ഗുരുദേവ ജയന്തി കൂടുതൽ പ്രത്യാശ നൽകുന്നു. വിഭാഗീയതുടേയും വർഗീയതയുടെയും വർത്തമാനങ്ങളാൽ കലുഷിതമായിരുന്ന കേരളം ഓണക്കാലത്ത് അൽപ്പം മാറി ചിന്തിച്ചുവോ? . ഭ്രാന്താലയം എന്ന ആക്ഷേപത്തിൽ നിന്ന് സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത് എന്ന ഗുരുദേവ ദർശനത്തിലേക്ക് നാം നടന്നടുക്കയാണോ. ഇത്തവണത്തെ ഓണാഘോഷത്തിൻ്റെ മതനിരപേക്ഷ രസക്കൂട്ടുകൾ അതല്ലെ പറയുന്നത്. പള്ളികളിലും അരമനകളിലും നിറയുന്ന വൈവിധ്യങ്ങളുടെ പൂക്കളങ്ങൾ കാണുമ്പോൾ വലിയ സന്തോഷം തോന്നുന്നു. വൈദികരും കന്യാസ്ത്രീകളും തട്ടമിട്ട പെൺകുട്ടികളും ഒപ്പനയും തിരുവാതിരയുമായി ഓണാഘോഷങ്ങളിൽ സജീവമാകുന്നു. അമ്പലങ്ങൾ സന്ദർശിച്ച് സ്നേഹസദ്യയിൽ പങ്കു ചേരുന്ന മുസ്ലിം സഹോദരങ്ങളും സദ്യയൂട്ടിപ്പിക്കുന്ന ഹൈന്ദവ സഹോദരങ്ങളും കലുഷിത കാലത്തെ നല്ല വാർത്തയാണ്. ഓണം ഒരു പ്രത്യേക വിഭാഗത്തിൻ്റെതല്ല. എങ്കിലും എല്ലായിടങ്ങളും വിഘടനപരത കയ്യടക്കുമ്പോൾ ഓണത്തെ ചേർത്ത് പിടിച്ച സുമനസ്സുകൾക്ക് ഹൃദയത്തിൽ നിന്നൊരു നമോവാകം.
പ്രൊഫ ജി ബാലചന്ദ്രൻ .