ദൈവം ആദത്തേയും ഹവ്വായേയും സൃഷ്ടിച്ചപ്പോൾ അതിന്റെ കൂടെ ചെകുത്താനും നൂഴ്ന്നിറങ്ങി. ലോകാരംഭം മുതലേ നന്മയും തിന്മയും സത്യവും അസത്യവും നിലവിലുണ്ട്..
കൈയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്നതാണ് എന്നത്തെയും അവസ്ഥ.
രാജ ഭരണ കാലത്ത് രാജാക്കന്മാർ ജനങ്ങളുടെ ശിരസ്സിൽ ചവുട്ടിനിന്നുക്കൊണ്ടാണ് തേർവാഴ്ച നടത്തിയത്. കാല പ്രവാഹത്തിൽ ചരിത്രത്തിന്റെ എത്രയോ ഉയർച്ച , താഴ്ചകൾക്ക് ജനങ്ങൾ സാക്ഷ്യം വഹിച്ചു. ഭാരതത്തിൽ കച്ചവടത്തിനു വന്ന വിദേശികൾ ഒടുവിൽ ഭരണാധിപന്മാരായി. അവർ പാവപ്പെട്ട ജനങ്ങളുടെ കഴുത്തിൽ നുകം വച്ചുകെട്ടി ഉഴവുകാളകളാക്കി. മാഹത്മാക്കളെ എല്ലാം ചില്ലു കൂട്ടിലടച്ചു.
സ്വാതന്ത്ര്യലബ്ധിയ്ക്ക് ശേഷം തങ്ങൾ സർവ്വതന്ത്ര സ്വതന്ത്രരായെന്ന് പാവം ജനങ്ങൾ ധരിച്ചു. അധികാരം കൈയ്യാളിയവർക്കിടയിലേക്ക് ചെകുത്താന്മാർ നുഴഞ്ഞു കയറി. അവർ ചൂഷണത്തിന്റെ അപ്പോസ്തലന്മാരായി. ദേവന്മാരെയും ദേവാലയങ്ങളെയും അവർ കക്ഷത്തിലൊതുക്കി. അവയെ കച്ചവട കേന്ദ്രങ്ങളാക്കി. വിശ്വാസത്തേയും അന്ധവിശ്വാസത്തേയും കച്ചവടച്ചരക്കുകളാക്കി. ഭരണഘടനാ ശില്പിയായ അംബദ്ക്കർ പോലും സവർണ്ണ മേധാവിത്വത്തിന്റെ വെട്ടി നിരത്തലിനു ഇരയായി. രാഷ്ട്രീയം ജാതി മതങ്ങളുടെ കൂടാരമായി അധ:പതിച്ചു. സമ്പന്നൻ കൂടുതൽ സമ്പന്നനായി. രാഷ്ട്രീയം തൊഴിലാക്കിയവർ ഖജനാവ് കൊള്ളയടിക്കുന്നതിലാണ് എന്നും ആനന്ദം കണ്ടെത്തുന്നത്.
ജനങ്ങൾ കഴുതകളാണല്ലോ കണ്ടാലും കൊണ്ടാലും പഠിക്കാത്തവർ!. പാർട്ടികൾ പിളരുകയും വളരുകയും ചെയ്തു. ശാസ്ത്രത്തിന്റേയും വികസനത്തിന്റേയും വളർച്ചയും പുരോഗതിയും മിന്നൽ വേഗത്തിലാണ്. ആദിവാസികളും പിന്നോക്ക ജാതിക്കാരും ഇന്ന് ഗതികിട്ടാ പ്രേതങ്ങളുടെ അവസ്ഥയിലാണ്.
ഇതൊക്കെക്കണ്ടു സഹികെട്ട പ്രകൃതി കലി തുള്ളി മഹാമാരിയും പ്രളയവും ഭൂകമ്പവും ഉണ്ടാക്കുന്നു. അതിനിടയിലും കൃത്രിമ ബുദ്ധികൾ പണം സമ്പാദിക്കാൻ വഴി തേടുന്നു.
പ്രാദേശിക പാർട്ടികളുടെ മുഷ്ടിപ്പിടിയിലാണ് സംസ്ഥാനങ്ങൾ. പ്രധാനമന്ത്രി നരേന്ദ്രമോദി കണ്ണഞ്ചിപ്പിക്കുന്ന വാഗ്ദാനങ്ങളുമായി രഥ യാത്ര നടത്തുന്നു. വിഭിന്ന സ്വരമുള്ള പ്രതിപക്ഷപാർട്ടികളാകട്ടെ മോദിയെ താഴെയിറക്കാനും അധികാരത്തിലേറാനും ശ്രമിക്കുന്നു.
ജനങ്ങളുടെ നേർക്ക് വൈര നിര്യാതന ബുദ്ധിയോടെ പ്രവർത്തിക്കാൻ പിണറായി സർക്കാർ മുൻപന്തിയിൽ തന്നെ ഉണ്ട്. എല്ലാം പറയാൻ ഒരു രാത്രിയോ പകലോ മതിയാകില്ല. എല്ലാത്തിനും ഇരകളായി പാവം ജനം!!!
പ്രൊഫ.ജി.ബാലചന്ദ്രൻ