ഗ്രീസിൽ സ്പാർട്ടാ രാജാവായ തീൻവടാരിയുസിന്റേയും ലിഡാ രാജ്ഞിയുടേയും ഇളയപുത്രിയാണ് ഹെലൻ
അപ്സരസിനെപ്പോലെ അംഗലാവണ്യമുള്ള ഹെലന് എല്ലാം കൊണ്ടും യോജിച്ച വരൻ ആരാണ്? രാജാവ് തീൻവടാരിയൂസ് പറഞ്ഞു. ഭർത്താവിനെ തെരത്തെടുക്കാനുള്ള പൂർണ്ണ സ്വാതന്ത്ര്യം ഹെലനു നൽക്കുന്നു. ഹെലൻ തെരഞ്ഞെടുത്തത് മെനലാവൂസ് രാജകുമാരനെയാണ്. ഹെലന്റെ മൂത്ത സഹോദരീ ഭർത്താവായ അഗമെഗ്‌നന്റെ അനുജനാണ് മെനലാവൂസ്.അധികം താമസിയാതെ മെനലാവൂസിനെ സ്പാർട്ടായിലെ രാജാവായി വാഴിച്ചു.
അകലെ ഈജിയൻ കടലിനടുത്തുള്ള രാജ്യമാണ് ട്രോയി. അവിടുത്തെ രാജാവ് ശക്തനും സമ്പന്നനുമാണ്. പ്രിയം രാജാവിന്റയും ഭാര്യ ഹെക്യൂബിന്റെയും ഇളയ മകനാണ് പാരീസ്. പാരിസിന്റെ ഗർഭധാരണ വേളയിൽ മാതാവിന് ഒരു ദുഃസ്വപ്നമുണ്ടായി: “തന്നിൽ പിറക്കുന്ന ശിശു ട്രോയി നഗരത്തെ ഒരു അഗ്നികുണ്ഠമാക്കുമെന്ന്.” ആ കുഞ്ഞിനെ വച്ചു പൊറുപ്പിക്കരുതെന്ന് രാജാവും രാജ്ഞിയും നിശ്ചയിച്ചു. അവർ ശിശുവിനെ എഡാ പർവ്വതത്തിൽ ഉപേക്ഷിച്ചു. മാതാവ് ഹെക്യൂബ അവന്റെ കഴുത്തിൽ ഒരു രക്ഷയെഴുതിക്കെട്ടിയിരുന്നു. കുട്ടിയെ വന്യമൃഗങ്ങൾ കൊന്നോളുമെന്നാണ് രാജാവ് കരുതിയത്. എന്നാൽ ഒരു ആട്ടിടയൻ ആ കുട്ടിയെ എടുത്തു വളർത്തി. പാരീസ് എന്ന് പേരിട്ടു. അവൻ രാജകുമാരനാണെന്ന് ആരും അറിഞ്ഞില്ല.
ഒളിമ്പസ് പർവ്വതത്തിൽ വച്ച് ഒരു വിവാഹാഘോഷം. സീയൂസ് ദേവനടക്കം എല്ലാ ദേവീ ദേവന്മാരും സമ്മേളിച്ചിട്ടുണ്ട്. ഹീര, അഥീനി, അഫ്രോഡിറ്റി എന്നീ ദേവിമാർ അവിടെയുണ്ട്. ആ വിവാഹത്തിന് ക്ഷണിക്കപ്പെടാതെ വന്ന യുവ ദേവതയായ ഈറീസ് വിവാഹച്ചടങ്ങ് കലക്കാൻ തന്നെ തീരുമാനിച്ചു. അവൾ ഒരു സുവർണ്ണ ആപ്പിൾ എടുത്ത് വിരുന്നു മേശയിലേക്കെറിഞ്ഞു. അതിൽ ഇങ്ങനെ എഴുതിയിരുന്നു. “സൗന്ദര്യം ഏറ്റവും കൂടുതലുള്ളവൾക്കുള്ള സമ്മാനം ” ആ ആപ്പിൾ ലഭിക്കാൻ മൂന്നു ദേവിമാരും കൊതിച്ചു. ഒടുവിൽ മധ്യസ്ഥനായി അനാഥനായ പാരീസ് എന്ന ഇടയ ബാലനെ നിയോഗിച്ചു. മൂന്നു ദേവിമാരും മോഹന സുന്ദര വാഗ്ദാനവുമായി പാരീസിനെ പ്രലോഭിപ്പിച്ചു. ഒടുവിൽ ആ സൂവർണ്ണ ആപ്പിൾ അഫ്രോഡിറ്റി ദേവിക്കു നല്കി. അങ്ങനെ സ്വർഗ്ഗത്തിലെ ഏറ്റവും വലിയ സുന്ദരി അഫ്രോഡിറ്റിയാണെന്നു തെളിഞ്ഞു.
ഹീരാ ദേവി പറഞ്ഞത് പാരീസ് ഒരു രാജകുമാരനാന്നെന്നാണ് അത് ഒടുവിൽ തെളിഞ്ഞു. അവന്റെ കഴുത്തിലെ രക്ഷ കണ്ട് ആ കുട്ടി തങ്ങളുടെ ഉപേക്ഷിക്കപ്പെട്ട മകനാണെന്ന് രാജാവും രാജ്ഞിയും തിരിച്ചറിഞ്ഞു. പാരീസിന്റെ ആഗമനത്തോടെ ട്രോയി നഗരം ഉയിർത്തെണീറ്റു. പാരീസ് ഒരു സഞ്ചാര പ്രിയനായിരുന്നു. ഐഡാ മലയിൽ നിന്ന് തടികൾ വെട്ടി കപ്പലുകളുണ്ടാക്കി കടലുതാണ്ടി യാത്രയായി. കുറേ നാളുകൾക്കു ശേഷം പാരിസ് സ്പാർട്ടയിലെത്തി. ഭുവന സുന്ദരിയായ ഹെലനെ ക്കുറിച്ചറിഞ്ഞ പാരീസ് അവളെ സ്വന്തമാക്കാൻ മോഹിച്ചു. ആയിടയ്ക്ക് മെനലാവൂസ് രാജാവിന് (ഹെലന്റെ ഭർത്താവ്) ക്രീറ്റിലേക്കു പോകേണ്ടി വന്നു. ഒരു ദീർഘയാത്ര. പാരീസ് മോഹന വാഗ്ദനങ്ങളുമായി ഹെലനെ സമീപിച്ചു.ആ യുവ കോമളന്റെ ഭംഗി വാക്കുകളിൽ അവൾ വീണു. നൗകയിൽ ഹെലനേയും കയറ്റി ട്രോയിയിലേക്കു യാത്രയായി. വിവരമറിഞ്ഞ മെനലാവൂസ് സ്പാർട്ടായിൽ പാഞ്ഞെത്തി. ഹെലനെ എങ്ങനെ വീണ്ടെടുക്കും. ട്രോയി വളരെ ദൂരെയാണ്. മറ്റു രാജകുമാരന്മാരെ സംഘടിപ്പിച്ച് ട്രോയിയിലേക്കു തിരിക്കാൻ ഏർപ്പാടു ചെയ്തു. പ്രസിദ്ധരായ യുദ്ധ വീരന്മരെല്ലാം അക്കിലീസടക്കം സജ്ജരായി. നുറുകണക്കിനു കപ്പലുകൾ. അതിലെല്ലാം ഭടന്മാർ. ട്രോയിയിലെ പല പ്രദേശങ്ങളും അവർ കീഴടക്കി. പലരുടേയും ശിരസ്സുകൾ അറ്റുവീണു. അവിടെ രക്തപ്പുഴയൊഴുകി. അക്കിലീസ് ഒരു കൊടുങ്കാറ്റു പോലെ ശത്രു നിരയ്ക്കു നേരെ പൊരുതിക്കയറി. വർഷങ്ങൾ നീണ്ടു നിന്ന യുദ്ധം. ദുരന്തം വരുത്തി വച്ച കാര്യമോർത്ത് ഹെലൻ തോരാതെ കണ്ണീർ വാർത്തു.
പാരിസിന്റെ നേരെ രൗദ്രസിംഹത്തെപ്പോലെ മെനലാവൂസ് പാഞ്ഞടുത്തു. പാരീസ് പേടിച്ചു വിറച്ച് ട്രോജൻ പടയുടെ നടുവിൽ ഒളിച്ചു. പേടിത്തൊണ്ടൻ എന്ന പരിഹാസം കേട്ട് പാരീസ് പറഞ്ഞു: ഞാൻ മെനലാവൂസുമായി ഒരു ദ്വന്ദ്വയുദ്ധത്തിന് തയ്യാർ. താൻ ജയിച്ചാൽ ഹെലനെ തനിക്കു തന്നെ തരണം. മെനലാവൂസ് ജയിച്ചാൽ ഹെലനെ അവർക്കു കൊണ്ടു പോകാം ദ്വന്ദ്വയുദ്ധം കൊടുമ്പിരിക്കൊണ്ടു. പാരീസ് കൊല്ലപ്പെടുമെന്നായപ്പോൾ അഫ്രാഡിറ്റി ദേവി അവിടെ പുകമറ സൃഷ്ടിച്ച് പാരീസിനെ രക്ഷപ്പെടുത്തി. രണ്ടു രാജ്യങ്ങൾ തമ്മിലുള്ള യുദ്ധം ഒടുവിൽ ദേവിമാരുടെ മത്സരത്തിനു വഴിമാറി. അഥീനി ദേവിയുടെ പ്രയോഗത്താൽ ഒരു ഭടൻ മെനലാവൂസിനു നേരേ ഒളിയമ്പെയ്തു . അത് മെനാലാവൂസിന്റെ സൈന്യത്തെ ചൊടിപ്പിച്ചു. അവർ തിരമാല പോലെ ശത്രുക്കളുടെ നേരേ ഇരച്ചു കയറി. ഇരു ഭാഗത്തും ശവക്കൂമ്പാരം. ഒരു വലിയ വിദഗ്ദ്ധനായ ശില്പി ഒരു വമ്പൻ മര കുതിരയെ ഉണ്ടാക്കി. അതിനെ കെട്ടി വലിച്ച്, മതിലുകൾ വെട്ടിപ്പൊളിച്ച് കൂറ്റൻ കോട്ടയ്ക്കുളളിലാക്കി.
ട്രോയ് നഗരം അന്ത്യയാമത്തിലേക്കു നീങ്ങി. ഗ്രീക്ക് പടയാളികൾ വീഞ്ഞു കുടിച്ച് മയക്കത്തിലാണ്. കുതിരയുടെ ഉദര ഭാഗത്തിലെ കവാടം തുറന്നു. പടയാളികൾ അതിൽ നിന്ന് പുറത്തിറങ്ങി. അവർ കൊട്ടാര ക്കെട്ടിടങ്ങൾക്കു തീവച്ചു. കണ്ണിൽ കണ്ട വരെയെല്ലാം വെട്ടി വീഴ്ത്തി. ട്രോജൻ ജനങ്ങളുടെ ദീനരോദനം മാത്രം. ട്രോയ് നഗരം ഒരു ചാമ്പൽ കുമ്പാരമായി. പുരുഷന്മാരുടെ ശവ ശരീരങ്ങൾ തീയിൽ വെന്തെരിഞ്ഞു. ഹെലനെ മെനലാവൂസ് സ്വീകരിച്ചു. ഗ്രീക്ക് കപ്പലിൽ കയറിയ ഏക സ്ത്രീ ഹെലനായിരുന്നു. ഒരു ദശവത്സര മഹായുദ്ധത്തിന്റെ സ്മരണകൾ ബാക്കിയായി. അവർ വിജയ ശ്രീലാളിതരായി ഹെലനെയും കൊണ്ട് ഗ്രീസിലേക്കു യാത്രയായി.
സുര സുന്ദരിയായ ഹെലനെ മോഷ്ടിച്ചാൽ ട്രോജൻ കുതിരയെ ഇറക്കാതെ എന്ത് ചെയ്യും എന്നാണ് ട്രോജന്മാർ ചോദിച്ചത്.
ഈ കഥയ്ക്ക് ഇലിയഡുമായും രാമായണവുമായും സാമ്യമുണ്ട്.
പ്രൊഫ.ജി.ബാലചന്ദ്രൻ