്ടം പിടിച്ച് ആലിംഗനം ചെയ്യുകയാണ് സെർഡിയോണിന്റെ തന്ത്രം. അയാൾക്കു ഒരു സിദ്ധിവിശേഷമുണ്ട്. പെട്ടെന്നാർക്കും അയാളെ വധിക്കാനാവില്ല. ഭൂമിയിൽ തെട്ടു നിന്നാൽ ശക്തി കൂടുകയും ഉയർത്തിയാൽ ശക്തി ക്ഷയിക്കുകയും ചെയ്യുന്ന രക്ഷസനാണ് അയാൾ. തിസ്യൂസ് പഠിച്ച പണി പതിനെട്ടും പ്രയോഗിച്ചു. രാക്ഷസനെ കീഴ്പ്പെടുത്താൻ കഴിഞ്ഞില്ല. ധാന്യ ദേവതയെ പ്രാർത്ഥിച്ചപ്പോൾ തിസ്യൂസിന് ബോധോദയും ഉണ്ടായി. ഭൂമിയിൽ കാൽതൊട്ടു നിലക്കുന്ന കാലത്തോളം സെർഡിയോണിനെ തോല്പിക്കാനാവുകയില്ല. കയ്യും കാലും കൂട്ടിപ്പിടിപ്പ് തിസ്യൂസ് രാക്ഷസനെ ശിരസ്സിനു മുകളിൽ ഉയർത്തി ഒടിച്ചുമടക്കി ഞെരിച്ചുകൊന്നു. കരിമ്പിൽ ചണ്ടി പോലെ ദൂരേയ്ക്കു വലിച്ചെറിഞ്ഞു. ശവശരീരം കാട്ടുപാതയിൽ കിടന്നു. തിസ്യൂസ് വീണ്ടും യാത്ര തുടർന്നു.
ഇത്തരമൊരു കഥ നമ്മുടെ പുരാണത്തിലും കാണാം. ഹിരണ്യകശിപുവിനെ വിഷ്ണുവിന്റെ അവതാരമായ നരസിംഹമൂർത്തി വധിക്കുന്നുണ്ട്.
പ്രൊഫ.ജി.ബാലചന്ദ്രൻ